രണ്ട് ഇന്‍ബിള്‍ട്ട് സബ്‌വൂഫേര്‍സ് സഹിതമുള്ള ഇന്ത്യയിലെ ആദ്യ ടിവിയാണിത് എന്ന് തോംസണ്‍

ദില്ലി: ഫ്രഞ്ച് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡായ തോംസണ്‍ ഇന്ത്യയില്‍ പുതിയ മിനി എല്‍ഇഡി ടിവി സീരീസ് പുറത്തിറക്കി. 65, 75 ഇഞ്ച് വലിപ്പത്തിലുള്ള ടെലിവിഷന്‍ സെറ്റുകളാണ് തോംസണ്‍ അവതരിപ്പിച്ചത്. രണ്ട് ഇന്‍ബിള്‍ട്ട് സബ്‌വൂഫേര്‍സ് സഹിതമുള്ള ഇന്ത്യയിലെ ആദ്യ ടിവിയാണിത് എന്ന് തോംസണ്‍ അവകാശപ്പെടുന്നു. പരമ്പരാഗത ടെലിവിഷനുകള്‍ക്ക് അപ്പുറം ഹോം തിയറ്റര്‍ അനുഭവം നല്‍കുന്ന സ്‌മാര്‍ട്ട് ടെലിവിഷനുകള്‍ എന്നാണ് തോംസണ്‍ ഈ എല്‍ഇഡി ടിവിയെ വിശേഷിപ്പിക്കുന്നത്.

പ്രീമിയം മെറ്റാലിക് ബോഡി ഡിസൈനില്‍, മികച്ച ശബ്‌ദവും ദൃശ്യവും നല്‍കുന്ന എല്‍ഇഡി ടിവി എന്ന അവകാശവാദത്തോടെയാണ് തോംസണ്‍ മിനി എല്‍ഇഡി ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയാണ് ഇവയുടെ വില്‍പന. 65 ഇഞ്ച് ടിവിക്ക് 61,999 രൂപയും 75 ഇഞ്ച് ടിവിക്ക് 95,999 രൂപയുമാണ് വില.

സ്‌മാര്‍ട്ട് ഐ ഷീല്‍ഡ്, 540 ലോക്കല്‍ ഡിമ്മിംഗ് സോണ്‍സ്, ഡൈനാമിക് ബാക്ക്‌ലൈറ്റ് ടെക്‌നോളജി തുടങ്ങി ഏറെ സാങ്കേതികത്തികവ് ഈ ഉപകരണങ്ങള്‍ക്കുണ്ട്. മിനി ക്യൂഡി 4കെ ഡിസ്‌പ്ലെ, ബൂമിംഗ് 108 വാട്സ് സ്‌പീക്കര്‍ സിസ്റ്റം, ഗൂഗിള്‍ ടിവി എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഈ മിനി എല്‍ഇഡി ടിവിയിലുണ്ട്. മീഡിയടെക് പ്രോസസറില്‍ Mali-G52 GPU കരുത്തില്‍ വരുന്ന ടിവിയില്‍ 2 ജിബി റാമും 16 ജിബി സ്റ്റോറേജ് സൗകര്യവും ഡിവിബി പിന്തുണയുമുണ്ട്. മള്‍ട്ടി‌ടാസ്കിംഗ് ലക്ഷ്യമിട്ടാണ് ഈ ടിവി തോംസണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3 എച്ച്‌ഡിഎംഐ പോര്‍ട്ടുകള്‍, 2 യുഎസ്‌ബി പോര്‍ട്ടുകള്‍ എന്നിവയും ഗെയിംപാഡുകളും ഹെഡ്‌ഫോണുകളും കീബോര്‍ഡുകളും പിന്തുണയ്ക്കുകയും ചെയ്യും.

‘ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് വെറുമൊരു ടെലിവിഷനല്ല, ഇന്ത്യന്‍ ലിവിംഗ് റൂമുകളുടെ ഭാവി ഉപകരണമാണ്’- എന്ന് ലോഞ്ച് വേളയില്‍ തോംസണ്‍ ഇന്ത്യയുടെ ലൈസന്‍സിയായ എസ്‌പിപിഎല്ലിന്‍റെ സിഇഒ അവ്‌നീത് സിംഗ് മാര്‍വ പറഞ്ഞു. ‘ഡോള്‍ബി വിഷന്‍ സഹിതം ലോകത്തെ ഏറ്റവും മികച്ച ഡിസ്‌പ്ലെ സാങ്കേതികതയാണ് മിനി എല്‍ഇഡി ടിവികളില്‍ വരുന്നത്. എച്ച്‌ഡിആര്‍ 10, എച്ച്എല്‍ജി, 122 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, ഡോള്‍ബി അറ്റ്‌മോസ് കരുത്തില്‍ 108 വാട്സ് ഓഡിയോ ഔട്ട്‌പുട്ട്, ആറ് സ്‌പീക്കറുകള്‍, ഏറ്റവും പുതിയ ഗൂഗിള്‍ ടിവി 5.0 അനുഭവം എന്നിവ ഈ ടിവികള്‍ നല്‍കുന്നതായും’ മാര്‍വ കൂട്ടിച്ചേര്‍ത്തു.

2018ല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചുവരവിന് ശേഷം ഇ-കൊമേഴ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌‌കാര്‍ട്ടാണ് തോംസണ്‍ ഉപകരണങ്ങള്‍ രാജ്യത്ത് വില്‍ക്കുന്നത്. ഫ്ലിപ്‌കാര്‍ട്ടിന്‍റെ സഹകരണത്തിനും, രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളിലൊന്നായി തോംസണെ വളര്‍ത്തിയതിനും നന്ദിയും അവ്‌നീത് സിംഗ് മാര്‍വ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Braking news Live