ഉത്തര്‍പ്രദേശ്; രണ്ടാമൂഴത്തിന് തുടക്കമിട്ട് യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ 37 വര്‍ഷത്തിന് ശേഷം ആദ്യമായി ഭരണത്തുടര്‍ച്ച നേടിയ യോഗി ആദിത്യനാഥ്, ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ യുപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മറ്റൊരു മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമ്മയ്ക്ക് പകരം ബ്രാഹ്മണ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് പഥക് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

52 പേരാണ് രണ്ടാം യോഗി സർക്കാരിന്‍റെ ഭാഗമാകുന്നത്. ഇതിൽ 16 പേർക്ക് ക്യാബിനറ്റ് പദവിയുണ്ട്. 14 പേര്‍ക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ടാകും. ഇതിൽ അഞ്ച് പേർ വനിതകളാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ്, ജാഠവ സമുദായ നേതാവ് ബേബി റാണി മൗര്യ എന്നിവർ മന്ത്രിസഭയിലേക്ക് എത്തി. നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദവിനും മന്ത്രി പദവി ലഭിക്കും. ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമ്മയെ മാറ്റി ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠകിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം.
പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എകെ ശർമയ്ക്കും മന്ത്രി സ്ഥാനം ലഭിച്ചു. രണ്ടാം മോദി സർക്കാരിൽ നിർണായക പദവിയിലേക്ക് അദ്ദേഹം എത്തിയേക്കുമെന്ന് കരുതുന്നതിനിടെയാണ് അദ്ദേഹം ഉത്തര്‍പ്രദേശ് ഭരണത്തിന്‍റെ ഭാഗമായത്.
പതിനായിരങ്ങൾ പങ്കെടുത്ത ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ തുടങ്ങിയ സിനിമാ താരങ്ങളെയും ക്ഷണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിവാദ ഹിന്ദി ചിത്രമായ "ദി കശ്മീർ ഫയൽസ്" അണിയറപ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു.
മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും സമാജ്‌വാദി പാർട്ടി കുലപതി മുലായം സിംഗ് യാദവിനെയും യോഗി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നരേന്ദ്രമോദിയെ, യോഗി ആദിത്യനാഥ് വിമാനത്താവളത്തിൽ നേരിട്ട് എത്തി സ്വീകരിക്കുകയായിരുന്നു.
403 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 255 സീറ്റുകളും 41.29 ശതമാനം വോട്ടും നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരം നിലനിർത്തിയത്. പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച യോഗി ആദിത്യനാഥ് 37 വർഷത്തിനിടെ സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യമുഖ്യമന്ത്രി എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.
1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട യോഗി ആദിത്യനാഥ് 19 വര്‍ഷം കൊണ്ട് ഉത്തര്‍ പ്രദേശിന്‍റെ സാരഥിയായി. അഞ്ച് വര്‍ഷത്തിന് ശേഷം രണ്ടാമൂഴം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി. തന്‍റെ രാഷ്ട്രീയ പ്രതിയോഗികളെ പോലും അതിശയിപ്പിച്ച് കുതിക്കുന്ന യോഗിക്കും ബിജെപിക്കും മുന്നിൽ ഇനി ഒരേ ഒരു ലക്ഷ്യം മാത്രമാണുള്ളത്. 2024ലെ പൊതു തെരഞ്ഞെടുപ്പ്. അതുകൂടി മുന്നില്‍ കണ്ടാകും ഇനിയുള്ള യോഗിയുടെ ഭരണ നാളുകള്‍.
ഉത്തര്‍പ്രദേശിന്‍റെ വികസനവും കുറ്റകൃത്യത്തെ അടിച്ചമര്‍ത്തിയതും കൊവിഡ് പ്രതിരോധവും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട യോഗിക്ക് ഭരണതുടര്‍ച്ച ലഭിച്ചത്, മോദി ഫാക്ടറിനേക്കാള്‍ യോഗിയുടെ ഭരണ നേട്ടത്തിനുള്ള അംഗീകാരമായാണ് ബിജെപി തന്നെ വിലയിരുത്തുന്നത്. ജനഹിതം അനുകൂലമാക്കാന്‍ ക്രമസമാധാന പാലനമടക്കമുള്ള വിഷയങ്ങള്‍ ഗുണം ചെയ്തതിനാൽ രണ്ടാം യോഗി സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതും സുരക്ഷക്ക് തന്നെയാകും.
ഒപ്പം വികസനത്തിനും ഉത്തര്‍പ്രദേശ് ഏറെ പ്രധാന്യം കല്‍പ്പിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ പ്രതിപക്ഷത്തിന് അംഗബലം കൂടിയിട്ടുണ്ടെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്‍റെ ബലം യോഗിയുടെ ആത്മവിശ്വാസം കൂട്ടുമെന്ന് ഉറപ്പ്.
മുഖ്യമന്ത്രിയെന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്യം ബി ജെ പി, യോഗിക്ക് നല്‍കാനിടയുണ്ട്. ഉത്തര്‍പ്രദേശ് ജയിച്ചാല്‍ ദില്ലി കീഴടക്കാമെന്ന വിശ്വാസം. അതിനാല്‍ 2024 ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാകും ഇനി യോഗിയുടെയും ബിജെപിയുടെയും ഭരണ നീക്കങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു യോഗി വീണ്ടും ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നതാണ് ഭരണനേട്ടമായി ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. ബുള്‍ഡോസർ ബാബ പോലുള്ള പ്രയോഗങ്ങളിലൂടെ ആ പ്രതിഛായ യോഗി ഊട്ടി ഉറപ്പിച്ചു. ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് മേൽ നിഴൽ വീഴ്ത്തിയതാണ്. എന്നാൽ അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ല. ഏൻറി റോമിയോ സ്ക്വാഡ് പോലുള്ള പദ്ധതികളിലൂടെ സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാൻ യോഗി ആദിത്യനാഥിനായി.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും പത്തു വർഷം തടവും ശിക്ഷ ഏർപ്പെടുത്തുമെന്നതുൾപ്പടെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലൂടെ ഭൂരിപക്ഷത്തിനെ ഒപ്പം കൂട്ടി. ഈ വാഗ്ദാനങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കാനാകും പുതിയ മന്ത്രിസഭയുടെ ആദ്യ ദൗത്യം.
അതേ സമയം പട്ടിണിയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് ഇപ്പോഴും യുപി. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാതെ നിയുക്ത മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam