അനീഷിനെ കൊന്നത് അച്ഛനായാലും അമ്മാവനായാലും ശിക്ഷ ഉറപ്പാക്കും: ഭാര്യ ഹരിത
2019 ലാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ ജോസഫിന്‍റെ മകന്‍ കെവിന്‍ പി ജോസഫിനെ ഭാര്യ നീനുവിന്‍റെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാന ജാതിക്കൊലയായി കണക്കാക്കപ്പെട്ട കേസാണിത്. എന്നാല്‍ അതിനും മുമ്പ് 2018 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മലപ്പുറം മഞ്ചേരി അരീക്കോട് ആതിരയെ ഒരു ദളിത് യുവാവുമായി വിവാഹം തീരുമാനിച്ചതിന് തലേന്ന് അച്ഛന്‍ ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി കൊല്ലുകയായിരുന്നു. ദുരഭിമാനക്കൊല എന്ന പേരിലറിയപ്പെട്ട ജാതിക്കൊലകള്‍ക്ക് കേരളത്തിലും വേര് പിടിച്ചി രണ്ട് സംഭവങ്ങളായിരുന്നു ഇവ. പുരോഗമന സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ 2020 ല്‍ ജാതിക്കൊലകള്‍ ആവര്‍ത്തിക്കുകയാണ്. ഡിസംബര്‍ 25 പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്‍റെ കൊലയും ജാതിക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. ചിത്രങ്ങള്‍ ഷിജു അലക്സ്
ഇനിയുള്ള കാലം അനീഷിന്‍റെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കും. ഇവിടെ ഇരുന്ന് പഠിക്കണം. ഒരു സര്‍ക്കാര്‍ ജോലി നേടണം. അനീഷ് എങ്ങനെ അച്ഛനമ്മമാരെ നോക്കിയോ അതുപോലെ എനിക്കും അനീഷിന്‍റെ അച്ഛനമ്മമാരെ നോക്കണമെന്നും ഹരിത പറഞ്ഞു.
അനീഷിനെ കൊന്നത് അച്ഛനായാലും അമ്മാവനായാലും കടുത്ത ശിക്ഷതന്നെ വാങ്ങിക്കൊടുക്കണെന്നും ഹരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് തെളിവെടുപ്പിനിടെ അനീഷിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങളും കൊല നടത്തിയ രീതിയും ഹരിതയുടെ അച്ഛന്‍ സുരേഷും അമ്മാവന്‍ പ്രഭുകുമാറും പൊലീസിനോട് വിവരിച്ചു.
സ്വന്തം മകളെ പോലെ ഹരിതയെ സംരക്ഷിക്കും പഠിപ്പിക്കും. എന്നാല്‍ കുടുംബത്തെ സ്ഥിതി ഏറെ പരിതാപകരമാണെന്നും ഹരിതയുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അനീഷിന്‍റെ അച്ഛന്‍ ആറുമുഖൻ പറഞ്ഞു. ഇതുവരെ ഉള്ള അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ സുരേഷിനെയും പ്രഭു കുമാറിനെയും മുന്നില്‍ നിര്‍ത്തി ഹരിതയുടെ മുത്തച്ഛനാണ് ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്നും അറുമുഖന്‍ ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പുറകിൽ കുമരേഷൻ പിള്ളയാണെന്നും ആറുമുഖൻ പറഞ്ഞു. എന്നാല്‍, ഹരിതയുടെ വിവാഹത്തില്‍ സാമ്പത്തിക അന്തരം മാത്രമാണ് വിഷമമുണ്ടാക്കിയതെന്നും കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കണമെന്നും കുമരേശന്‍ പിള്ള പറഞ്ഞു.
തെളിവെടുപ്പിനിടെ അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരെ കൊലപാതകം നടന്ന മാനാം കുളമ്പ് കവലയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇരുവരും കൃത്യം നടത്തിയ രീതി പൊലീസിന് വിശദീകരിച്ചു. കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിന് തള്ളിയിട്ടു എന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഒന്നാം പ്രതി സുരേഷ് ചെറുതുപ്പലൂർ ഉള്ള വീട്ടിൽ നിന്നാണ് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെടുത്തു.
പിന്നീട് രണ്ടാം പ്രതി പ്രഭു കുമാറിൻറെ വീട്ടിൽ നിന്ന് ഇരുമ്പ് വടിയും, വസ്ത്രങ്ങളും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പി സമീപത്തുള്ള തോട്ടിൽ ആണ് ഇവർ ഉപേക്ഷിച്ചത്. ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് അനീഷിനോടുള്ള വൈരാഗ്യമെന്ന് പ്രതികൾ മൊഴി നൽകി. അനീഷുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികൾ മൊഴി നൽകി.