ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഉയർന്ന കലോറിയുള്ള 5 ഭക്ഷണങ്ങൾ
ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുമെന്ന ഭയം കാരണം പലരും അവ ഭക്ഷണക്രമത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാറുണ്ട്. എന്നാൽ ഇവ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഉണക്കിയ പഴങ്ങൾ
അമിത പഞ്ചസാര അടങ്ങിയിരിക്കുന്നു എന്ന് കരുതി നമ്മൾ ഒഴിവാക്കുന്ന ഒന്നാണ് ഉണക്കിയ പഴങ്ങൾ. എന്നാൽ വിശപ്പ് കുറവുള്ളവർക്ക് ആവശ്യത്തിന് ഊർജ്ജവും സ്വാഭാവിക മധുരവും നൽകാൻ ഇവ മികച്ചതാണ്. ഫൈബർ, പോളിഫെനോളുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നമായ ഇവ ഹൃദയത്തിന്റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ കലോറിയും സാച്ചുറേറ്റഡ് ഫാറ്റും കൂടുതലാണെങ്കിലും പോഷകഗുണങ്ങളിൽ ഇത് മുന്നിലാണ്. ഇതിലെ ഉയർന്ന പ്രോട്ടീനും കാൽസ്യവും മറ്റ് അവശ്യ പോഷകങ്ങളും ശരീരത്തിന് മികച്ച ഊർജ്ജവും പേശീബലവും നൽകുന്നു.
നട്സ്
അമിത കലോറി ഭയം കാരണം ആളുകൾ മാറ്റിവെക്കുന്ന ഒന്നാണ് നട്സുകൾ. എന്നാൽ ദിവസവും ഒരു പിടി നട്സുകൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോളുകളും മിനറലുകളും മെറ്റബോളിസത്തിനും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ഏറെ സഹായകരമാണ്.
ഡാർക്ക് ചോക്ലേറ്റ്
മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനോടൊപ്പം ധാരാളം ആന്റിഓക്‌സിഡന്റുകളും ഡാർക്ക് ചോക്ലേറ്റ് നൽകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾക്ക് വീക്കം കുറയ്ക്കാനുള്ള ശേഷിയുണ്ട്. ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും.
അവോക്കാഡോ
മറ്റ് പഴങ്ങളെ അപേക്ഷിച്ച് അവോക്കാഡോയിൽ കലോറി കൂടുതലാണെങ്കിലും ഇത് ഒഴിവാക്കേണ്ടതില്ല. ഇതിലെ കലോറി പ്രധാനമായും വരുന്നത് ഹൃദയാരോഗ്യത്തിന് മികച്ച അൺസാച്ചുറേറ്റഡ് ഫാറ്റുകളിൽ നിന്നാണ്. കൂടാതെ ഫൈബറും പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്.

