ഷവോമി 20,000 എംഎഎച്ച് ശേഷിയുള്ള പുതിയ 'പവർ ബാങ്ക് 5ഐ' ജൂലൈ 23-ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 67 വാട്ട് ഫാസ്റ്റ് ചാർജിങ്, ബിൽറ്റ്-ഇൻ ടൈപ്പ്-സി കേബിൾ, ഒരേസമയം മൂന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള കഴിവ് എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.

സ്‍മാർട്ട്ഫോൺ ആക്‌സസറീസ് വിപണിയിൽ പുതിയ ഉൽപ്പന്നവുമായി ഷവോമി. 20,000 എംഎഎച്ച് ശേഷിയുള്ള 'ഷവോമി പവർ ബാങ്ക് 5ഐ' ഇന്ത്യയിൽ ജൂലൈ 23-ന് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 67 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ബിൽറ്റ്-ഇൻ യുഎസ്‍ബി. ടൈപ്പ്-സി കേബിളുമാണ് പുതിയ പവർ ബാങ്കിന്റെ പ്രധാന സവിശേഷതകൾ.

ഷവോമി പവർ ബാങ്ക് 5ഐക്കായി പ്രത്യേക പ്രമോഷൻ പേജും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ആമസോണിലും ഇതിനായി പ്രത്യേക മൈക്രോസൈറ്റും സജ്ജമായിട്ടുണ്ട്. ലോഞ്ചിന് ശേഷം ആമസോണിന് പുറമെ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും പവർ ബാങ്ക് വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പതിപ്പിന്റെ മുഴുവൻ സാങ്കേതിക വിവരങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആഗോള വിപണിയിൽ ലഭ്യമായ 67 വാട്ട് ഷവോമി പവർ ബാങ്ക് 20,000 മോഡലിന് സമാനമായ സവിശേഷതകളോടെയാകും ഇന്ത്യൻ പതിപ്പും എത്തുകയെന്നാണ് സൂചന.

ഡിജിറ്റൽ ഡിസ്‌പ്ലേയും ബിൽറ്റ്-ഇൻ കേബിളും

പവർ ബാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന യുഎസ്‍ബി ടൈപ്പ്-സി കേബിൾ ചാർജിങ്ങിന് മാത്രമല്ല, കൊണ്ടുനടക്കാനുള്ള സ്ട്രാപ്പായും ഉപയോഗിക്കാൻ സാധിക്കും. ബാറ്ററിയിൽ എത്ര ചാർജ് ബാക്കിയുണ്ടെന്നും ചാർജിങ് പുരോഗതിയും ലോ-കറന്റ് മോഡും ഡിജിറ്റൽ ഡിസ്‌പ്ലേയിലൂടെ കാണാൻ കഴിയും.

മൂന്ന് ഡിവൈസുകൾ ഒരേസമയം ചാർജ് ചെയ്യാം

ബിൽറ്റ്-ഇൻ യുഎസ്‍ബി ടൈപ്പ്-സി കേബിളിന് പുറമെ പ്രത്യേക യുഎസ്‍ബി ടൈപ്പ്-സി പോർട്ടും യു.എസ്‍.ബി. ടൈപ്പ്-എ പോർട്ടും ഉൾപ്പെടെ മൂന്ന് ഔട്ട്‌പുട്ടുകളാണ് പവർ ബാങ്കിലുള്ളത്. ഇതിലൂടെ ഒരേസമയം മൂന്ന് ഉപകരണങ്ങൾ വരെ ചാർജ് ചെയ്യാൻ സാധിക്കും. ബിൽറ്റ്-ഇൻ ടൈപ്പ്-സി കേബിളും ടൈപ്പ്-സി പോർട്ടും 67 വാട്ട് വരെ ഔട്ട്‌പുട്ട് നൽകും. 65 വാട്ട് വരെ ഇൻപുട്ട് പിന്തുണയ്ക്കുന്നതിനാൽ അനുയോജ്യമായ ചാർജർ ഉപയോഗിച്ചാൽ ഏകദേശം രണ്ടര മണിക്കൂറിനുള്ളിൽ പവർ ബാങ്ക് പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

സുരക്ഷാ സംവിധാനങ്ങളും വിമാനയാത്രയ്ക്കും അനുയോജ്യം

വയർലെസ് ഇയർബഡുകൾ, സ്‍മാർട്ട് ബാൻഡുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ സുരക്ഷിതമായി ചാർജ് ചെയ്യാൻ പ്രത്യേക ലോ-കറന്‍റ് മോഡും പവർ ബാങ്കിലുണ്ട്. കൂടാതെ, ഇരട്ട എൻടിസി താപനില സെൻസറുകളും ഒമ്പത് തലത്തിലുള്ള സർക്യൂട്ട് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 74.37 വാട്ട് മണിക്കൂർ ഊർജ ശേഷിയുള്ള ബാറ്ററിയായതിനാൽ, സാധാരണ വാണിജ്യ വിമാനങ്ങളിൽ കയ്യിൽ കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ള 100 വാട്ട് മണിക്കൂർ പരിധിക്കുള്ളിലാണ് ഇത് വരുന്നത്. വില സംബന്ധിച്ച വിവരങ്ങൾ ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 23-ന് നടക്കുന്ന ലോഞ്ച് ചടങ്ങിലാണ് വിലയും ലഭ്യതയും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുക.