പാകം ചെയ്യുന്നതിന് മുമ്പ് ഇറച്ചി കഴുകി വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇറച്ചി. ഇത് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ പാകം ചെയ്യുന്നതിന് മുമ്പ് ഇറച്ചി നന്നായി കഴുകി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇറച്ചി നന്നായി വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ.

വിനാഗിരി
ഇറച്ചിയിലെ അണുക്കളെ ഇല്ലാതാക്കാൻ വിനാഗിരി മതി. വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞളും ഇട്ടുകൊടുക്കാം. ശേഷം ഇതിലേക്ക് ഇറച്ചി മുക്കിവയ്ക്കാം. കുറച്ച് കഴിഞ്ഞ് കഴുകിയെടുക്കാവുന്നതാണ്.
കൈകൾ കഴുകാം
ഇറച്ചി കഴുകുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാതെ കഴുകുമ്പോൾ കൈകളിലെ അണുക്കൾ ഇറച്ചിയിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ ഉരച്ച് കഴുകാൻ ശ്രദ്ധിക്കണം. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കൈകൾ കഴുകേണ്ടതുണ്ട്.
നാരങ്ങ ഉപയോഗിക്കാം
പ്രകൃതിദത്തമായ രീതിയിൽ ഇറച്ചി വൃത്തിയാക്കാൻ നാരങ്ങ മതി. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർക്കണം. ശേഷം ഇറച്ചി ഇതിലേക്ക് 5 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുത്താൽ മതി.
ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം
ഉപ്പ് ഉപയോഗിച്ച് ഇറച്ചി നന്നായി വൃത്തിയാക്കാൻ സാധിക്കും. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കലർത്തണം. ശേഷം അതിലേക്ക് ഇറച്ചി മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
ശ്രദ്ധിക്കാം
വൃത്തിയുള്ള പാത്രം ഉപയോഗിച്ച് മാത്രമേ ഇറച്ചി കഴുകാൻ പാടുള്ളു. അടുക്കള സ്ലാബിലോ വൃത്തിയില്ലാത്ത പാത്രത്തിലോ ഇറച്ചി കഴുകാൻ പാടില്ല.

