ചൈനീസ് വിപണിയിൽ റെഡ്‍മി കെ90 മാക്‌സ് എന്ന പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. മീഡിയാടെക് ഡൈമൻസിറ്റി 9500 ചിപ്‌സെറ്റ്, 8,550 എംഎഎച്ച് ബാറ്ററി, 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ആകർഷണങ്ങൾ. ഗെയിമിംഗ് പ്രേമികളെ ലക്ഷ്യമിട്ട് പ്രത്യേക കൂളിംഗ് സിസ്റ്റവും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെയ്‌ജിംഗ്: ചൈനീസ് സ്‍മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധേയമായ അവതരണവുമായി റെഡ്‍മി. കമ്പനിയുടെ കെ സീരീസിൽ പുതിയ മോഡലായ റെഡ്‍മി കെ90 മാക്‌സ് ഔദ്യോഗികമായി പുറത്തിറങ്ങി. റെഡ്‍മി കെ90, റെഡ്‍മി കെ90 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് പിന്നാലെയാണ് ഈ പുതിയ ഫോണിന്‍റെ വരവ്. ഉയർന്ന പ്രകടന ശേഷിയും ശക്തമായ ബാറ്ററിയും ഗെയിമിംഗ് സൗഹൃദ ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഈ സ്‍മാർട്ട്ഫോൺ ടെക് ലോകത്ത് ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

റെഡ്‍മി കെ90 മാക്‌സ് സവിശേഷതകള്‍

റെഡ്‍മി കെ90 മാക്‌സ് 6.83 ഇഞ്ച് വലിപ്പമുള്ള 1.5K റെസലൂഷൻ ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്. 165 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 480 ഹെര്‍ട്‌സ് ടച്ച് സാമ്പ്ലിംഗ് റേറ്റ്, കൂടാതെ 3500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. HDR10+യും ഡോൾബി വിഷൻ പിന്തുണയും ലഭ്യമാകുന്നതിനാൽ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നു.

പ്രകടനത്തിനായി മീഡിയാടെക് ഡൈമൻസിറ്റി 9500 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. പരമാവധി 16 ജിബി LPDDR5x റാമും 1 ടിബി വരെ യുഎഫ്‌എസ് 4 സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. ഗെയിമിംഗിനായി പ്രത്യേക ഡി2 ഡിസ്‌പ്ലേ ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 6000 സ്ക്വയർ മില്ലീമീറ്റർ കൂളിംഗ് സിസ്റ്റവും ആക്റ്റീവ് കൂളിംഗ് ഫാനും ഫോണിന്‍റെ താപനില വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.

ക്യാമറ വിഭാഗത്തിൽ 50-മെഗാപിക്‌സൽ പ്രധാന ക്യാമറയും 8-മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണവും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ബോസ് സഹകരണത്തോടെ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്‍പീക്കറുകൾ മികച്ച ഓഡിയോ അനുഭവം നൽകുന്നു.

റെഡ്‍മി കെ90 മാക്‌സ്: വില വിവരങ്ങള്‍

8,550 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 22.5 വാട്‌സ് റിവേഴ്സ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. കൂടാതെ ഐപി66, ഐപി68, ഐപി69 സർട്ടിഫിക്കേഷനുകൾ വഴി വെള്ളത്തിലും പൊടിയിലും നിന്ന് സംരക്ഷണവും ഉറപ്പാക്കുന്നു.

റെഡ്‍മി കെ90 മാക്‌സ് സ്‍മാർട്ട്‌ഫോണിന്‍റെ വില പരിശോധിച്ചാൽ 12 ജിബി റാം + 256 ജിബി മോഡൽ ഏകദേശം 41,000 മുതൽ ആരംഭിക്കുന്നു. കൂടുതൽ സ്റ്റോറേജും റാമും ഉള്ള മോഡലുകൾക്ക് 64,000 രൂപ വരെ വിലയുണ്ട്. സ്‍പേസ് സിൽവർ, ഷാഡോ ബ്ലാക്ക്, സ്‍കൈ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News