വിവോ വി70, വിവോ വി70 എലൈറ്റ് എന്നിവയാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്ന സ്‌മാര്‍ട്ട്‌ഫോണുകള്‍. വിവോ വി70 ശ്രേണി മൊബൈല്‍ ഫോണുകളുടെ സവിശേഷതകളും ഫീച്ചറുകളും വിശദമായി അറിയാം.
ദില്ലി: വിവോ അവരുടെ വി70 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ വി70, വിവോ വി70 എലൈറ്റ് എന്നിവയാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്ന ഫോണ്‍ മോഡലുകള്‍. ജര്‍മ്മന്‍ ഒപ്റ്റിക്‌സ് ബ്രാന്‍ഡായ സീസുമായി ചേര്‍ന്നാണ് ഇരു മൊബൈല്‍ ഫോണുകളുടെയും ക്യാമറ സാങ്കേതികവിദ്യ വിവോ സജ്ജീകരിച്ചിരിക്കുന്നത്. വിവോ വി70 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ചിന്‍റെ തീയതി കൃത്യമായി വിവോ അറിയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി മാസം ആദ്യം തന്നെ പ്രതീക്ഷിക്കാം.
വിവോ വി70 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍
മെറ്റല്‍ ഫ്രെയിമിലുള്ള 6.59-ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയാണ് വിവോ വി70 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുക. 1.5കെ അമോലെഡ് പാനലായിരിക്കും ഈ ഡിസ്‌പ്ലെകളില്‍ ഉപയോഗിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5,000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നസും ഉറപ്പുനല്‍കുന്ന ഡിസ്‌പ്ലെയായിരിക്കും ഇത്. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്‌സെറ്റിലാണ് വിവോ വി70 എലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരു ഫോണുകളും LPDDR5X റാം. യുഎഫ്‌സ് 4.1 സ്റ്റോറേജ് എന്നിവ നല്‍കും.
സോണി ഐഎംഎക്‌സ്766 സെന്‍സര്‍ സഹിതമുള്ള 50എംപി പ്രധാന ക്യാമറയായിരിക്കും വിവോ വി70 സീരീസ് ഫോണുകളിലുണ്ടാവുക. വിവോ വി70യും വിവോ വി70 എലൈറ്റും, ഐഎംഎക്‌സ്882 സെന്‍സര്‍ സാങ്കേതികവിദ്യയിലുള്ള 50-മെഗാപിക്‌സലിന്‍റെ സീസ് ടെലിഫോട്ടോ ക്യാമറ ഉള്‍പ്പെടുത്തും. ഈ ടെലിഫോട്ടോ ക്യാമറ 3എക്‌സ് ഒപ്റ്റിക്കല്‍ സൂം, 100എക്‌സ് ഡിജിറ്റല്‍ സൂം എന്നിവ പ്രദാനം ചെയ്യും. 3എക്‌സ് വരെ സൂം കപ്പാസിറ്റിയില്‍ 60fps വേഗത്തില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് ഇരു ഫോണുകളിലുമുണ്ടാകും. വിവോ വി70 സീരീസ് മൊബൈലുകളില്‍ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 50എംപി ക്യാമറയുണ്ടായിരിക്കും.
വിവോ വി70 സീരീസ്: മറ്റ് ഫീച്ചറുകള്‍
വിവോ വി70 സീരീസ് പുത്തന്‍ എഐ അധിഷ്‌ഠിത ക്യാമറ ടൂളുകള്‍ അവതരിപ്പിക്കും. എഐ മാജിക് വെതര്‍, എഐ ഫ്ലോറല്‍ ബ്ലെസിംഗ്, എഐ ഹോളി പോട്രൈറ്റ് എന്നിവയാണിത്. വിവോ വി70 പാഷന്‍ റെഡ, ലെമണ്‍ യെല്ലോ എന്നീ നിറങ്ങളിലും വിവോ വി70 എലൈറ്റ് സാന്‍ഡ് ബീഗ്, പാഷന്‍ റെഡ്, ഓതന്‍റിക് ബ്ലാക്ക് എന്നീ നിറങ്ങളിലുമാണ് ലഭ്യമാവുക. 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് നല്‍കുന്ന 6500 എംഎഎച്ച് ബാറ്ററി വിവോ വി70, വിവോ വി70 എലൈറ്റ് എന്നീ ഫോണുകളിലുണ്ടാവും. ഐപി68, ഐപി69 റേറ്റിംഗാണ് വിവോ വി70 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളിലുണ്ടാവുക.



