വൃഷ്ടി പ്രദേശത്ത് മഴ; മുല്ലപ്പെരിയാര്‍ തുറന്നു, ആശങ്ക വേണ്ടെന്ന് മന്ത്രി
കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് കൂടി. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയര്‍ത്തി സെക്കന്‍റിൽ 534 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് തമിഴ‍്‍നാട് അറിയിച്ചിരുന്നത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മണിയോടെയാണ് ഒടുവിൽ ഷട്ടർ തുറന്നത്. മണിക്കൂറിൽ 0.1 ഘനയടി എന്ന തോതിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടർ തുറക്കുന്നത് തമിഴ‍്നാട് താമസിപ്പിച്ചത്. നേരത്തെ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക. രണ്ട് മണിക്കൂർ കഴിഞ്ഞാൽ 1,000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടിവന്നേക്കാമെന്നും മന്ത്രി പറഞ്ഞു. അതിനിടെ നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകി. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മഴ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ജി കെ പി വിജേഷ്, പ്രശാന്ത് ആല്‍ബര്‍ട്ട്, ശ്യാം, അരവിന്ദ് വി.
കേരളത്തിലും പ്രത്യേകിച്ച് മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശത്തും അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തെ മണ്‍സൂണില്‍ രാത്രി പല സമയങ്ങളില്‍ കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ തമിഴ്നാട്, മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത് താഴ്വാരത്തെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വർദ്ധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് ഇത്തവണ കേരളം അഭ്യർത്ഥിച്ചത്.
നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 1,000 ക്യുസെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ മുല്ലപ്പെരിയാര്‍ തുറക്കൂവെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വടക്കൻ കേരളത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫ്ലഡ് ടൂറിസം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ വാര്‍ത്താ പ്രചാരണത്തിന് കേസെടുക്കമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ ഇന്ന് രാവിലെ 11.30 തിന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഉച്ചയ്ക്ക് ഒരു മണിയിലേക്ക് നീട്ടി. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1,000 ഘനയടി ആയി ഉയർത്തും.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫിന്‍റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി.
എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിനിടെ പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്തുടങ്ങി. തിരുവല്ലം താലൂക്കില്‍ 42 ക്യാമ്പുകളിലായി 1315 പേരാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പത്തംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ പെയ്ത മഴവെള്ളം ഇന്ന് പടിഞ്ഞാറാന്‍ മേഖലയെ ദുരിതത്തിലാക്കി.
അപ്പര്‍കുട്ടനാട് മേഖലയിലെ നെടുമ്പ്രത്ത് വീടുകളെല്ലാം വെള്ളത്തിലാണ്. ഈ പ്രദേശങ്ങളില്‍ മുട്ടിന് മേലെ വെള്ളമാണ് കെട്ടിനില്‍ക്കുന്നത്. ഇതോടെ വീടുകള്‍ക്ക് ഉള്ളിലും വെള്ളം കയറി. നാല് ദിവസമായി പ്രദേശത്തെ വീടുകള്‍ വെള്ളത്തിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയായ പൊന്മുടിയില്‍ ഉരുള്‍പൊട്ടി. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ലയങ്ങള്‍ ഏതാണ്ട് ഒറ്റപ്പെട്ടനിലയിലാണ്.