19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉംലിങ് ലായുടെ റെക്കോര്‍ഡാണ് മിഗ് ലാ മറികടന്നിരിക്കുന്നത്. തന്ത്രപ്രധാന മേഖലകളിലെ സുരക്ഷയും കണക്ടിവിറ്റിയും ഒരുപോലെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. 

ലഡാക്ക്: ലഡാക്കിൽ ലോക റെക്കോർഡ് സ്ഥാപിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ). ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ പാതയെന്ന റെക്കോർഡ് ഇനി മി​ഗ് ലായ്ക്ക് സ്വന്തം. സമുദ്രനിരപ്പിൽ നിന്ന് 19,400 അടി ഉയരത്തിലാണ് പുതുതായി പൂർത്തിയാക്കിയ ലികാരു–മിഗ് ലാ–ഫുക്ചെ റോഡ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ഉംലിങ് ലാ പാസിന് (19,024 അടി) റെക്കോർഡ് നഷ്ടമായി. ഹാൻലെ മേഖലയെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള അതിർത്തി ഗ്രാമമായ ഫുക്ചെയുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയാണിത്. അതിനാൽ തന്നെ ലഡാക്കിലെ തന്ത്രപ്രധാനമായ റോഡ് ശൃംഖലയ്ക്ക് ഒരു നിർണായക കൂട്ടിച്ചേർക്കലായാണ് ലികാരു–മിഗ് ലാ–ഫുക്ചെ റോഡ് വിലയിരുത്തപ്പെടുന്നത്.

കഠിനമായ ശൈത്യകാലത്ത് പലപ്പോഴും ഒറ്റപ്പെടുന്ന പ്രദേശവാസികൾക്ക് ഈ റോഡ് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. പ്രവചനാതീതമായ കാലാവസ്ഥ, പൂജ്യത്തിന് താഴെയുള്ള താപനില, പരിമിതമായ ഓക്സിജൻ അളവ്, അപകടകരമായ ഭൂപ്രകൃതി എന്നിവയെ മറികടന്നാണ് പ്രോജക്റ്റ് ഹിമാങ്ക് പ്രകാരം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ റോഡ് നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയത്. തന്ത്രപ്രധാന മേഖലകളിലെ സുരക്ഷയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാനും പുതിയ റോഡ് സഹായിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ പാതകളുടെ കാര്യത്തിൽ പലപ്പോഴും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. മുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ പാതയായി കണക്കാക്കിയിരുന്നത് ഖാർദുങ് ലായെ ആയിരുന്നു. പിന്നീട് 19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉംലിങ് ലാ നിർമ്മിച്ചതോടെ ഖാർദുങ് ലായ്ക്ക് റെക്കോർഡ് നഷ്ടമായി. ഇപ്പോൾ ഇതാ 19,400 അടി ഉയരത്തിൽ നിർമ്മിച്ച മി​ഗ് ലാ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഉയരത്തിൽ ഓക്സിജന്റെ അളവ് സമുദ്രനിരപ്പിനേക്കാൾ ഏകദേശം 50% കുറവായിരിക്കും.