ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ റാമ്പില്‍ ചുവടുവച്ച് 'താടി'ക്കാര്‍
കൊവിഡ് (Covid 19)വന്നതോടെ പുരുഷന്മാര്‍ക്കിടയില്‍ താടിക്കാരുടെ എണ്ണം കൂടി. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതും സ്വന്തമായി താടി വടിച്ചാല്‍ ശരിയാകില്ലെന്ന തോന്നലും പുരുഷന്മാരെ താടി വളര്‍ത്താന്‍ പ്രേരിപ്പിച്ചു. പല ഹോളീവുഡ് താരങ്ങളും ലോക്ഡൌണിനിടെ താടി വളര്‍ത്താന്‍ തുടങ്ങിയത് ഹോളിവുഡില്‍ സംസാര വിഷയമായിരുന്നു. പലപ്പോഴും ഇത്തരം താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ്യമാധ്യമ പേജികളില്‍ ഇത് സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകളും അരങ്ങേറി. കെവിൻ ഹാർട്ട്, ലോഗൻ ലെർമാൻ, ക്രിസ് പ്രാറ്റ്, പാറ്റൺ ഓസ്വാൾട്ട് തുടങ്ങിയ നിരവധി ഹോളുവുഡ് താരങ്ങളും ശരത് കുമാര്‍, ചിമ്പു, അരുണ്‍വിജയ് തുടങ്ങിയ ഇന്ത്യന്‍ തങ്ങളും തങ്ങളുടെ ക്ലീന്‍ ഷേവ് പദ്ധതി ഉപേക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് കൊവിഡിളവുകള്‍ക്കിടെ കൊച്ചിയില്‍ താടിക്കാരൊത്ത് ചേര്‍ന്നത്. പരിപാടിക്കെത്തിയ താടിക്കാരില്‍ 23 പേര്‍ റാമ്പിലും ചുവട് വച്ചു. കാണാം ആ കാഴ്ചകള്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.
താടി വളര്‍ത്തുന്നവരെല്ലാം ലഹരിക്ക് അടിമപ്പെട്ടവരാണെന്നൊരു ധാരണ പൊതുസമൂഹത്തിലുണ്ട്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ കൂടിയായിരുന്നു ഈ ഒത്തു ചേരലിന്‍റെ ലക്ഷ്യം.
പല തരത്തില്‍ നീട്ടി വളര്‍ത്തി വെട്ടിയൊതുക്കിയ സുന്ദരന്‍ താടികളുമായി കുറച്ചേറെ പേര്‍ വന്നതോടെ 'ഏറ്റവും സുന്ദരനായ താടിക്കാരനെ' കണ്ടെത്താനായി ഫാഷന്‍ പരേഡും നടന്നു.
ഒരു ആന്ധ്രാ സ്വദേശി അടക്കം 23 പേരാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. പരിപാടിയില്‍ നിന്നും പിരിഞ്ഞ് കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
'മുഖസൌന്ദര്യത്തിന്‍റെ ഒരു ഭാഗമാണ് താടിയെന്ന് പറയുന്നത്. അതിന്‍റെതായ രീതിക്ക് പ്രമുഖ്യം കൊടുത്ത് വളര്‍ത്തുമ്പോള്‍ മുഖത്ത് പ്രത്യേക സൌന്ദര്യമുണ്ടാകു'മെന്ന് മുന്‍ നാഷണല്‍ ബിയേഡ് ചാംപ്യന്‍ പ്രവീണ്‍ പരമേശ്വര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, കാണുന്നത് പോലെ ലളിതമല്ല കാര്യങ്ങളെന്നാണ് 'താടിക്കാരെ'ല്ലാം പറയുന്നത്. ചെറുതല്ലാത്ത ചിലവുള്ള കാര്യമാണ് താടിവളര്‍ത്തല്‍. അത് വെറുതെ അങ്ങ് വളര്‍ത്തുന്നതല്ല എന്ന് അര്‍ത്ഥം.
നവംബര്‍ ഒന്ന് മുതല്‍ ലോക പുരുഷ ദിനമായ (International Men's Day) സെപ്തംബര്‍ 19 വരെ സംഘടനയില്‍ അംഗമായ താടിക്കാരാരും സ്വന്തം താടി പരിപാലിക്കാനായി കാല്‍കാശ് മുടക്കില്ലത്രേ.
ഇരുപത് ദിവസം താടിക്കായി എത്ര രൂപയാണോ ഓരോരുത്തരും ചിലവാകുന്നത് അത്രയും പണം സംഘടനയിലുള്ള എല്ലാവരും സ്വരൂപിച്ച് വയ്ക്കും.
പിന്നീട് ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും. ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്ന് കൊച്ചിയിലെ താടിക്കാര്‍ പറയുന്നു. സെപ്തംബര്‍ മൂന്നിനാണ് ലോക താടി ദിനം (World Beard Day).