വാവെയ്‌യുടെ മേറ്റ് എക്‌സ്‌ടിക്ക് മറുപടി നല്‍കാന്‍ സാംസങ്, ഗ്യാലക്സിയുടെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ 2026 ജനുവരിയില്‍ പുറത്തിറങ്ങും എന്ന് റിപ്പോര്‍ട്ട് 

സോള്‍: വളരെ സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല വിപണിയില്‍ തരംഗമാകുന്നത്. ട്രിപ്പിള്‍-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മത്സരവും ആകാംക്ഷ സൃഷ്ടിക്കുകയാണ്. മേറ്റ് എക്‌സ്ടിയിലൂടെ വാവെയ് തുടക്കമിട്ട ട്രൈ-ഫോള്‍ഡിന് കനത്ത മത്സരം നല്‍കാന്‍ മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാവുന്ന ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ സാംസങിന്‍റെ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് പുതിയ വിവരം. 

വാവെയുടെ മേറ്റ് എക്‌സ്‌ടിയാണ് ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍. ഇതിന് 2,35,990 രൂപയാണ് വില. വാവെയ്ക്ക് മറുപടി നല്‍കാന്‍ 'ഗ്യാലക്സി ജി ഫോള്‍ഡ്' എന്ന ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് സാംസങ് എന്ന് ഡിസ്പ്ലെ അനലിസ്റ്റായ റോസ് യങ് അവകാശപ്പെടുന്നു. 2026 ജനുവരിയിലെ ലോഞ്ച് ഇവന്‍റിലാവും ഈ ഫോണ്‍ സാംസങ് പുറത്തിറക്കുക. സാംസങിന്‍റെ ഗ്യാലക്സി എസ്26 സിരീസിനൊപ്പമാകും ഗ്യാലക്സി ജി ഫോള്‍ഡും വിപണിയിലേക്ക് വരികയെന്ന് റോസ് യങ് വ്യക്തമാക്കി. ഇക്കാര്യം സാംസങ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗ്യാലക്സി ജി ഫോള്‍ഡ് അടുത്ത വര്‍ഷം ആദ്യം വന്നേക്കും. 

Read more: 'വ്യൂ വൺസ്' ഫീച്ചറിന് വലിയ അപ്‌ഡേറ്റ് നൽകി വാട്‌സ്ആപ്പ്; സംഭവം തകര്‍ക്കും

2025 ജനുവരിയിലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ സാംസങ് ട്രൈ-ഫോള്‍ഡ് ഫോണ്‍ ടീസ് ചെയ്തിരുന്നു. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സാംസങ് പുറത്തുവിടുന്നതെയുള്ളൂ. വാവെയ് മേറ്റ് എക്‌സ്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ ഫോള്‍ഡന്‍ ടെക്നോളജിയും സ്റ്റൈലുമാണ് സാംസങിന്‍റെ ട്രൈ-ഫോള്‍ഡിന് പ്രതീക്ഷിക്കുന്നത്. വാവെയ് മേറ്റ് എക്‌സ്ടി നിലവില്‍ ചൈനയില്‍ മാത്രമേ ലഭ്യമുള്ളൂ. ആഗോള മാര്‍ക്കറ്റിലേക്ക് ഈ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ സാംസങ് അവതരിപ്പിച്ചിട്ടില്ല. 2026ല്‍ ആപ്പിള്‍ കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറങ്ങുമോ എന്ന ആകാംക്ഷയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലുണ്ട്.

Read more: വിവോ എക്സ്200 പ്രോ മിനി ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കും! മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം