ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലും സാന്നിധ്യമറിയിക്കാന്‍ സാംസങ്, പക്ഷേ ആരാധകര്‍ കാത്തിരിക്കണം 

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വാവെയ്‌ക്ക് മാത്രമാണ് നിലവില്‍ ട്രൈ-ഫോള്‍‍ഡ് സ്മാര്‍ട്ട്‌ഫോണുള്ളത്. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ സാംസങിന്‍റെ ട്രിപ്പിള്‍-ഫോള്‍ഡബിളിനായി 2026 വരെ കാത്തിരിക്കണം എന്നാണ് പുതിയ റിപ്പോര്‍ട്ട്. മൂന്ന് സ്ക്രീനുകള്‍ വരുന്ന സാംസങ് ഫോണിനെ കുറിച്ച് അനലിസ്റ്റായ റോസ് യങാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 

ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് അതികായന്‍മാരാണ് നിലവില്‍ സാംസങ്. എന്നാല്‍ ലോകത്തെ ആദ്യത്തെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളുമായി ഞെട്ടിച്ചത് വാവെയും. വാവെയുടെ ട്രൈ-ഫോള്‍ഡായ മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റിന് മറുപടി നല്‍കാന്‍ സാംസങ് ഫോണിറക്കാന്‍ 2026 ആകും എന്നാണ് അനലിസ്റ്റായ റോസ് യങ് പറയുന്നത്. 2025ല്‍ സാംസങിന്‍റെ ട്രൈ-ഫോള്‍ഡ് പുറത്തിറങ്ങും എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. 

Scroll to load tweet…

ലോകത്തെ ആദ്യ ട്രിപ്പിള്‍-സക്രീന്‍ ഫോള്‍ഡബിള്‍ എന്ന വിശേഷണത്തോടെ വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റ് 2024 സെപ്റ്റംബര്‍ 9നാണ് പുറത്തിറക്കിയത്. ചൈനയില്‍ 19,999 യുവാനിലാണ് (2,35,109.78 ഇന്ത്യന്‍ രൂപ) ഈ ഫോണിന്‍റെ വില ആരംഭിക്കുന്നത്. വന്‍ വിലയ്ക്കിടയിലും ഫോണിന് ഭീമമായ പ്രീ-ബുക്കിംഗ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗാണ് ഫോണിന് ലഭിച്ചത്. 

മൂന്ന് സ്ക്രീനിന് പുറമെ വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റിനുള്ള മറ്റ് ഫീച്ചറുകള്‍ ഇവയാണ്. 50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ, 5,600 എംഎഎച്ച് ബാറ്ററി, 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജര്‍, 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജര്‍ എന്നിവയായിരുന്നു ഫോണിന്‍റെ സവിശേഷതകള്‍.

Read more: വാവെയ്ക്ക് ചെക്ക്; ട്രൈ-ഫോള്‍ഡ് ഇറക്കാന്‍ സാംസങ്, പുതിയ ഗ്യാലക്‌സി മോഡലിന്‍റെ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം