മൂന്നാം സ്ഥാനത്ത് ഷാവോമിയും നാലാമത് വിവോയും അഞ്ചാമത് ഓപ്പോയും നില്‍ക്കുന്നു

മുംബൈ: സ്മാർട്ട്ഫോൺ വിപണിയിൽ വൻ നേട്ടമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ ഏറ്റവും കൂടിയ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കൗണ്ടർ പോയിന്‍റ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുണ്ടായ രണ്ടക്ക വളർച്ച ആഗോള വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 

ഒന്നാം പാദത്തിൽ പട്ടികയിൽ മുന്നിലുണ്ടായിരുന്ന അതെ ബ്രാൻഡുകൾ തന്നെയാണ് ഇത്തവണയും മുന്നിലുള്ളത്. സാംസങ്ങാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. 20 ശതമാനമാണ് സാംസങ്ങിന്‍റെ വിപണിവിഹിതം. ആപ്പിളാണ് 16 ശതമാനവുമായി രണ്ടാമതുള്ളത്. മൂന്നാം സ്ഥാനത്ത് ഷാവോമിയും നാലാമത് വിവോയും അഞ്ചാമത് ഓപ്പോയും നില്‍ക്കുന്നു. സാംസങ്ങിന് ഒന്നാം പാദത്തേക്കാൾ അഞ്ച് ശതമാനത്തിന്‍റെ വർധനവുണ്ടായിട്ടുണ്ട് എങ്കിൽ ആപ്പിളിന്‍റെ വിപണിവിഹിതത്തിൽ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായി. അതേസമയം രണ്ട് കമ്പനികളും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. 

ഷാവോമിയുടെ വിപണിവിഹിതത്തിൽ 22 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. വിവോ ഒമ്പത് ശതമാനവും നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെ ആകെ 2024ൽ നാല് ശതമാനത്തിന്‍റെ വർധനവാണ് സ്മാർട്ട്ഫോൺ വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണർ, മോട്ടോറോള, ട്രാൻഷൻ ഗ്രൂപ്പ് ബ്രാന്‍റുകൾ എന്നിവയെല്ലാം സ്മാർട്ട്ഫോൺ വിപണിയിൽ വൻ നഷ്ടം രേഖപ്പെടുത്തിയ ബ്രാൻഡുകളിൽപ്പെടുന്നവയാണ്. ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണ് 2023ൽ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. വരുന്ന മാസങ്ങളിലും നിലവിലെ വളർച്ച നിലനിൽക്കുമെന്നും സൂചനകളുണ്ട്.

Read more: എക്‌സില്‍ പലരുടെയും ഹൃദയം തകരും; ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിക്കാന്‍ മസ്‌ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം