ഇന്ത്യയിലെ ഏറ്റവും സ്ലിമ്മായ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോൺ എന്നാണ് വിവോ ടി4ആര്‍ 5ജിയെ വിശേഷിപ്പിക്കുന്നത്
ദില്ലി: വിവോ ടി4ആർ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നാല് മോഡലുകൾ അടങ്ങുന്ന വിവോ ടി4 5ജി സീരീസിലെ ഏറ്റവും പുതിയ മോഡലായാണ് ഈ ഫോൺ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും സ്ലിമ്മായ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോൺ എന്നാണ് ഈ ഹാൻഡ്‌സെറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വിവോ ഇതിനകം തന്നെ ഫോണിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 120 ഹെര്‍ട്സ് ക്വാഡ്-കർവ്ഡ് അമോലെഡ് സ്‌ക്രീനും മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റുമായാണ് വിവോ ടി4ആർ 5ജി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് വിവോ ടി4ആര്‍ 5ജി-യെക്കുറിച്ച് പ്രതീക്ഷിക്കുന്ന വില മുതൽ സവിശേഷതകൾ വരെ നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.
വിവോ ടി4ആർ 5ജി സ്‌മാര്‍ട്ട്ഫോണിന്‍റെ ഇന്ത്യയിലെ വില 20,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ നിരയിലെ വിവോ ടി4എക്സ് 5ജി, വിവോ ടി4 ഹാൻഡ്‌സെറ്റുകൾക്കിടയിൽ ഈ പുത്തന്‍ ഫോണ്‍ മോഡല്‍ സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്. ഇതിന് 15,000 മുതൽ 20,000 രൂപ വരെ വില വരാം. ടീസർ ചിത്രങ്ങൾ പ്രകാരം, വിവോ ടി4ആർ 5ജിക്ക് നീല, വെള്ളി എന്നീ രണ്ട് കളർ ഓപ്ഷനുകൾ ഉണ്ടാകാം. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്‌കാർട്ട്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഹാൻഡ്‌സെറ്റ് വാങ്ങാൻ ലഭ്യമാകും. ഫോണിന്‍റെ ലോഞ്ചിനായി ഒരു മൈക്രോസൈറ്റും ഫ്ലിപ്‍കാർട്ട് തുറന്നിട്ടുണ്ട് .
വിവോ ടി4ആര്‍ 5ജി 6.77 ഇഞ്ച് സ്‌ക്രീനായിരിക്കും ലഭിക്കുക. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആര്‍10+ സപ്പോർട്ട്, എസ്‌ജിഎസ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ എന്നിവയുള്ള ക്വാഡ്-കർവ്ഡ് അമോലെഡ് പാനൽ ആയിരിക്കും ഇതെന്ന് കമ്പനി പറയുന്നു . 2.6G ഹെര്‍ട്സ് പീക്ക് ക്ലോക്ക് സ്പീഡുള്ള 4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ടി4ആര്‍ 5ജി-യ്ക്ക് 7,50,000-ത്തിലധികം AnTuTu സ്‌കോർ ഉണ്ടായിരിക്കും എന്നും വിവോ പറയുന്നു.
ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ മെയിൻ സോണി സെൻസറും 2-മെഗാപിക്സൽ ബൊക്കെ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കും. 32-മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിനുണ്ടെന്ന് സൂചനയുണ്ട്. വിവോ ടി4ആര്‍ 5ജി-യുടെ മുൻ, പിൻ ക്യാമറകൾക്ക് 4കെ വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ ഫോണിന്‍റെ ബാറ്ററി സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,700 എംഎഎച്ച് ബാറ്ററിയാണ് ഇതിലുണ്ടാകുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ഈ ഹാൻഡ്‌സെറ്റ് ഐപി68 + ഐപി69 റേറ്റിംഗുകൾ പാലിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.



