കടം വാങ്ങിയവര്‍, എഴുതിത്തള്ളിയ കടങ്ങള്‍; അറിയാം ചിലരെ

First Published Apr 30, 2020, 7:11 PM IST


മഹാമാരിയില്‍പ്പെട്ട് ലോകത്തോടൊപ്പം ഇന്ത്യയും ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. വ്യാപാരം, വ്യവസായം, ഗതാഗതം എന്നിങ്ങനെ സമസ്ത മേഖലകളും നിശ്ചലമായിരിക്കുന്നു. ജനങ്ങളുടെയും സര്‍ക്കാറിന്‍റെയും വരുമാനം കുത്തനെ കുറഞ്ഞു. ഇന്ത്യയെ പോലൊരു മൂന്നാംലോക രാജ്യത്തെ, സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ കുത്തനെയുള്ള ഇടിവ് ഏങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കൊറോണാ വൈറസിനെതിരേയുള്ള പോരാട്ടം വിജയിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളും മാസ്കും, രോഗികള്‍ക്കായി വെറ്റിലേറ്ററുകളും മറ്റ് പരിശോധനാ സാമഗ്രികളും വാങ്ങാന്‍ തന്നെ കോടികളാണ് ചെലവ്. വരുമാനനഷ്ടത്തിനിടെ ചെലവ് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്‍റെ വളര്‍ച്ചയെ ബാധിക്കും. പ്രത്യേകിച്ചും, കൊവിഡ് 19 വൈറസിനെ പോലുള്ള മഹാമാരിയുടെ രോഗവ്യാപന സമയത്ത്. 


രോഗ വ്യാപനത്തിന് മുമ്പ് തന്നെ വിവിധ ലോകബാങ്കുകളില്‍ വിവിധ വായ്പയ്ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് സാകേത് ഗോഖലെ എന്ന വിവരാവകാശപ്രവര്‍ത്തകന്‍റെ അപേക്ഷയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയത്. രാജ്യത്ത് എഴുതിത്തള്ളിയ വായ്പകളുടെ കണക്കാണ് സാകേത് ഗോഖലെ ആവശ്യപ്പെട്ടത്. 2019 സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം വായ്പ തിരികെ അടയ്ക്കാതെ കിട്ടാകടമായി കിടന്നിരുന്ന 68,607 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി.

 

ആര്‍ബിഐയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാറാണ് വായ്പയെടുത്ത അന്‍പത് പേരുടെയായി 68,607 കോടി രൂപ എഴുതി തള്ളിയ കാര്യം വിശദമാക്കിയത്. വിജയ് മല്യയും മെഹുൽ ചോക്സിയും അടക്കമുള്ളവരുടെ വായ്പയാണ് എഴുതി തള്ളിയത്. വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് ഫെബ്രുവരി 16 ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക്, ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ മറച്ചുവച്ച വിവരമാണ് ഇപ്പോള്‍ വിവരാവകാശ രേഖയിലൂടെ വെളിച്ചം കണ്ടത്.