സാംസങിന്‍റെ ഏറ്റവും സ്ലിമ്മായ എസ് സീരീസ് ഡിവൈസായ ഗ്യാലക്സി എസ്25 എഡ്ജിന്‍റെ പ്രിവ്യൂ വീഡിയോ പ്രത്യക്ഷപ്പെട്ടു
ദില്ലി: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളുമായി അടുത്ത കിടമത്സരത്തിന് സാംസങ്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ആകാംക്ഷ നിറഞ്ഞ മൊബൈല്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് സാംസങ് കമ്പനി. സാംസങിന്‍റെ അള്‍ട്രാ-സ്ലിം മോഡലായ ഗ്യാലക്സി എസ്25 എഡ്‌ജാണ് ഈ ഫോണ്‍. ആപ്പിളിന്‍റെ ഐഫോണ്‍ 17 എയറിനും മുമ്പേ ഗ്യാലക്സി എസ്25 എഡ്‌ജ് ഇറക്കി വിപണി പിടിക്കാനാണ് സാംസങിന്‍റെ ശ്രമം.
സാംസങ് എസ്25 സീരീസിലെ നാലാം ഫോണ്‍ മോഡല്‍ പുറത്തിറക്കാനിരിക്കുകയാണ് കമ്പനി. എഡ്ജ് എന്നാല്‍ മുമ്പ് സാംസങിന്‍റെ കര്‍വ്ഡ് സ്ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പേരായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ഗ്യാലക്സി എസ്25 എഡ്‌ജ് എന്നത് സൂപ്പര്‍ സ്ലിം ആയ മൊബൈല്‍ ഫോണാണ്. ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോണ്‍ 17 എയറിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും സാംസങ് ഗ്യാലക്സി എസ്25 എഡ്‌ജ്. ഇതുവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും സ്ലീം ആയ സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇവ രണ്ടും. മെയ് 13ന് ഗ്യാലക്സി എസ്25 എഡ്‌ജ് പുറത്തിറങ്ങുമെങ്കില്‍ ഐഫോണ്‍ 17 എയറിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. ഇന്ത്യന്‍ സമയം രാവിലെ 5.30നായിരിക്കും സാംസങ് ഗ്യാലക്സി എസ്25 എഡ്‌ജ് ഫോണിന്‍റെ ലോഞ്ച് നടക്കുക. ബാഴ്‌സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് എസ്25 എഡ്ജ് സാംസങ് പ്രിവ്യൂ ചെയ്തത്. സാംസങിന്‍റെ ഏറ്റവും സ്ലിമ്മായ എസ് സീരീസ് ഡിവൈസ് എന്ന നേട്ടം എസ്25 എഡ്ജ് സ്വന്തമാക്കും.
ലക്ഷ്വറി ഫ്ലാഗ്‌ഷിപ്പ് ഹാര്‍ഡ്‌വെയറില്‍ വരുന്ന ഫോണായിരിക്കും സാംസങ് ഗ്യാലക്സി എസ്25 എഡ്‌ജ്. ടൈറ്റാനിയം ചേസിസില്‍ വരുന്ന ഫോണില്‍ സുരക്ഷയ്ക്കായി പ്രത്യേക കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സെറാമിക് 2 കവചമുണ്ടായിരിക്കും എന്നാണ് സൂചനകള്‍. 5.85 എംഎം മാത്രമായിരിക്കും ഫോണിന്‍റെ കട്ടിയെന്നും 163 ഗ്രാമായിരിക്കും ഭാരമെന്നും ലീക്കുകള്‍ പറയുന്നു. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ 1440x3120 പിക്‌സലോടെ 6.7 ഇഞ്ച് വരുന്ന അമോലെഡ് ഡിസ്‌പ്ലെയാണ് പ്രതീക്ഷിക്കുന്നത്. സ്ക്രീനിന് താഴെ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ വരുമെന്നും സൂചനയുണ്ട്. ഫോണിന്‍റെ ക്യാമറകള്‍, വില അടക്കമുള്ള മറ്റ് വിവരങ്ങളെല്ലാം ഉടന്‍ തന്നെ പുറത്തുവരും.