ദില്ലി: റെഡ്മീ 7 എ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മീ 6എയുടെ പിന്‍ഗാമിയായി എത്തുന്ന റെഡ്മീ 7 എയ്ക്ക് സ്മാര്‍ട്ട് ദേശ് കാ സ്മാര്‍ട്ട് ഫോണ്‍ എന്ന ടാഗ് ലൈനാണ് ഷവോമി നല്‍കിയിരിക്കുന്നത്. 2017 ല്‍ എ സീരിസില്‍ ഫോണുകള്‍ ഇറക്കാന്‍ ആരംഭിച്ച ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്മാരായ ഷവോമിയുടെ ബെസ്റ്റ് സെല്ലര്‍ സീരിസാണ് ഈ ഫോണുകള്‍.  

റെഡ്മീ 7 എയുടെ വില ആരംഭിക്കുന്നത് 5,999 രൂപയില്‍ നിന്നാണ്. ജൂലൈ മാസത്തില്‍ 200 രൂപയുടെ സ്പെഷ്യല്‍ ഡിസ്ക്കൗണ്ട് ഷവോമി നല്‍കുന്നുണ്ട്. അതിനാല്‍ വില 5,799 രൂപയായിരിക്കും. ജൂലൈ 11 ന് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാര്‍ട്ട്, എംഐ.കോം എന്നിവയില്‍ ഓണ്‍ലൈനായും ഷവോമിയുടെ മീ സ്റ്റോറുകളില്‍ ഓഫ് ലൈനായും ഫോണ്‍ ലഭിക്കും. അധികം വൈകാതെ ഇന്ത്യയിലെ റീട്ടെയില്‍ വിപണിയിലും ഫോണ്‍ ലഭ്യമാകും.

ക്യൂവല്‍കോം ഒക്ടാകോര്‍ സ്നാപ്ഡ്രഗണ്‍ 439 ആണ് ഈ ഫോണിന്‍റെ ചിപ്പ് സെറ്റ്. 2ജിഹാഹെര്‍ട്സ് ആണ് വേഗത. റെഡ്മീ 7എ ആന്‍ഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എംഐയുഐ 10 സ്കിന്‍ മോഡിഫിക്കേഷനിലാണ് പ്രവര്‍ത്തിക്കുക. യൂണിബോഡി സ്പ്ളാഷ് പ്രൂഫ് ഡിസൈനാണ് ഫോണിനുള്ളത്. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ സ്ക്രീന്‍ ഡിസ് പ്ലേയാണ് 7എയ്ക്ക് ഉള്ളത്. 18:9 ആണ് സ്ക്രീന്‍റെ കാഴ്‌ച അനുപാതം. ഫോണിന്‍റെ ബാറ്ററി ശേഷി 4000 എംഎഎച്ചാണ്. 

12എംപി ക്യാമറയാണ് പിന്നില്‍ ഇതില്‍ സോണിയുടെ ഐഎംഎക്സ് 486 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 5എംപിയാണ് മുന്നിലെ ക്യാമറ. എഐ പോട്രെയറ്റ് മോഡ് ഈ ക്യാമറയില്‍ ഉണ്ട്. റാം ശേഷി  2 ജിബിയാണ്. എന്നാല്‍ ഇന്‍റേണല്‍ ശേഖരണ ശേഷി അനുസരിച്ച് റെഡ്മീ 7എയ്ക്ക് രണ്ട് പതിപ്പുകള്‍ ഉണ്ട്. ഒന്ന്  2GB/16GB പതിപ്പ് ഇതിന്‍റെ വില 5,999 രൂപയാണ്. രണ്ടാമത്തേത് 2GB/32GB ഇതിന്‍റെ വില 6,199 രൂപയാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ശേഖരണ ശേഷി 256 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ഷവോമി ഈ ഫോണിന് രണ്ട് വര്‍ഷത്തെ വാറന്‍റി നല്‍കുന്നുണ്ട്.