സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് സ്‌മാര്‍ട്ട്‌ഫോള്‍ഡ് ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയേക്കും എന്ന് സൂചന. ആപ്പിള്‍ ഇതുവരെ ഒരു ഫോള്‍ഡബിള്‍ ഇറക്കാത്ത കാലത്ത് സാംസങ് ട്രിപ്പിള്‍ ഫോള്‍ഡബിള്‍ അവതരിപ്പിക്കുന്നു. 

സോള്‍: അടുത്ത മാസം (2025 ഡിസംബര്‍) ആദ്യം സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് (Samsung Galaxy Z Tri-Fold) സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ബ്രാന്‍ഡിന്‍റെ ചരിത്രത്തിലെ കന്നി ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണിന്‍റെ ലോഞ്ച് ഇവന്‍റിനുള്ള തയ്യാറെടുപ്പുകള്‍ സാംസങ് ആരംഭിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് ഗാഡ്‌ജറ്റ് 360 റിപ്പോർട്ട് ചെയ്‌തു. അതേസമയം, ഗാലക്‌സി ട്രൈ-ഫോള്‍ഡിന്‍റെ ലോഞ്ച് തീയതിയോ വിലയോ ഹാൻഡ്‌സെറ്റിന്‍റെ സവിശേഷതകളോ സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി സ്സെഡ് ഫോൾഡ് 7-നേക്കാൾ വലിയ ബാറ്ററിയാണ് ട്രിപ്പിള്‍ ഫോള്‍ഡബിളിനുള്ളതെതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

സാംസങ് ഗാലക്‌സി സ്സെഡ് ട്രൈഫോൾഡ് ഡിസ്‌പ്ലെ, ബാറ്ററി, മറ്റ് ഫീച്ചറുകള്‍

സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡിന് 6.5 ഇഞ്ച് പുറംഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഗാലക്‌സി സ്സെഡ് ഫോൾഡ് 7-ൽ കാണപ്പെടുന്നതിന് സമാനമായിരിക്കുമെന്ന് പറയപ്പെടുന്നു. പൂര്‍ണമായും തുറക്കുമ്പോള്‍ 10 ഇഞ്ച് ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേയാണ് ഗാലക്‌സി ട്രിപ്പിള്‍ ഫോള്‍ഡബിളിലുണ്ടാവുക. ഇത് ഗാലക്‌സി സ്സെഡ് ഫോൾഡ് 7-ന്‍റെ 8 ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഇൻഫിനിറ്റി ഫ്ലെക്‌സ് ഡിസ്‌പ്ലേയേക്കാൾ വലുതായിരിക്കും. തുറന്നിരിക്കുമ്പോള്‍ ഒരു ടാബ്‌ലെറ്റായി തോന്നിക്കും ഈ ട്രൈഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍. ഉള്ളിലെ ഡിസ്‌പ്ലെയ്‌ക്ക് 120ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 368പിപിഐ പിക്‌സൽ ഡെൻസിറ്റി, 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ പ്രതീക്ഷിക്കാം.

സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് പൂർണ്ണമായും തുറക്കുമ്പോൾ ഏകദേശം 4.2 മില്ലീമീറ്ററും മടക്കുമ്പോൾ ഏകദേശം 14 മില്ലീമീറ്ററും കട്ടിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. 5,600 എംഎഎച്ച് കരുത്തുറ്റ ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഗാലക്‌സി സ്സെഡ് ഫോൾഡ് 7-ലെ 4,400 എംഎഎച്ച് ബാറ്ററിയേക്കാൾ വളരെ വലുതാണ്. ഗാലക്‌സി സ്സെഡ് ഫോൾഡ് 7 25 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവയും പിന്തുണയ്ക്കുന്നു.

ഗാലക്‌സി ട്രൈഫോൾഡിന് ഇന്ത്യയില്‍ എത്ര രൂപയാകും?

കമ്പനി ഇതുവരെ വില വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാംസങ് ഗാലക്‌സി സ്സെ‍ഡ് ട്രൈ-ഫോൾഡിന്‍റെ വില ഏകദേശം 2,66,000 രൂപ ആയിരിക്കും എന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന. തുടക്കത്തിൽ 20,000 മുതൽ 30,000 യൂണിറ്റുകൾ വരെ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍ക്കാനാണ് സാംസങ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡിന്‍റെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അതിന്‍റെ സാങ്കേതിക വൈദഗ്ധ്യവും പ്രീമിയം സ്ഥാനവും എതിരാളികള്‍ക്ക് മുന്നില്‍ എടുത്തുകാണിക്കാനാണ് സാംസങ്ങിന്‍റെ ശ്രമം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്