യൂസര്‍ ഇന്‍റര്‍ഫേസിന് 'ലിക്വിഡ് ഗ്ലാസ്' ഭാവം, വമ്പന്‍ അപ്‌ഗ്രേഡുകളുമായി ഐഒഎസ് 26 ആപ്പിള്‍ അവതരിപ്പിച്ചു
കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ക്ക് അമ്പരപ്പ് സമ്മാനിച്ച് ഐഒഎസ് 26 ആപ്പിള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള കരുത്തുറ്റ അത്യാധുനീക ഫീച്ചറുകളോടെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഐഫോണുകള്‍ക്കായുള്ള പരിഷ്കരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഐഫോണ്‍ 17 സീരീസില്‍ ഐഒഎസ് 26 ഉള്‍പ്പെടും എന്നാണ് പ്രതീക്ഷ. വര്‍ഷാവസാനത്തോടെ ഐഫോണിന്‍റെ പഴയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഐഒഎസ് 26 അപ്‌ഡേറ്റ് ലഭിക്കും.
ഒഎസുകളില്‍ ഏകീകരണം
യൂസര്‍ ഇന്‍റര്‍ഫേസില്‍ മാറ്റവുമായി 'ലിക്വിഡ് ഗ്ലാസ്' എന്ന പുതിയ ഡിസൈന്‍ തീമിലാണ് ഐഒഎസ് 26 ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. ഐഒഎസിന് പുറമെ ആപ്പിളിന്‍റെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐപാഡ്ഒഎസിലും, മാക്ഒഎസിലും, വാച്ച്ഒഎസിലും, ടിവിഒഎസിലും ഈ നവീന ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ രീതി ആപ്പിള്‍ കൊണ്ടുവന്നു. ഐഒഎസ് 19, വിഷന്‍ഒഎസ് 2, വാച്ച്ഒഎസ് 12 എന്നിവയ്ക്ക് പകരം ഐഒഎസ് 26, വിഷന്‍ഒഎസ് 26, വാച്ച്ഒഎസ് 26 എന്നിങ്ങനെ റീബ്രാന്‍ഡ് ചെയ്ത് നാമങ്ങള്‍ ഏകീകരിക്കുകയും ആപ്പിള്‍ ചെയ്തിട്ടുണ്ട്.
ഈ പുത്തന്‍ ഡിസൈന്‍ രീതി ഏറെ പുതുമകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും എന്നാണ് ആപ്പിളിന്‍റെ അവകാശവാദം. ഹോം, ലോക്ക് സ്‌ക്രീനുകളില്‍ പുതിയ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ഐഒഎസ് 26-ല്‍ വരും. ആപ്പ് ഐക്കണുകളും വിഡ്‌ജറ്റുകളും കസ്റ്റമൈസ് ചെയ്ത് പുത്തന്‍ ലുക്ക് നല്‍കാനും കഴിയും. ഇതിന് പുറമെ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും, മെസേജിംഗ് ആപ്പുകള്‍, കാര്‍പ്ലേ, ആപ്പിള്‍ മ്യൂസിക്, മാപ്സ്, വാലറ്റ് എന്നിവയിലെ അപ്‌ഡേറ്റുകളും ആപ്പിള്‍ ഐഒഎസ് 26-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐഒഎസ് 26 ഏതൊക്കെ ഐഫോണ്‍ മോഡലുകളില്‍ ലഭ്യമാകും
ഐഫോണ്‍ 11 മുതലുള്ള മോഡലുകള്‍ക്ക് ഐഒഎസ് 26-ന്‍റെ ഫ്രീ ഓവര്‍-ദി-എയര്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. എന്നാല്‍ ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ഫീച്ചറുകള്‍ ഐഫോണ്‍ 16 സീരീസിലും ഐഫോണ്‍ 15 പ്രോ മോഡലുകളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ ഡവലപ്പര്‍മാര്‍ക്ക് ഐഒഎസ് 26 ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകും. അടുത്ത മാസത്തോടെ ആപ്പിളിന്‍റെ ബീറ്റ സോഫ്റ്റ്‌വെയര്‍ പോഗ്രാം വഴി ഐഒഎസ് 26-ന്‍റെ പബ്ലിക് ബീറ്റ ടെസ്റ്റ് നടത്താം.
ഐഒഎസ് 26 പിന്തുണ ലഭിക്കുന്ന ഐഫോണുകള്‍
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ്
ഐഫോണ്‍ എസ്ഇ (രണ്ടാം തലമുറ)
ഐഫോണ്‍ 12, 12 മിനി, 12 പ്രോ, 12 പ്രോ മാക്സ്
ഐഫോണ്‍ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്സ്
ഐഫോണ്‍ എസ്ഇ (മൂന്നാം തലമുറ)
ഐഫോണ്‍ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ്
ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ്
ഐഫോണ്‍ 16 സീരീസ്, (ഐഫോണ്‍ 16e ഉള്‍പ്പടെ).