രണ്ട് 50 മെഗാപിക്സല്‍ സെന്‍സര്‍ സഹിതമുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 50 എംപി സെല്‍ഫി ക്യാമറ, 6,500 എംഎഎച്ച് ബാറ്ററി തുടങ്ങി കരുത്തുറ്റ ഫീച്ചറുകള്‍ വിവോ വി60 5ജി സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുമെന്നാണ് സൂചന

ദില്ലി: വിവോ വി60 5ജി (Vivo V60 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 12-ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 50 മെഗാപിക്സൽ 3x ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമായിരിക്കും ഈ ഹാൻഡ്‌സെറ്റിൽ ലഭിക്കുക എന്നാണ് സൂചന. ഈ പുതിയ വിവോ സ്‍മാർട്ട്‌ഫോണിന്‍റെ പ്രതീക്ഷിക്കുന്ന വില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവോ വി60 മിഡ്-റേഞ്ച് ഡിവൈസ് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഒരു ടിപ്‌സ്റ്റർ വിവോ വി60-ന്‍റെ റെൻഡറുകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ പിൻ ക്യാമറയുടെ ക്യാപ്‍സൂൾ ആകൃതിയിലുള്ള മൊഡ്യൂള്‍ കാണാം.

വിവോ വി60 5ജി-യുടെ വില എത്രയാണ്?

വിവോ വി60-ന് ഇന്ത്യയിൽ 37,000 മുതൽ 40,000 രൂപ വരെ വില പ്രതീക്ഷിക്കുന്നതായി സ്‍മാർട്ട്പ്രിക്‌സിനെ ഉദ്ദരിച്ച് ഗാഡ്‍ജെറ്റ് 360 റിപ്പോർട്ട് ചെയ്യുന്നു. മിസ്റ്റ് ഗ്രേ, മൂൺലൈറ്റ് ബ്ലൂ, ഓസ്‌പിഷ്യസ് ഗോൾഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ വിവോ വി60 എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 17-ന് പുറത്തിറങ്ങിയ വിവോ വി50-യുടെ പിൻഗാമിയായാണ് വിവോ വി60 വരികയെന്നുമാണ് ലീക്കുകള്‍. 8 ജിബി + 128 ജിബി ഓപ്ഷന് 34,999 രൂപ പ്രാരംഭ വിലയിലാണ് വിവോ വി50 രാജ്യത്ത് ലോഞ്ച് ചെയ്തത്. 8 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 36,999 രൂപയും 40,999 രൂപയുമായിരുന്നു വി50-യ്ക്ക് ഇന്ത്യയിൽ വില. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകള്‍ ഈ ഹാൻഡ്‌സെറ്റ് വാഗ്‍ദാനം ചെയ്യുന്നു.

വിവോ വി60 കൂടുതല്‍ സ്പെസിഫിക്കേഷനുകള്‍

1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1,300 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും പുതിയ ഹാൻഡ്‌സെറ്റിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 90 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ഈ ഫോൺ ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ പ്രവർത്തിക്കുന്നു. സ്റ്റീരിയോ സ്പീക്കറുകൾ, ഹാൻഡ്‌സെറ്റ് അൺലോക്ക് ചെയ്യുന്നതിനുള്ള ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് റീഡർ, ഐപി68, ഐപി69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുകൾ തുടങ്ങിയവയും ഈ ഫോണിൽ ലഭിച്ചേക്കാം.

ZEISS ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫോണിൽ ഉണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന റെൻഡറുകൾ കാണിക്കുന്നു. ഇപ്പോൾ, മുകളിൽ പറഞ്ഞ റിപ്പോർട്ട് വിവോ വി60-ന്‍റെ ക്യാമറ സവിശേഷതകളും നിർദ്ദേശിച്ചിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 50 മെഗാപിക്സൽ 3എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സെൽഫികൾക്കായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറ ലഭിച്ചേക്കും. 6,500 എംഎഎച്ച് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 സോക് ആയിരിക്കും വിവോ വി60-യുടെ കരുത്ത് എന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.