സാംസങ് 'ഗ്യാലക്സി എസ്25 എഡ്‌ജ്' ഫോണിന്‍റെ ടീസര്‍ കാലിഫോര്‍ണിയിലെ അണ്‍പാക്ഡ് ഇവന്‍റില്‍ അവതരിപ്പിച്ചു
സാന്‍ ജോസ്: സാംസങ് ഗ്യാലക്സി എസ്25 സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമ്പോള്‍ ഏറ്റവും ആകാംക്ഷ സൃഷ്ടിച്ചത് സ്ലിം മോഡലായിരുന്നു. ഗ്യാലക്സി സിരീസിലെ പതിവുപോലെ ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് ഫോണുകള്‍ക്ക് പുറമെ ഒരു അള്‍ട്രാ-തിന്‍ മോഡല്‍ കൂടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 'ഗ്യാലക്സി എസ്25 സ്ലിം' എന്നായിരിക്കും ഈ ഫോണിന്‍റെ പേര് എന്നായിരുന്നു മുമ്പത്തെ അഭ്യൂഹങ്ങള്‍. എന്നാല്‍ 'ഗ്യാലക്സി എസ്25 എഡ്ജ്' എന്ന പേരിലുള്ള ഫോണ്‍ മോഡലാണ് സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റില്‍ അവതരിപ്പിച്ചത്.
സാംസങ് അവരുടെഗ്യാലക്സി എസ്25 എഡ്‌ജ് ഫോണിന്‍റെ ടീസര്‍ കാലിഫോര്‍ണിയിലെ അണ്‍പാക്ഡ് ഇവന്‍റില്‍ അവതരിപ്പിച്ചു എന്നാണ് ദി വെര്‍ജിന്‍റെ റിപ്പോര്‍ട്ട്. അണ്‍പാക്ഡ് ഇവന്‍റില്‍ സാംസങ് അവതരിപ്പിച്ച ഫോണിന്‍റെ ചിത്രം വെര്‍ജ് പുറത്തുവിട്ടു. മുമ്പ് പറഞ്ഞുകേട്ടിരുന്ന അള്‍ട്ര-സ്ലിം മോഡലാണ് ഈ എഡ്ജ് ഫോണ്‍ എന്നാണ് വ്യക്തമാവുന്നത്. 6.4 മില്ലീമീറ്ററായിരിക്കും എസ്25 എഡ്‌ജ് ഫോണിന്‍റെ കട്ടി എന്നാണ് സൂചന. ക്യാമറ ബംബ് കൂടി ചേരുമ്പോള്‍ 8.3 എംഎം കട്ടി ഫോണിനുണ്ടാകും. എന്നാല്‍ സാംസങ് അള്‍ട്രാ-തിന്‍ സ്മാര്‍ട്ട്ഫോണായ എസ്25 എഡ്‌ജ് ഗ്യാലക്സി എസ്25 സിരീസിനൊപ്പം വിപണിയില്‍ എത്തിച്ചിട്ടില്ല. മെയ് മാസമാകും ഗ്യാലക്സി എസ്25 എഡ്‌ജ് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഗ്യാലക്സി എസ്25 എഡ്‌ജിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാംസങ് തയ്യാറായില്ല.
Read more: കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 സിരീസ് എത്തി! ഫീച്ചറുകളും ഇന്ത്യയിലെ വിലകളും വിശദമായി
കാലിഫോര്‍ണിയ വേദിയായ അണ്‍പാക്ഡ് 2025 ഇവന്‍റില്‍ ഗ്യാലക്സി എസ്25 സിരീസില്‍ മൂന്ന് ഫോണുകളാണ് സാംസങ് അവതരിപ്പിച്ചത്. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നിവയായിരുന്നു ഇത്. ഈ ഫോണുകളുടെ ഇന്ത്യയിലെ പ്രീ-ഓര്‍ഡര്‍ നേരത്തെ ആരംഭിച്ചിരുന്നു. ഫോണുകളുടെ ഇന്ത്യയിലെ വിലയും വില്‍പന പ്ലാറ്റ്‌ഫോമുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
