സാംസങ് ഗാലക്‌സി എ07 5ജി മൊബൈല്‍ ഫോണിന്‍റെ വിലയും പൂർണ്ണമായ ഫീച്ചർ വിവരങ്ങളും അറിയാം. 50-മെഗാപിക്‌സൽ പ്രൈമറി സെൻസര്‍ സഹിതമാണ് ഗാലക്‌സി എ07 5ജിയുടെ വരവ്. 

ബാങ്കോക്ക്: ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് അവരുടെ എ-സീരീസ് നിരയിലേക്ക് പുതിയൊരു 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി ചേർത്തു. സാംസങ് ഗാലക്‌സി എ07 5ജി (Samsung Galaxy A07) എന്നാണ് തായ്‌ലൻഡിൽ ലോഞ്ച് ചെയ്‌തിരിക്കുന്ന ഈ പുത്തന്‍ മൊബൈല്‍ ഫോണിന്‍റെ പേര്. വിലയും പൂർണ്ണമായ ഫീച്ചർ വിവരങ്ങളും സഹിതം ഫോൺ സാംസങ്ങിന്‍റെ പ്രാദേശിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച ഗാലക്‌സി എ07 4ജിയുടെ പിൻഗാമിയായാണ് ഈ ഫോൺ എത്തുന്നത്. ഗാലക്‌സി എ07-ന്‍റെ 4ജി വേരിയന്‍റ് 2025 ഒക്‌ടോബറില്‍ ഗാലക്‌സി എഫ്07 4ജി, ഗാലക്‌സി എം07 4ജി എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

സാംസങ് ഗാലക്‌സി എ07 5ജി വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എ07 5ജി നിലവിൽ തായ്‌ലൻഡിൽ രണ്ട് കോൺഫിഗറേഷനുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് THB 5,499 (ഏകദേശം 15,800 രൂപ) ആണ് വില, അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് THB 5,999 (ഏകദേശം 17,200 രൂപ) ആണ് വില. കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഫോൺ കറുപ്പ്, ഇളം വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ07 5ജി ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും

സാംസങ് ഗാലക്‌സി എ07 5ജിയിൽ 6.7 ഇഞ്ച് എച്ച്‌ഡി+ (720×1,600 പിക്‌സൽ) പിഎൽഎസ് എൽസിഡി സ്‌ക്രീൻ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു. സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച് സ്‌ക്രീനിൽ ഉപയോഗിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC 6 എന്‍എം ഒക്‌ടാ-കോർ ചിപ്‌സെറ്റാണ് ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, ഒരു പ്രത്യേക സ്ലോട്ടുള്ള മൈക്രോ എസ്‌ഡി കാർഡ് വഴി സ്റ്റോറേജ് 2 ടിബി വരെ വികസിപ്പിക്കാൻ കഴിയും, കൂടാതെ ഫോൺ ഇരട്ട നാനോ-സിം കാർഡുകളെ പിന്തുണയ്ക്കുന്നു.

ഗാലക്‌സി എ07 5ജിയിൽ ആൻഡ്രോയ്‌ഡ് 16, സാംസങ്ങിന്‍റെ വൺ യുഐ 8.0 എന്നിവ ഉൾപ്പെടുന്നു. ആറ് പ്രധാന ആൻഡ്രോയ്‌ഡ് പതിപ്പ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഹാൻഡ്‌സെറ്റിന് ലഭിക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു. ഈ ഫോണിൽ f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും 2-മെഗാപിക്‌സൽ ഡെപ്‍ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, 8-മെഗാപിക്‌സൽ സെൽഫി ഷൂട്ടറും ലഭിക്കുന്നു

യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 25 വാട്‌സ് വരെ വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ07 5ജി-യിൽ ഉള്ളത്. 5ജി സബ്-6, 4ജി എൽടിഇ, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.3, ജിപിഎസ് എന്നിവയാണ് മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്ക് ഫോണിന് ഐപി54 റേറ്റിംഗും ഈ സ്‍മാർട്ട്ഫോണിന് ലഭിക്കുന്നു. ഗാലക്‌സി എ07 5ജി-യിൽ വലതുവശത്ത് സാംസങ്ങിന്‍റെ കീ ഐലൻഡ് ഡിസൈൻ ഉണ്ട്. അവിടെ പവർ, വോളിയം ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്നു. പവർ ബട്ടൺ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറായും പ്രവർത്തിക്കുന്നു. ഈ സ്‍മാർട്ട്‌ഫോണിന് 167.4×77.4×8.2 മില്ലീമീറ്റര്‍ വലിപ്പവും 199 ഗ്രാം ഭാരവും ഉണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്