സാംസങ് ഗാലക്സിയുടെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വരുന്നു, ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് തീയതി പ്രഖ്യാപിച്ചു

ദില്ലി: സാംസങ് വരാനിരിക്കുന്ന ഗാലക്സി സ്സെഡ് ഫോള്‍ഡ്, ഗാലക്സി സ്സെഡ് ഫ്ലിപ് സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രീ-റിസര്‍വ് ഇന്ത്യയില്‍ ആരംഭിച്ചു. പുതിയ ഗാലക്സി വാച്ച് മോഡലുകളും ഇന്ത്യയിലേക്ക് വരുന്നുണ്ട്. ജൂലൈ 9ന് നടക്കാനിരിക്കുന്ന ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റിന് മുന്നോടിയായാണ് സാംസങ് പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രീ-ബുക്കിംഗ് തുടങ്ങിയത്. 1,999 രൂപ ടോക്കണ്‍ തുക നല്‍കി ഗാഡ്‌ജറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ഇങ്ങനെ പ്രീ-റിസര്‍വ് ചെയ്യുന്നവര്‍ക്ക് സാംസങ് 5,999 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്നു.

ജൂലൈ 9നാണ് സാംസങിന്‍റെ അടുത്ത ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ്. ഗാലക്സി സ്സെഡ് ഫോള്‍ഡ് 7 (Galaxy Z Fold 7), ഗാലക്സി സ്സെഡ് ഫ്ലിപ് 7 (Galaxy Z Flip 7), ഗാലക്സി വാച്ച് 8 സീരീസ് (Galaxy Watch 8 Series) എന്നിവയ്ക്കൊപ്പം ഗാലക്സി വാച്ച് അള്‍ട്ര രണ്ടാം തലമുറയും (Galaxy Watch Ultra- 2nd Gen) പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രണ്ട് പ്രത്യേക എഡിഷന്‍ സ്‌മാര്‍ട്ട്‌ഫോണുകളും അന്നേദിനം ലോഞ്ച് ചെയ്തേക്കാം. ജൂലൈ 9ന് ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് നടക്കുക. ലോഞ്ച് ഇവന്‍റ് സാംസങ് വെബ്‌സൈറ്റ്, സാംസങ് ന്യൂസ്‌റൂം, സാംസങ് യൂട്യൂബ് ചാനല്‍ എന്നിവ വഴി തത്സമയം സ്ട്രീം ചെയ്യും.

1,999 രൂപ അടച്ചാണ് ഗാഡ്‌ജറ്റുകള്‍ പ്രീ-റിസര്‍വ് ചെയ്യേണ്ടത്. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലും, സാംസങ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും, തെരഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീടെയ്‌ല്‍ ഔട്ട്‌ലറ്റുകളിലും പ്രീ-റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രീ-റിസര്‍വ് ചെയ്യുന്നവര്‍ക്ക് 5,999 രൂപ വരെ മൂല്യമുള്ള ഇ-വൗച്ചര്‍ ആനുകൂല്യങ്ങള്‍ സാംസങ് നല്‍കുമെന്നാണ് പ്രഖ്യാപനം. സാംസങ് നല്‍കുന്ന ഇ-വൗച്ചര്‍ ഔദ്യോഗിക വെബ്‌സൈറ്റും സാംസങ് ഷോപ്പ് ആപ്പും വഴി റിഡീം ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഉപകരണങ്ങള്‍ വേഗത്തില്‍ ലഭിക്കുകയും പ്രത്യേക നിറങ്ങള്‍ തെരഞ്ഞെടുക്കാനും കഴിയും. 10,000 രൂപയുടെ വൗച്ചറോ 50,000 രൂപയുടെ ഗിവ്‌എവേയോ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജൂലൈ 9 വരെ പ്രീ-റിസര്‍വ് സൗകര്യമുണ്ടായിരിക്കും.

Asianet News Live | Iran Israel Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News