വിവോ എക്സ്200 എഫ്ഇ (Vivo X200 FE) ജൂലൈ 14ന് മൂന്ന് നിറങ്ങളിൽ ഇന്ത്യയിൽ പുറത്തിറങ്ങും, ട്രിപ്പിള്‍ റിയര്‍ ക്യാമറ പ്രതീക്ഷ
മുംബൈ: വിവോ എക്സ്200 എഫ്ഇ (Vivo X200 FE) ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ചൈനീസ് ടെക് ബ്രാൻഡിൽ നിന്ന് ഔദ്യോഗിക ലോഞ്ച് തീയതി സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ഈ മാസം അവസാനം ഹാൻഡ്‌സെറ്റ് അനാച്ഛാദനം ചെയ്യുമെന്നാണ് ടിപ്‍സ്റ്റർമാരുടെ റിപ്പോർട്ടുകൾ. മൂന്ന് കളർ ഓപ്ഷനുകളിൽ എക്സ്200 എഫ്ഇ ഇന്ത്യയിൽ വിൽക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ 14ന് ഉച്ചയ്ക്ക് 12 മണിക്ക് വിവോ എക്സ്200 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ടിപ്‍സ്റ്ററായ PassionateGeekz അവകാശപ്പെട്ടു.
ആംബർ യെല്ലോ, ലക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണിന്‍റെ ടീസർ വിവോ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇനി ഫ്രോസ്റ്റ് ബ്ലൂ ഷേഡിലും ഈ ഫോൺ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ തായ്‌വാനിലും മലേഷ്യയിലും കറുപ്പ്, നീല, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിൽ വിവോ എക്സ്200 എഫ്ഇ സ്‌മാര്‍ട്ട്‌ഫോൺ ലഭ്യമാണ്.
വിവോ എക്സ്200 എഫ്ഇ ആഗോള വേരിയന്‍റിന്‍റെ സ്പെസിഫിക്കേഷനുകള്‍
ജൂൺ മാസത്തിലാണ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ വിവോ എക്സ്200 എഫ്ഇ ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റിൽ ഈ ഫോൺ പ്രവർത്തിക്കുന്നു. കൂടാതെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഉണ്ട്. വിവോ എക്സ്200 എഫ്ഇയിൽ 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയും ലഭിക്കുന്നു. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഈ ഫോൺ പുറത്തിറക്കിയത്.
ഇന്ത്യന്‍ വേരിയന്‍റില്‍ എന്തൊക്കെ?
വിവോ എക്സ്200 എഫ്ഇയുടെ ഇന്ത്യൻ വേരിയന്‍റിൽ ഫൺടച്ച് ഒഎസ് 15 ഉം 6.31 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണിന് 7.99 എംഎം കനം ഉണ്ടാകും. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന സീസ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ യൂണിറ്റ് ഫോണിന് പിന്നിൽ ലഭിക്കും.
പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി വിവോ എക്സ്200 എഫ്ഇ ഐപി68+ഐപി69 റേറ്റിംഗുകൾ നേടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 90W വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഫോൺ ഒറ്റ ചാർജിൽ 25.44 മണിക്കൂർ യൂട്യൂബ് പ്ലേബാക്ക് സമയവും 9.55 മണിക്കൂർ ഗെയിമിംഗ് സമയവും വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.



