രാജ്യത്ത് കൂടുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് വഴിവെക്കുന്ന തീരുമാനമാണിത് എന്ന് വിലയിരുത്തല്‍
ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ചില സ്‌മാര്‍ട്ട്‌ഫോണ്‍ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് ആപ്പിളിനും ഷവോമിക്കും ഗുണമാകും. ആഗോള കമ്പനികളുടെ കൂടുതല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ എത്തിക്കാന്‍ വഴിയൊരുക്കുന്ന നീക്കമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെയാണിത്. സര്‍ക്യൂട്ട് ബോര്‍ഡ്, ക്യാമറ മൊഡ്യൂള്‍ ഭാഗങ്ങള്‍, യുഎസ്ബി കേബിള്‍ എന്നിവയും ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ സാധനങ്ങളുടെ പട്ടികയില്‍പ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 2.5 ശതമാനം ഇറക്കുമതി തീരുവയായിരുന്നു ഇവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കടുത്ത താരിഫ് ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണികള്‍ക്കിടെ ആപ്പിള്‍ അടക്കമുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതാണ് ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ നീക്കം. യുഎസ്-ചൈന വ്യാപാര പ്രശ്‌നങ്ങള്‍ മുതലെടുക്കാനായാല്‍ ഇന്ത്യക്ക് ഷവോമി അടക്കമുള്ള കമ്പനികളില്‍ നിന്നും നേട്ടം ലഭിക്കും.
ഇന്ത്യയിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇരട്ടിയിലേറെയായിരുന്നു. 2024ല്‍ 115 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക് നിര്‍മാണം ഇന്ത്യയില്‍ നടന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും വിപണിയും കൂടിയാണ് ഇന്ത്യ.
