- Home
- Yatra
- Destinations (Yatra)
- വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യാം; ഇതാ കേരളത്തിലെ അതിമനോഹരമായ 10 സ്ഥലങ്ങൾ
വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യാം; ഇതാ കേരളത്തിലെ അതിമനോഹരമായ 10 സ്ഥലങ്ങൾ
ബീച്ചുകളും മലനിരകളും സാഹസികതയുമെല്ലാം ആസ്വദിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന 10 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

മൂന്നാർ
കേരളത്തിലെത്തുന്ന സഞ്ചാരികളുടെയും മലയാളികളുടെയുമെല്ലാം പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് മൂന്നാർ. പച്ച പുതച്ച തേയിലത്തോട്ടങ്ങളും കോടമഞ്ഞും ട്രക്കിംഗുമെല്ലാം സഞ്ചാരികൾക്കായി മൂന്നാർ കാത്തുവെച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നാറിലെ പലയിടത്തും നീലക്കുറിഞ്ഞി പൂക്കുകയും ചെയ്തിട്ടുണ്ട്.
കോവളം
കുന്നുകളും കാടുകളും ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ ബീച്ചുകളെ പ്രണയിക്കുന്നവരും ഏറെയാണ്. അത്തരക്കാർക്ക് അനുയോജ്യമായ സ്ഥലമാണ് കോവളം. ലൈറ്റ് ഹൌസ്, കഫേകൾ, സ്പാകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവ കോവളം വാഗ്ദാനം ചെയ്യുന്നു. നിരവധി താമസ സൌകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ആലപ്പുഴ
ഹൌസ് ബോട്ടുകളിൽ ഒരു ദിവസം അടിച്ചുപൊളിക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ആലപ്പുഴ മികച്ച ഓപ്ഷനാണ്. കായൽ കാഴ്ചകൾ ആസ്വദിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ ആലപ്പുഴയിൽ നിരവധി സ്പോട്ടുകളുണ്ട്. മനോഹരമായ ബീച്ചുകളും ആലപ്പുഴയിലുണ്ട്.
വയനാട്
പ്രകൃതി ഭംഗിയും ശാന്തതയും ആഗ്രഹിക്കുന്നവരുടെ പറുദീസയാണ് വയനാട്. ചെമ്പ്ര പീക്ക് പോലെയുള്ള സ്ഥലങ്ങളിലെ ട്രക്കിംഗും എടക്കൽ ഗുഹ, ബാണാസുര ഡാം തുടങ്ങിയ സ്ഥലങ്ങളുമെല്ലാം മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കും. നിലവിൽ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനാൽ സഞ്ചാരികൾ ജാഗ്രത പാലിക്കണം. താമരശ്ശേരി ചുരത്തിലെ പ്രശ്നങ്ങൾ കാരണം ആളുകൾ കുറ്റ്യാടി ചുരം വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കുമരകം
ബോട്ടിംഗിനും പക്ഷിനിരീക്ഷണത്തിനുമെല്ലാം അനുയോജ്യമായ മനോഹരമായ സ്ഥലമാണ് കുമരകം. കുമരകം പക്ഷി സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിശാലമായ ഒരു പഴയ ബംഗ്ലാവ് റിസോര്‍ട്ടാക്കി മാറ്റിയ താജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ ബോട്ടിംഗിനും ചൂണ്ടയിടലിനും മറ്റും സൗകര്യങ്ങളുണ്ട്. പുരവഞ്ചികൾ, പരമ്പരാഗത കെട്ടുവള്ളങ്ങൾ എന്നിവ ഉള്‍പ്പെടെ വ്യത്യസ്ത തരത്തില്‍പ്പെട്ട നിരവധി അവധിക്കാല പാക്കേജുകളും കുമരകത്ത് ലഭ്യമാണ്.
തേക്കടി
കേരളത്തിൽ വൈൽഡ് ലൈഫ് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തേക്കടി. ബോട്ട് റൈഡുകളും പെരിയാർ തടാകത്തിന്റെ കാഴ്ചകളും സുഗന്ധവ്യഞ്ജന തോട്ടങ്ങളുമെല്ലാം തേക്കടിയിലെത്തുന്നവർക്ക് ആസ്വദിക്കാം. കാട്ടാന പോലെയുള്ള വന്യമൃഗങ്ങളെ സ്പോട്ട് ചെയ്യാൻ സാധ്യത കൂടുതലുള്ള സ്ഥലം കൂടിയാണ് തേക്കടി.
അതിരപ്പിള്ളി
ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. പച്ചപ്പും പ്രകൃതി ഭംഗിയുമെല്ലാം ആസ്വദിക്കാൻ താത്പ്പര്യമുള്ളവർക്ക് അതിരപ്പിള്ളി മനോഹരമായ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. നിരവധി സിനിമകൾ ചിത്രീകരിച്ചിട്ടുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ അടുത്ത് നിന്ന് കാണാം എന്നതാണ് സവിശേഷത. തൊട്ടടുത്ത് വാഴച്ചാൽ വെള്ളച്ചാട്ടവുമുണ്ട്.
പൊന്മുടി
ഹിൽ സ്റ്റേഷനുകൾ താത്പ്പര്യമുള്ളവരാണെങ്കിൽ പൊന്മുടി കാണേണ്ട കാഴ്ച തന്നെയാണ്. തേയിലത്തോട്ടങ്ങൾ, കോടമഞ്ഞ്, ട്രക്കിംഗ് എന്നിവയാണ് ആഗ്രഹിക്കുന്നതെങ്കിൽ പൊന്മുടി മികച്ച തിരഞ്ഞെടുപ്പാണ്. 22 ഹെയർ പിന്നുകൾ താണ്ടിയുള്ള യാത്രയാണ് പൊന്മുടിയുടെ പ്രധാന ആകർഷണം.
വാഗമൺ
കേരളത്തിലെ പ്രധാന ഹിൽ സ്റ്റേഷനുകളിലൊന്നായ വാഗമൺ എപ്പോഴും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടാറുണ്ട്. മൂന്നാറിനെ അപേക്ഷിച്ച് തിരക്ക് കുറവായ വാഗമണ്ണിൽ സാഹസികത ആഗ്രഹിക്കുന്നവർക്കും പ്രകൃതി സ്നേഹികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതെല്ലാമുണ്ട്.
ബേക്കൽ കോട്ട
ചരിത്രപ്രേമികൾക്ക് മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബേക്കൽ. അറബിക്കടലിന് സമീപം തലയുയർത്തി നിൽക്കുന്ന ബേക്കൽ കോട്ട ഫോട്ടോഗ്രാഫർമാരുടെ ഫേവറിറ്റ് സ്പോട്ടാണ്. ബേക്കലിലെ ശാന്തവും തിരക്കില്ലാത്തതുമായ ബീച്ചും പ്രധാന ആകർഷണമാണ്.

