ഇന്ത്യൻ വിപണിയിൽ വിവോ വി70 എഫ്ഇ (Vivo V70 FE) എന്ന പുതിയ മിഡ്‌റേഞ്ച് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 7,000 എംഎഎച്ച് ബാറ്ററിയും 200-മെഗാപിക്സൽ പ്രധാന ക്യാമറയുമാണ് ഇതിന്റെ മുഖ്യ ആകർഷണങ്ങൾ. മീഡിയാ‌ടെക്ക് ഡൈമൻസിറ്റി 7360-ടർബോ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന്റെ പ്രാരംഭ വില 37,999 രൂപയാണ്. 

ദില്ലി: ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ പുതുചലനം സൃഷ്‍ടിക്കാന്‍ വിവോയുടെ പുതിയ മിഡ്‌റേഞ്ച് ഹാൻഡ്‌സെറ്റ് വിവോ വി70 എഫ്ഇ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവതരിപ്പിച്ച ഈ സ്‍മാർട്ട്ഫോൺ, ശക്തമായ ബാറ്ററിയും ഉയർന്ന റെസല്യൂഷൻ ക്യാമറ സംവിധാനവും കൊണ്ട് ശ്രദ്ധേയമാകുന്നു. പ്രത്യേകിച്ച് 7,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 200-മെഗാപിക്‌സൽ പ്രധാന ക്യാമറയും ഇതിന്‍റെ പ്രധാന ആകർഷണങ്ങളാണ്.

വിവോ വി70 എഫ്ഇ വിലയും സവിശേഷതകളും

വിവോ വി70 സീരീസിന്‍റെ ഭാഗമായ ഈ പുതിയ മോഡൽ, നിലവിലുള്ള വി70, വി70 എലൈറ്റ് പതിപ്പുകൾക്ക് പുറമേയാണ് അവതരിപ്പിച്ചിരിക്കുന്നത്. മീഡിയാ‌ടെക്ക് ഡൈമൻസിറ്റി 7360-ടർബോ പ്രോസസറാണ് ഈ ഫോണിന്‍റെ ഹൃദയം. ഇത് മികച്ച പ്രകടനത്തിനും ഗെയിമിംഗിനും അനുയോജ്യമായ ഒരു ചിപ്‌സെറ്റായി കണക്കാക്കപ്പെടുന്നു. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ ആറ് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും എന്ന് കമ്പനി ഉറപ്പുനൽകുന്നു.

വില സംബന്ധിച്ചിടത്തോളം, 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ബേസ് മോഡലിന് 37,999 രൂപയാണ് ആരംഭ വില. 8 ജിബി + 256 ജിബി മോഡലിന് 40,999 രൂപയും, 12 ജിബി + 256 ജിബി പതിപ്പിന് 44,999 രൂപയും ആണ് വില നിശ്ചയിച്ചിരിക്കുന്നത്. മൺസൂൺ ബ്ലൂ, നോർത്തേൺ ലൈറ്റ്സ് പർപ്പിൾ എന്നീ ഫിനിഷുകളിലാണ് ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകുന്നത്. ഏപ്രിൽ 9 മുതൽ രാജ്യത്ത് വിൽപ്പന ആരംഭിക്കും. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്‍കാർട്ട്, ആമസോൺ എന്നിവ വഴി ഉപഭോക്താക്കൾക്ക് വിവോ വി70 എഫ്‍ഇ ഫോൺ സ്വന്തമാക്കാം.

വിവോ വി70 എഫ്ഇ: ക്യാമറ സവിശേഷതകള്‍

ക്യാമറ വിഭാഗത്തിൽ, 200 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി അൾട്രാവൈഡ് ക്യാമറയും 50 എംപി സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ അധിഷ്ഠിതമായ ഫോട്ട എഡിറ്റിംഗ് ഫീച്ചറുകൾ, 30x സൂം, എഐ മാജിക് ലാൻഡ് സ്‍കേപ്പ് തുടങ്ങിയ സവിശേഷതകളും ഈ ഫോണിൽ ലഭ്യമാണ്. 6.83 ഇഞ്ച് 1.5K ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, HDR10+ പിന്തുണ തുടങ്ങിയവയും ഈ ഫോണിന്‍റെ പ്രത്യേകതകളാണ്. 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ ബാറ്ററി വെറും 60 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐപി68, ഐപി69 സർട്ടിഫിക്കേഷനുകൾ മൂലം വെള്ളത്തിലും പൊടിയിലും പ്രതിരോധ ശേഷി ഈ ഫോണിന് ഉണ്ട്. സാങ്കേതികവിദ്യയിലും ഡിസൈനിലും മികച്ച സമന്വയം കൊണ്ടുവന്ന വിവോ വി70 എഫ്‌ഇ, ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരം സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming