വിഴിഞ്ഞം തുറമുഖ സമരം; കരയും കടലും തടയാന്‍ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും
വിഴിഞ്ഞം മുല്ലൂരിലുള്ള അദാനിയുടെ തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ രണ്ട് ഇടവകകളില്‍ നിന്നുള്ള സംഘങ്ങളാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് രാവിലെയോടെ പുതിയതുറ, പൂവാര്‍ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം സമരവുമായി തുറമുഖ കവാടത്തിലെത്തി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടെ തിരുവനന്തപുരത്തിന്‍റെ തീരശോഷണം ശക്തമായെന്നും അതിന് പരിഹാരം വേണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരവിന്ദ്, റോബര്‍ട്ട്.
തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പൂവാർ, പുതിയതുറ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞതായി പത്രങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്ന് അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു.
എന്നാല്‍, സമരസമിതി കണ്‍വീനറെയോ സമരസമിതിയെയോ ഇതുവരെയായും ഈ ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍റെ ഒരു സംവിധാനവും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ വിഷയവുമായി ലത്തീന്‍ അതിരൂപത സര്‍ക്കാറിനെ ബന്ധപ്പെടുന്നു. രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ട് വിഷയത്തിന്‍റെ ഗൗരവം വിശദമായി അറിയിച്ചതാണെന്നും വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു.
സമരത്തെ തുടര്‍ന്ന് ഇന്നലെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ സാമഗ്രികളുടെ സ്റ്റോക്കുള്ളത് കൊണ്ട് ഇന്ന് മുതല്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു. എന്നാല്‍, മുല്ലൂര്‍ കവാടം വഴി ഇന്ന് മുതല്‍ വിഴിഞ്ഞം തുറമുഖത്തേക്കുള്ള യാതൊരുവിധ നിര്‍മ്മാണ സാമഗ്രികളും കടത്തിവിടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
അതോടൊപ്പം 31 ആം തീയതി വരെ ശക്തമായ സമരം തുടരാനാണ് ലത്തീന്‍ സഭയുടെയും തീരദേശവാസികളുടെയും തീരുമാനം. അടുത്ത തിങ്കളാഴ്ച, അതായത് 22 -ാം തിയതി കരമാർഗ്ഗവും കടൽമർഗ്ഗവും വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തുമെന്നാണ് ലത്തീന്‍ അതിരൂപത അറിയിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം.
ഇന്നലത്തെ പോലെ കറുത്ത കൊടിയുയര്‍ത്തി കറുത്ത വസ്ത്രങ്ങളണിഞ്ഞ് അതിരൂപതയിലെ യുവാക്കളാണ് ഇന്നും സമരരംഗത്ത് മുന്നിലുള്ളത്. രാവിലെ തന്നെ നൂറ് കണക്കിന് മത്സ്യത്തൊഴിലാളി സ്ത്രീകളും പാത്രങ്ങളുമായി സമരസ്ഥലത്തെത്തിയെങ്കിലും മുല്ലൂര്‍ കവാടത്തിന്‍റെ രണ്ട് വശത്തും ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് റോഡ് തടഞ്ഞു. ചിലര്‍ ഡ്രമ്മുകളും ചെണ്ടകളുമായാണ് സമരസ്ഥലത്തെത്തിയത്. ഇന്നലെയും നൂറുകണക്കിന് തീരദേശവാസികളാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.
ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 17.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും സമരക്കാര്‍ പിന്തിരിയാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിന് വിഴിഞ്ഞം തുറമുഖത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സർക്കാറിന്‍റെ നിലപാട്. 7 വര്‍ഷമായി ഭവനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.
മുട്ടത്തറ വില്ലേജില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി, വിഴിഞ്ഞത്തെ ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഇതിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, പ്രശ്നപരിഹാരത്തിന് കൂട്ടായ ആലോചനയ്ക്ക് സാധ്യതയുണ്ടെന്ന് തന്നെയാണ് മന്ത്രി ആന്‍റണി രാജു പറയുന്നത്. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ അതിരൂപതയ്ക്ക് കീഴിലുള്ള തീരപ്രദേശത്തെ എല്ലാ പള്ളികളിലും രാവിലെ കുർബാനയ്ക്ക് ശേഷം കരിങ്കൊടി ഉയര്‍ത്തികൊണ്ടാണ് ഇന്നലെ സമര പരിപാടികള്‍ ആരംഭിച്ചത്.
വികസനം എന്ന ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഇതിനെതിരെ ആണ് സമരമെന്നാണ് സമരക്കാര്‍ പറയുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് കരയെയും കടലിനെയും കുറിച്ച് ശാസ്ത്രീയമായ പഠനം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. അതോടൊപ്പം പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാൻ നടപടി എടുക്കുക, മണ്ണെണ്ണെ വില വര്‍ദ്ധനവിന് പരിഹാരം കാണുക തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഏഷ്യാനെറ്റ് ന്യൂസിനോട് ആവശ്യപ്പെട്ടു. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.