കറുത്ത മാസ്കിന് വിലക്കില്ല; കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാര്‍
യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് ഉയര്‍ത്തിയ ആരോപങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും എറണാകുളത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലും നിന്നും കറുത്ത മാസ്കുകളും കറുത്ത വസ്ത്രം ധരിച്ചവരെയുമടക്കം പൊലീസ് നീക്കം ചെയ്തിരുന്നു. ഇത് ഏറെ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി.
കറുപ്പിന് വിലക്കില്ലെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാനായി പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ രാത്രിയില്‍ തന്നെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയിൽ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. രാവിലെ 10.30 ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക.
മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലും പരിപാടി നടക്കുന്ന സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അതിനാൽ തന്നെ പൊലീസ്, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വൈകീട്ടോടെ കണ്ണൂരിലെത്തിയ പിണറായി വിജയൻ, വീടിന്‍റെ പരിസരത്ത് രാത്രിയില്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാത്രി വീട്ടില്‍ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.
പൊലീസിന്‍റെ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടിൽ താമസിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
ഇന്നലെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലായിരുന്നു പ്രതിഷേധമുണ്ടായിരുന്നത്.
ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് പോകും.