ഒക്ടോബര്‍ അവസാനത്തോടെ സ്മാര്‍ട്ട് ഫോണുകളുടെ വിതരണവും ലഭ്യതയും നിലച്ച അവസ്ഥയാണ് എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്നത്.

ദില്ലി: ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ (Smart Phone) ബ്രാന്‍റുകള്‍ റീട്ടെയില്‍ വിപണിയിലും, ഓണ്‍ലൈന്‍ വിപണിയിലും (Online Market) കാര്യമായി ലഭിക്കുന്നില്ലെന്ന അവസ്ഥയാണെന്ന് റിപ്പോര്‍ട്ട്. ഷവോമി, സാംസങ്ങ്, ആപ്പിള്‍, റിയല്‍മീ എന്നീ ബ്രാന്‍റുകള്‍ക്ക് എല്ലാം സ്മാര്‍ട്ട്ഫോണ്‍ ക്ഷാമം ബാധിച്ചുവെന്നാണ് ഗാഡ്ജറ്റ് നൌ റിപ്പോര്‍ട്ട് പറയുന്നത്. വിപണിയുടെ ആവശ്യത്തില്‍ നിന്നും 20 മുതല്‍ 30 ശതമാനം കുറവാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ എണ്ണം എന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രമുഖ കമ്പനികളുടെ വൃത്തങ്ങളെ ഉദ്ധരിച്ച്, എല്ലാ കന്പനികളും കഴിഞ്ഞ ദീപാവലി ഉത്സവ സീസണില്‍ തങ്ങളുടെ വിതരണ വില്‍പ്പന ശൃംഖലകള്‍ വളരെ ഊര്‍ജ്ജസ്വലമായി നിര്‍ത്തിയിരുന്നു. ഫോണുകളുടെ ലഭ്യത ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ അവസാനത്തോടെ ഏതാണ്ട് വിതരണവും ലഭ്യതയും നിലച്ച അവസ്ഥയാണ് എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്നത്. വിപണി ഗവേഷകരായ ഐഡിസി, കൌണ്ടര്‍ പൊയന്‍റ് എന്നിവരുടെ അഭിപ്രായത്തില്‍ ഈ ലഭ്യത കുറവ് ഈ വര്‍ഷത്തെ ഒക്ടോബര്‍ ഡിസംബര്‍ പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയെ കാര്യമായി ബാധിക്കാം എന്നാണ്.

'ദീപാവലി സമയത്ത് ജനപ്രിയ മോഡലുകളുടെ ലഭ്യതയില്‍ തടസം ഉണ്ടായില്ല, എന്നാല്‍ അതിന് ശേഷം ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഈ മോഡലുകള്‍ ലഭ്യമല്ല. എപ്പോള്‍ ഈ നില മാറും എന്നത് സംബന്ധിച്ച് ബ്രാന്‍റുകളുടെ ഇടയില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല'- ദക്ഷിണേന്ത്യയില്‍ 700 ഓളം റീട്ടെയില്‍ സ്റ്റോറുകള്‍ നോക്കുന്ന റീട്ടെയില്‍ ചെയിന്‍ എക്സിക്യൂട്ടീവ് പറഞ്ഞതാണ് ഇത്.

നേരത്തെ തന്നെ ആഗോളതലത്തില്‍ ബാധിച്ച 'ചിപ്പ്' പ്രതിസന്ധി ഇന്ത്യയിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ബാധിച്ചിരുന്നു. എന്നാല്‍ ഇത് മുന്നില്‍ കണ്ട സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍, ഇന്ത്യയില്‍ ഏറ്റവും വലിയ വില്‍പ്പന സീസണായ ദീപാവലി പ്രമാണിച്ച് തയ്യാറെടുപ്പ് നടത്തി വിപണിയെ സമീപിച്ചു. എന്നാല്‍ ആ സമയത്ത് വന്‍ വില്‍പ്പന നടക്കുകയും, അതിന് ശേഷം വിപണിയില്‍ അനിശ്ചിതാവസ്ഥയും ഉണ്ടായി എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പ്രതിസന്ധി സംബന്ധിച്ച് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളെയും ഓണ്‍ലൈന്‍ വിപണികളെയും സമീപിച്ചെങ്കിലും പ്രതികരണം നല്‍കിയില്ലെന്നാണ് ഗഡ്ജറ്റ് നൌ റിപ്പോര്‍ട്ട് പറയുന്നത്.

കൌണ്ടര്‍ പൊയന്‍റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പതക്ക് പറയുന്നത് പ്രകാരം, ഉത്സവ സീസണുകള്‍ക്ക് വേണ്ടി ആഗോള പ്രതിസന്ധിക്കിടയിലും വളരെ മനോഹരമായി ആവശ്യവും വിതരണവും പ്രമുഖ ബ്രാന്‍റുകള്‍ ഉറപ്പുവരുത്തി. എന്നാല്‍ സാധാരണയായി ദീപാവലി സീസണ്‍ കഴിഞ്ഞാല്‍ കുറച്ചുകാലം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ആവശ്യം 30 മുതല്‍ 40 ശതമാനം വരെ കുറയാറുണ്ട്. പിന്നീടും വരുന്ന ഉപയോക്താക്കള്‍ക്ക് ഉത്സവ സീസണില്‍ ബാക്കിവരുന്ന മോഡലുകളുടെ ലഭ്യത തന്നെ മതിയാകുമായിരുന്നു. എന്നാല്‍ ഇത്തവണ വളരെ കഠിനമായ അവസ്ഥയിലാണ് കമ്പനികള്‍ ഉത്സവ സീസണില്‍ ആവശ്യക്കാര്‍ക്ക് ഫോണുകള്‍ എത്തിച്ചത്. അതിനാല്‍ തന്നെ ദീപാവലിക്ക് ശേഷമുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ അവശേഷിച്ചില്ല. 

എല്ലാ വില നിലവാരത്തിലുള്ള ഫോണുകളെയും ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആമസോണില്‍ ആപ്പിളിന്‍റെ ഐഫോണ്‍ 11 ഒഴികെയുള്ള എല്ലാ മോഡലുകളും ഇപ്പോള്‍ ലഭ്യമല്ല. ഫ്ലിപ്പ്കാര്‍ട്ടിലും ഐഫോണുകള്‍ക്ക് ക്ഷാമകാലമാണ്. ആപ്പിള്‍ ഇന്ത്യയുടെ സ്വന്തം ഓണ്‍ലൈന്‍ വിപണിയില്‍ ഐഫോണ്‍ ഓഡര്‍ ചെയ്താല്‍ ഡെലിവറിക്ക് 3 ആഴ്ചവരെ എടുക്കുന്നുണ്ട്. ഷവോമിയുടെ നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ്, 10 പ്രൈം, നോട്ട് 10 ടി 5ജി എന്നിവയെല്ലാം പൂര്‍ണ്ണമായി തീരുകയോ, കുറഞ്ഞ സ്റ്റോക്കിലോ ആണ്.