2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച 10 രാജ്യങ്ങൾ
കോവിഡ് കാലത്തിന് ശേഷം ആഗോള തലത്തിൽ യാത്രകളുടെ എണ്ണത്തിലും ക്വാളിറ്റിയിലുമെല്ലാം വലിയ വ്യത്യാസമാണ് ഉണ്ടായത്. മറ്റൊരു വർഷം കൂടി വിട പറയാനൊരുങ്ങവെ 2025ലെ യാത്രാ കണക്കുകൾ പുറത്തുവിട്ട് യുഎൻ ടൂറിസം.

കോടിക്കണക്കുകൾ
2025 ജനുവരി മുതല്‍ ജൂണ്‍ വരെ 69 കോടി സഞ്ചാരികളാണ് വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.3 കോടി പേരുടെ വര്‍ധനവ് രേഖപ്പെടുത്തി. അത്തരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ജപ്പാന്‍
2025ന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതൽ സഞ്ചാരികള്‍ എത്തിയ രാജ്യമാണ് ജപ്പാൻ. 2024ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2025 ആദ്യപകുതിയില്‍ 21% കൂടുതല്‍ സഞ്ചാരികളാണ് ജപ്പാനിലെത്തിയത്.
വിയറ്റ്‌നാം
ഈ വർഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ രാജ്യമായ വിയറ്റ്‌നാമാണ് രണ്ടാമത്. വിയറ്റ്‌നാമിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 2024 ആദ്യ പകുതിയെ അപേക്ഷിച്ച് 2025ല്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ദക്ഷിണകൊറിയ
പട്ടികയിൽ മറ്റൊരു ഏഷ്യന്‍ രാജ്യമായ ദക്ഷിണകൊറിയയാണ് മൂന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മൊറോക്കോ
ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യത്തിന് പുറമെ ആഫ്രിക്കയും സഞ്ചാരികളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. നാലാം സ്ഥാനത്ത് മൊറോക്കോയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 ആദ്യ പകുതിയില്‍ 19% ആണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്.
മെക്‌സിക്കോ
ടൂറിസം മേഖലയിൽ വടക്കേ അമേരിക്ക അത്ര സജീവ സാന്നിധ്യമല്ല. എന്നാലും മെക്സിക്കോയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ 7% വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നെതര്‍ലന്‍ഡ്
യൂറോപ്പിൽ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. 2025ന്റെ ആദ്യ പകുതിയില്‍ 7% വര്‍ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.
മലേഷ്യ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ചാരികളുടെ എണ്ണത്തില്‍ 9 ശതമാനം വളര്‍ച്ചയുമായി മലേഷ്യയാണ് 7-ാം സ്ഥാനത്ത്.
ഇന്തോനേഷ്യ
സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയില്‍ ഇന്തൊനേഷ്യയും പിന്നിലല്ല. ഏഷ്യ പസഫിക് മേഖലയിലെ മികച്ച വ്യോമഗതാഗത സൗകര്യം, പ്രാദേശിക ഗതാഗത സൗകര്യങ്ങൾ എന്നിവ ഇന്തോനേഷ്യയെ അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.
ഹോങ്കോങ്
9-ാം സ്ഥാനത്ത് ഹോങ്കോങ് ഇടംപിടിച്ചു. 2024നെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയില്‍ 7% അധികം സഞ്ചാരികൾ ഹോങ്കോങിൽ എത്തി.
ഫ്രാന്‍സ്
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയ 10-ാം രാജ്യം ഫ്രാൻസാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ 5% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്പെയിനിന്റെ കാര്യത്തിലും കണക്കുകൾ സമാനമാണ്.

