ആവിക്കല്‍ മലിനജല സംസ്കരണ പ്ലന്‍റ്; സമരം ശക്തമാക്കാന്‍ സംയുക്ത സമരസമിതി
കോഴിക്കോട് കോർപ്പറേഷൻ മലിനജല സംസ്കരണ പ്ലാറ്റിനെതിരെ ആവിക്കൽ തോടിൽ ഇന്നും പ്രദേശവാസികളുടെ പ്രതിഷേധം. മണ്ണ് പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പ്രതിഷേധം നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ഒന്നര മണിക്കൂറോളം തീരദേശ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രദേശവാസികൾ കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചു. സമരത്തിന് കഴിഞ്ഞ ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൈകീട്ട് സംയുക്ത സമര സമിതി യോഗം ചേരും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട്.

മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ കൗണ്‍സിലര്‍ സൗഫിയ അനീഷിന്‍റെ നേതൃത്വത്തില്‍ സമരക്കാര്‍ അവിക്കല്‍ തോടിന് സമീപത്തെ തീരദേശ പാത ഉപരോധിച്ചു. ഉപരോധം ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ടു. ഒടുവില്‍ വെള്ളയില്‍ പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
സമരസമിതി നേതാക്കളുടെയും യുഡിഎഫിന്‍റെയും നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സംയുക്ത യോഗം വളിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമര സമിതി അറിയിച്ചു.
മലിനജല സംസ്കരണ പ്ലാന്‍റിന് വേണ്ടി കരാര്‍ ഏറ്റെടുത്ത കമ്പനി ഭൂമി അളക്കാനായി എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ തേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിനിടയിലും സര്‍വ്വേ നടപടികള്‍ നടന്നു. മണ്ണ് പരിശോധന അടക്കമുള്ള നടപടികളാണ് ഇന്ന് നടന്നത്.
പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് കോഴിക്കോട് എംപി എം കെ രാഘവന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ല സുരക്ഷാ മുന്‍കരുതലുമെടുത്താണ് മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനമെന്നായിരുന്നു ജില്ലാ കലക്ടര്‍ പറഞ്ഞത്.
കേന്ദ്രസര്‍ക്കാറിന്‍റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വെള്ളയില്‍ ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റ് തുടങ്ങുന്നതെന്നും ജില്ല കലക്ടര്‍ അറിയിച്ചു. മലിനജല സംസ്കരണ പ്ലാന്‍റിനുള്ള നീക്കം തുടങ്ങിയപ്പോള്‍ തന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു.
സമാന രീതിയില്‍ തിരുവനന്തപുരത്ത് നിര്‍മ്മിച്ച മലിനജല സംസ്കരണ സംസ്കരണ പ്ലാന്‍റ് , കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികളെ കാണിക്കുകയും പ്ലാന്‍റ് വരുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളുണ്ടാവുകയില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് വെള്ളയില്‍ പ്ലാന്‍റിന് തുടക്കമിട്ടതെന്ന് കോര്‍പ്പറേഷനും പറയുന്നു.
എന്നാല്‍, രാഷ്ട്രീയമായി നീങ്ങാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കോര്‍പ്പറേഷന് എതിരെ നടത്തുന്ന സമരത്തിന്‍റെ ഭാഗമാക്കി സമരം ശക്തിപ്പെടുത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സംയുക്തസമരസമിതി യോഗം വിളിച്ചിരിക്കുന്നത്.
ഇന്നലെ സ്ത്രീകളുള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധത്തിനെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ത്രീകടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇന്നത്തെ സംയുക്ത സമര സമിതി യോഗത്തോടെ സമരം ശക്തമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.
കോഴിക്കോട് കോതിയില്‍ ആറ് ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റും ആവിക്കല്‍ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും നിര്‍മിക്കാനാണ് അനുമതിയായിട്ടുള്ളത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ടും വകയിരുത്തിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായ എംബിബിആര്‍ എന്ന നൂതന ടെക്‌നോളജി ഉപയോഗിച്ചാണ് കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കല്‍ തോട് എന്നിവിടങ്ങളില്‍ രണ്ട് മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പ്രദേശവാസികളെ തിരുവനന്തപുരത്തെ മാലിന്യ പ്ലാന്‍റ് കാണിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam