- Home
- Yatra
- Destinations (Yatra)
- കുറച്ച് മണിക്കൂറുകൾ, ഏറിയാൽ ഒരു ദിവസം; ഈ 5 ചെറിയ രാജ്യങ്ങൾ സന്ദർശിക്കാൻ ഇത്രയും സമയം മതി!
കുറച്ച് മണിക്കൂറുകൾ, ഏറിയാൽ ഒരു ദിവസം; ഈ 5 ചെറിയ രാജ്യങ്ങൾ സന്ദർശിക്കാൻ ഇത്രയും സമയം മതി!
ലോകത്തിലെ ഏറ്റവും സുന്ദരമായ ചില രാജ്യങ്ങൾ വളരെ ചെറുതാണെന്ന കാര്യം പലർക്കും അറിയില്ല. ഏതാനും മണിക്കൂറുകൾ, അല്ലെങ്കിൽ ഏറിയാൽ ഒരു ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാം. നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ചേർക്കാൻ കഴിയുന്ന ചില രാജ്യങ്ങൾ ഇതാ.

വത്തിക്കാൻ സിറ്റി
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. വെറും 0.2 ചതുരശ്ര മൈൽ മാത്രം വിസ്തൃതിയുള്ളതിനാൽ നിങ്ങൾക്ക് കാൽനടയായി പോലും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. കത്തോലിക്കാ സഭയുടെ ആത്മീയ കേന്ദ്രവും അതിശയിപ്പിക്കുന്ന നിധികളുടെ കലവറയുമാണ് വത്തിക്കാൻ. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, വത്തിക്കാൻ മ്യൂസിയങ്ങൾ, സിസ്റ്റൈൻ ചാപ്പൽ എന്നിവ കാണേണ്ടത് തന്നെയാണ്.
മൊണാക്കോ
ഗ്ലാമർ, ലക്ഷ്വറി എന്നിവ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ സ്ഥലമാണ് മൊണാക്കോ. 0.78 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഇവിടുത്തെ യാച്ചുകൾ, കാസിനോകൾ, അതിശയകരമായ കടൽ കാഴ്ചകൾ എന്നിവ കാണേണ്ടവയാണ്. മോണ്ടെ കാർലോ തുറമുഖം, പ്രിൻസസ് പാലസ്, പ്രശസ്തമായ കാസിനോ ഡി മോണ്ടെ-കാർലോ എന്നിവയും സന്ദർശിക്കുക.
ലിച്ചെൻസ്റ്റൈൻ
സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിൽ കിടക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. ഏകദേശം 25 കിലോമീറ്റർ മാത്രമേ നീളമുള്ളൂ എന്നതിനാൽ ഒരു മണിക്കൂറിനുള്ളിൽ ഈ രാജ്യം മുഴുവൻ വാഹനമോടിക്കാൻ സാധിക്കും. വാഡൂസിന്റെ മനോഹരമായ തെരുവുകളിലൂടെ ചുറ്റിനടന്ന് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടകൾ സന്ദർശിച്ച് ആൽപൈൻ കാഴ്ചകളിൽ മുഴുകാം. രാജ്യം ചെറുതാണെങ്കിൽ പോലും കാഴ്ചകളിൽ റിച്ചാണ് ലിച്ചെൻസ്റ്റൈൻ.
സാൻ മരീനോ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കുകളിൽ ഒന്നാണ് മരിനോ. വടക്കൻ ഇറ്റലിയിലെ ഒരു പർവതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെറും 24 ചതുരശ്ര മൈൽ വിസ്തീർണ്ണം മാത്രമാണ് സാൻ മരീനോയ്ക്കുള്ളത്. ഇവിടെയുള്ള പ്രശസ്തമായ ഗോപുരങ്ങളിൽ കയറാനും, കല്ലുപാകിയ തെരുവുകളിലൂടെ നടക്കാനും, ഇറ്റാലിയൻ ഗ്രാമപ്രദേശങ്ങളുടെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാനും ഒരു ദിവസം മതി. ഇവിടെയുള്ള പ്രാദേശിക ഇറ്റാലിയൻ ഭക്ഷണശാലകളിൽ നിന്ന് രുചികരമായ ഭക്ഷണം കഴിക്കാൻ മറക്കരുത്.
മാൾട്ട
ചരിത്രത്തിന്റെയും മെഡിറ്ററേനിയൻ മനോഹാരിതയുടെയും ഒരു മിശ്രിതമാണ് മാൾട്ട. പുരാതന നഗരമായ മഡിനയിൽ ചുറ്റിനടക്കാം, മനോഹരമായ കടൽത്തീര കാഴ്ചകളുള്ള വല്ലെറ്റയുടെ വർണ്ണാഭമായ തെരുവുകൾ ആസ്വദിക്കാം, അങ്ങനെ ഈ ചെറിയ രാജ്യത്ത് ധാരാളം കാര്യങ്ങൾ കാണാനുണ്ട്. ഗോൾഡൻ ബീച്ചുകൾ, അതിശയിപ്പിക്കുന്ന നീല ജലാശയങ്ങൾ, നൂറ്റാണ്ടുകളായുള്ള സംസ്കാരങ്ങളുടെ മിശ്രിതം തുടങ്ങി ചെറിയ പാക്കേജുകളിൽ വരുന്ന വലിയ അനുഭവങ്ങളുടെ നിർവചനമാണ് മാൾട്ട.

