ഫ്ലാഗ്‌ഷിപ്പ് നിലവാരത്തിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് ഗാലക്സി എസ്25 എഫ്‌ഇ എന്നാണ് സാംസങ് മൊബൈല്‍സിന്‍റെ അവകാശവാദം
തിരുവനന്തപുരം: കരുത്തുറ്റ ഗാലക്‌സി എഐ ഫീച്ചറുകളോടെ സാംസങ് അവരുടെ ഗാലക്സി എസ്25 എഫ്ഇ (Galaxy S25 FE) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യ അടക്കമുള്ള വിപണിയില്‍ പുറത്തിറക്കി. ഗാലക്സി എഐ ഫീച്ചറുകളും മികച്ച ക്യാമറ അനുഭവവുമായി ഫ്ലാഗ്‌ഷിപ്പ് നിലവാരത്തിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് ഗാലക്സി എസ്25 എഫ്‌ഇ എന്നാണ് സാംസങ് മൊബൈല്‍സിന്‍റെ അവകാശവാദം. പ്രീമിയം എഐ ഫീച്ചറുകള്‍ക്ക് പുറമെ, കുറഞ്ഞ നോയിസ് മോഡിലുള്ള 12 എംപി സെല്‍ഫി ക്യാമറ, 4900 എംഎഎച്ച് ബാറ്ററി, വലിയ വേപ്പര്‍ ചേംബര്‍ എന്നിവയാണ് ഗാലക്സി എസ്25 എഫ്‌ഇയുടെ പ്രധാന സവിശേഷതകള്‍.
ഗാലക്‌സി എസ്25 എഫ്‌ഇ സ്പെസിഫിക്കേഷനുകള്‍
ദക്ഷിണ കൊറിയന്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങിന്‍റെ ഗാലക്സി എസ്25 ലൈനപ്പിലെ പുതിയ അംഗമാണ് ഗാലക്സി എസ്25 ഫാന്‍ എഡിഷന്‍ സ്‌മാര്‍ട്ട്‌ഫോണ്‍. എക്‌സിനോസ് 2400 പ്രോസസ്സറിലാണ് ഗാലക്‌സി എസ്25 എഫ്ഇ ഒരുക്കിയിരിക്കുന്നത്. 8 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ് ഈ ഫോണ്‍ വാഗ്‌ദാനം ചെയ്യുന്നു. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങിന്‍റെ ഏറ്റവും പുതിയ വണ്‍ യുഐ 8 ഒഎസില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്നത് 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലെയാണ്. 1900 നിറ്റ്‌സാണ് പീക്ക് ബ്രൈറ്റ്‌നസ്. 120 ഹെര്‍ട്‌സാണ് ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ്. കോര്‍ണിംഗ് ഗോറില്ല വിക്‌ടസ്+ സംരക്ഷണം ഈ ഡിസ്‌പ്ലെയ്‌ക്കുണ്ട്. 45 വാട്‌സ് വയര്‍ഡ്, 15 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള 4900 എംഎഎച്ച് ബാറ്ററി ഗാലക്സി എസ്25 എഫ്‌ഇ സ്‌മാര്‍ട്ട്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം
50 എംപി പ്രധാന ക്യാമറയോടൊപ്പം റിയര്‍ ഭാഗത്ത് 12 എംപി അള്‍ട്രാവൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ (3x ഒപ്റ്റിക്കല്‍ സൂം) എന്നിവ സാംസങ് നല്‍കിയിട്ടുണ്ട്. 12 മെഗാപിക്‌സലിന്‍റേതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ. നേവി, വൈറ്റ്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍, മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് (128/256/512GB) സാംസങ് ഗാലക്‌സി എസ്25 എഫ്ഇ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഗാലക്സി എസ്25 എഫ്‌ഇയ്‌ക്ക് സാംസങ് ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നല്‍കുന്നു. ഗാലക്സി എസ്25 എഫ്‌ഇ ഫോണിന്‍റെ ഇന്ത്യയിലെ വിലയും ലഭ്യതയും സാംസങ് ഉടന്‍ അറിയിക്കും.


