Whale Shark: ചെറിയതുറ തീരത്തടിഞ്ഞ് വെള്ളുടുമ്പന്‍ സ്രാവ്; ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം ചെറിയതുറ (Cheriyathura) തീരത്ത് വെള്ളുടുമ്പന്‍ സ്രാവ് (whale shark ) തീരത്തടിഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയുടെ പല ഭാഗത്തായി വെള്ളുടുമ്പന്‍ സ്രാവിനെ കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പുറകെയാണ് ഇന്നലെ വൈകുന്നേരത്തോടെ വലിയതുറയ്ക്കും ചെറിയതുറയ്ക്കും ഇടയിലായി ചെറിയതുറ പള്ളിയുടെ സമൂപത്തെ കടല്‍ത്തീരത്ത് വെള്ളുടുമ്പന്‍ സ്രാവ് അടിഞ്ഞത്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം വിരിച്ച വലയിലായിരുന്നു ആദ്യം വെള്ളുടുമ്പന്‍ സ്രാവ് അകപ്പെട്ടത്. തിമിംഗല സ്രാവെന്നും അറിയപ്പെടുന്ന ഇതിനെ മത്സ്യത്തൊഴിലാളികള്‍ വലയില്‍ നിന്നും രക്ഷപ്പെടുത്തി വിട്ടയച്ചിരുന്നു. ചെറിയതുറയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് അജിത്ത് ശംഖുമുഖം.
വലിയതുറ പ്രദേശത്തും വലിയുടുമ്പന്‍ സ്രാവിനെ മത്സ്യബന്ധനതൊഴിലാളികള്‍ കണ്ടതായി ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ചെറിയതുറ പള്ളിയുടെ സമീപത്തെ കടല്‍ത്തീരത്ത് വെള്ളുടുമ്പന്‍ സ്രാവ് അടിഞ്ഞത്. കടലില്‍ അസാധാരണമായ സംഭവങ്ങളുണ്ടാകുമ്പാളാണ് ഇത്തരത്തില്‍ വലിയുടുമ്പന്‍ സ്രാവ് കടല്‍ത്തീരത്തെത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സാധാരണയായി കടലിന്‍റെ അടിത്തട്ടിലാണ് ഇവ കഴിയുന്നത്. അടിത്തട്ടിലുണ്ടാകുന്ന അസാധാരണമായ കാരണങ്ങള്‍ക്കൊണ്ട് ഇവ തീരത്തേക്ക് വരികയും തിരയില്‍പ്പെട്ട് തീരത്തടിയുകയുമാണ് പതിവെന്ന് പ്രദേശവാസിയായ അജിത്ത് ശംഖുമുഖം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
തീരത്തേക്കുള്ള ഇവയുടെ വരവിന് പിന്നാലെ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യയുണ്ടെന്ന് പണ്ട് തീരപ്രദേശത്ത് നിലനിന്നിരുന്ന വിശ്വാസം. കഴിഞ്ഞ ദിവസം മുതലപ്പൊഴി പെരുമാതുറ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ എം എച്ച് വള്ളം വിരിച്ച വലയിലാണ് വെള്ളുടുമ്പന്‍ സ്രാവ് അകപ്പെട്ടത്.
മത്സ്യബന്ധനത്തിനിടെ വലയിലായ സ്രാവിനെ വല തിരിച്ച് വിട്ട് കടലിലേക്ക് തന്നെ വിട്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. അടുത്തകാലത്തായി മുതലപ്പൊഴി അടക്കമുള്ള കേരളത്തിന്‍റെ തെക്കന്‍ കടല്‍ത്തീരത്ത് വെള്ളുടുമ്പന്‍ സ്രാവിനെ പതിവായി കാണാറുണ്ടെന്ന് ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളും പറയുന്നു.
വെള്ളുടുമ്പന്‍ സ്രാവിനെ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഇനങ്ങളിലൊന്നായ ഇവയെ കണ്ടുവരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവയെ കടലിന്‍റെ ഉപരിതലത്തിലും തീരത്തോട് ചേര്‍ന്നും ഇവയെ കണ്ടുവരുന്നു. കോവളം പ്രദേശത്ത് മുമ്പ് വെള്ളുടുമ്പന്‍ സ്രാവിനെ കരമടയില്‍ വലയില്‍ കുടുങ്ങിയ നിലയില്‍ ലഭിച്ചിരുന്നു.
ഇതിനെയും അന്ന് കടലിലേക്ക് തന്നെ തുറന്ന് വിട്ടിരുന്നു. തൊലിപ്പുറത്ത് വെളുത്തപുള്ളികള്‍ ഉള്ളതിനാലാണ് ഇവയെ വെള്ളുടുമ്പന്‍ സ്രാവെന്ന് വിളിക്കുന്നത്. തിമിംഗല സ്രാവെന്നും ഇവയ്ക്ക് പേരുണ്ട്. പൊതുവെ ശാന്തശീലരാണ് ഇവയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഇനങ്ങളിലൊന്നായ വെള്ളുടുമ്പ് സ്രാവ് (തിമിംഗല സ്രാവ് ) ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. വന്യജീവി നിയമപ്രകാരം ഇവ സംരക്ഷിത മത്സ്യമാണ്.
അതിനാല്‍ തന്നെ ഇവയെ പിടിക്കൂടുന്നതും കൊല്ലുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നു. കടലിന്‍റെ ഉപരിതലത്തിലെ ചൂട് കൂടുന്നതും മറ്റ് കടല്‍ ദുരന്തങ്ങളും കടലിലെ മത്സ്യസമ്പത്തിലുണ്ടായ കുറവും തിമിംഗല സ്രാവ് പോലുള്ള വലിയ മത്സ്യങ്ങളുടെ ജൈവീക ആവാസവ്യവസ്ഥയെ ഏറെ ദോഷകരമായാണ് ബോധിക്കുന്നതെന്ന് ഈ രംഗത്തെ വിവിധ പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു.
കടലില്‍ ചൂട് കൂടുന്നതിനെ തുടര്‍ന്ന് ഇവയെ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തിന്‍റെ തെക്കന്‍ തീരപ്രദേശത്ത് സാധാരണയായി കണ്ടുവരുന്നത്. വെള്ളുടുമ്പന്‍ സ്രാവ് കൂട്ടമായി സഞ്ചരിക്കുന്നവയല്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ തീരപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ വെള്ളുടുമ്പന്‍ സ്രാവ് തന്നെയാകാം ഇപ്പോള്‍ ചെറിയതുറ തീരത്ത് അടിഞ്ഞതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നു.
ഇന്ത്യയില്‍ ആദ്യമായി സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഒരു മത്സ്യമാണ് തിമിംഗല സ്രാവ്. ഇന്ത്യന്‍ തീരങ്ങളില്‍ ഗുജറാത്ത് ഭാഗത്താണ് തിമിംഗല സ്രാവിനെ ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്. രണ്ടാമതായി ഇവയെ കാണുന്നത് മിനിക്കോയ് തീരപ്രദേശത്തും ലക്ഷദ്വീപ് ഭാഗങ്ങളിലുമാണ്. കേരളതീരത്തിന്‍റെ തീരപ്രദേശത്ത് തെക്കന്‍ ജില്ലകളോട് ചേര്‍ന്നാണ് കൂടുതലായിലും തിമിംഗല സ്രാവിനെ കണ്ട് വരുന്നത്.
പ്രത്യേകിച്ചും കന്യാകുമാരിക്കും കൊച്ചിക്കുമിടയിലുള്ള പ്രദേശത്താണ് ഇവയെ കണ്ട് വരുന്നതെന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിസര്‍ച്ച് അസിസ്റ്റന്‍റ് സേതു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാധാരണയായി തിമിംഗല സ്രാവിനൊപ്പം ധാരാളം ചെറു മത്സ്യങ്ങളുമുണ്ടാകും. പ്രധാനമായും തിമിംഗല സ്രാവ് കഴിച്ച ഉപേക്ഷിക്കുന്ന ഭക്ഷണം തേടിയാണ് ഇത്തരം ചെറുമത്സ്യങ്ങള്‍ ഇവയ്ക്കൊപ്പം നീന്തുന്നതെന്നും ഈ രംഗത്ത് ഗവേഷണം ചെയ്യുന്ന സേതു പറഞ്ഞു.
കൂടുതല്‍ വായിക്കാം: മുതലപ്പൊഴിയില്‍ വലയിലായ വെള്ളുടുമ്പന്‍ സ്രാവിനെ തിരിച്ചയച്ചു; വീഡിയോ കാണാം