- Home
- Sports
- Cricket
- ‘അവനെ ഒരിക്കൽ അടിച്ച് പറത്തിയതാണ്, എന്നിട്ടും പഠിച്ചില്ല’, ഹാർദിക്കിന്‍റെ മോശം ക്യാപ്റ്റൻസിയെ പരിഹസിച്ച് അശ്വിൻ
‘അവനെ ഒരിക്കൽ അടിച്ച് പറത്തിയതാണ്, എന്നിട്ടും പഠിച്ചില്ല’, ഹാർദിക്കിന്‍റെ മോശം ക്യാപ്റ്റൻസിയെ പരിഹസിച്ച് അശ്വിൻ
മുംബൈ ഇന്ത്യൻസിന്‍റെ തുടര്‍ച്ചയായ മൂന്നാം തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ.

വിമര്‍ശനവുമായി അശ്വിന്‍
ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി തീരുമാനങ്ങളെ അതിരൂക്ഷമായി വിമർശിച്ച് സീനിയർ താരം രവിചന്ദ്രൻ അശ്വിൻ.
ശരാശരിക്കും താഴെ
സ്പിന്നർമാരെ നേരിടുന്നതിൽ മികവ് കാട്ടാറുള്ള ആര്‍സിബി നായകന്‍ രജത് പാട്ടിദാറിന് മുന്നിലേക്ക് സ്പിന്നര്‍ മായങ്ക് മാർക്കണ്ഡേയെ പന്തേല്‍പ്പിച്ച ഹാർദിക്കിന്‍റെ തീരുമാനം ഭീമാബദ്ധമായിരുന്നുവെന്നും മത്സരത്തിലെ ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റൻസി ശരാശരിക്കും താഴെയായിരുന്നുവെന്നും തന്‍റെ യൂട്യൂബ് ചാനലിൽ അശ്വിന്‍ പറഞ്ഞു.
ഹൈദരാബാദിൽ അടിച്ച് അലക്കിയതാണ്
2024-ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുമ്പോൾ മായങ്ക് മാർക്കണ്ഡേയെ പാട്ടിദാർ നേരിട്ട രീതി അശ്വിൻ ഓർമ്മിപ്പിച്ചു. രജത് പാട്ടിദാർ ഒരു സ്പിൻ ഹിറ്ററാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് 2024-ലെ ആ മത്സരത്തിലാണ്. അന്ന് ഹൈദരാബാദിൽ വെച്ച് മാർക്കണ്ഡേയെ അവൻ അടിച്ച് അലക്കിയതാണ്. അന്ന് ഒരോവറിൽ നാല് സിക്സറുകൾ അടിച്ചെങ്കിൽ, ഇവിടെ മൂന്നെണ്ണം അടിച്ചു. പാട്ടിദാർ ക്രീസിലെത്തിയ ഉടൻ തന്നെ വീണ്ടും മാർക്കണ്ഡേയെ പന്തേൽപ്പിക്കുന്നത് ഒട്ടും ബുദ്ധിപരമായ നീക്കമായിരുന്നില്ലെന്നും അശ്വിൻ പറഞ്ഞു.
സ്പിന്നർമാരുടെ തകർച്ച; കളി കൈവിട്ടു
മത്സരത്തിൽ മുംബൈ സ്പിന്നർമാർ വഴങ്ങിയ റൺസാണ് വിജയവും തോൽവിയും തമ്മിലുള്ള വ്യത്യാസമെന്ന് അശ്വിൻ പറഞ്ഞു. മായങ്ക് മാർക്കണ്ഡേ 2 ഓവർ, 40 റൺസ് (ഇക്കോണമി: 20.00) വഴങ്ങിയപ്പോള്‍ മിച്ചൽ സാന്‍റ്നർ 4 ഓവറില്‍ 43 റൺസാണ് വഴങ്ങിയത്.
6 ഓവറിൽ 83 റൺസ്
സ്പിന്നർമാർ ഇത്രയധികം റൺസ് വഴങ്ങിയതാണ് ആര്‍സിബി സ്കോർ 210-പ്രതീക്ഷിച്ചിരുന്നിടത്തു നിന്ന് 240-ലേക്ക് ഉയരാൻ കാരണമായത്. പാട്ടിദാറിനെപ്പോലൊരു താരത്തിന് സെറ്റാകാൻ ആവശ്യമായ പന്തുകൾ ഹാർദിക് എറിഞ്ഞുകൊടുത്തു. 17 പന്തിൽ പാട്ടിദാർ ഫിഫ്റ്റി അടിച്ചതിൽ അത്ഭുതമില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
നേതൃമാറ്റം വേണമെന്ന പരോക്ഷ സൂചന
ഐപിഎൽ 2026 തുടങ്ങുന്നതിന് മുൻപ് തന്നെ മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ നായകൻ കൂടിയായ സൂര്യകുമാർ യാദവ് നയിക്കണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടിരുന്നു. ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിലുള്ള പാളിച്ചകൾ ടീമിനെ പ്രതിസന്ധിയിലാക്കുന്നു എന്ന നിലപാടിലാണ് അശ്വിൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
വാംഖഡെയില്‍ വമ്പുകാട്ടി ആര്‍സിബി
വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആർസിബി ഫിൽ സാൾട്ട് (78), രജത് പാട്ടിദാർ (53), വിരാട് കോഹ്‌ലി (50) എന്നിവരുടെ മികവിൽ 240 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഷെർഫെയ്ൻ റുഥർഫോർഡ് (71*) പൊരുതിനോക്കിയെങ്കിലും മുംബൈയ്ക്ക് 222 റൺസെടുക്കാനേ സാധിച്ചുള്ളൂ. 18 റൺസിനായിരുന്നു ആർസിബിയുടെ ജയം.
അടുത്ത മത്സരവും കടുപ്പം
നാലു കളികളില്‍ മൂന്ന് തോല്‍വിയുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണ മുംബൈയുടെ അടുത്ത മത്സരം വ്യാഴാഴ്ച കരുത്തരായ പഞ്ചാബ് കിംഗ്സിനെതിരെയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ തന്നെയാണ് ഈ മത്സരവും. ഇതുവരെ പരാജയമറിയാത്ത പഞ്ചാബ് നാലു കളികളില്‍ 7 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

