- Home
- Yatra
- Destinations (Yatra)
- കൊല്ലത്തേക്ക് ഒരു വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ? കാണേണ്ട 7 കിടിലൻ സ്ഥലങ്ങൾ ഇതാ
കൊല്ലത്തേക്ക് ഒരു വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ? കാണേണ്ട 7 കിടിലൻ സ്ഥലങ്ങൾ ഇതാ
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരവും അതിര് പങ്കിടുന്ന മനോഹരമായ ജില്ലയാണ് കൊല്ലം. നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുള്ള കൊല്ലത്തേയ്ക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ? 7 കിടിലൻ സ്ഥലങ്ങൾ ഇതാ...

തെന്മല
ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമാണ് തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് അതിമനോഹരമായ തെന്മല സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിലും തെന്മല ഇടംനേടിയിട്ടുണ്ട്. പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 63 കിലോമീറ്ററുമാണ് തെന്മലയിലേക്കുള്ള ദൂരം.
പാലരുവി
ഏകദേശം 300 അടി ഉയരത്തിൽ നിന്ന് പാറകളിലൂടെ ചിന്നിച്ചിതറി ഒഴുകി വരുന്ന ഒരു സുന്ദരമായ വെള്ളച്ചാട്ടമാണ് പാലരുവി. ഇന്ന് നിരവധി സഞ്ചാരികളെത്തുന്ന മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്നാണ് സമീപവാസികൾ പറയുന്നത്. ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നതാണ് ഇവരുടെ വാദം. തിരുവനന്തപുരത്ത് നിന്ന് 85 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 78 കിലോമീറ്ററുമാണ് പാലരുവിയിലേക്കുള്ള ദൂരം.
ജടായുപ്പാറ
കൊല്ലം ജില്ലയിലെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ജഡായുപ്പാറ. കൊല്ലത്ത് നിന്ന് 36 കിലോ മീറ്റര്‍ അകലെയുള്ള ചടയമംഗലത്താണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ് ജഡായുപ്പാറയിലേത്. പെയ്ന്റ് ബോൾ, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈൻ, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ സാഹസിക വിനോദത്തിന്റെ വിവിധ ഇനങ്ങൾ അടങ്ങിയ അഡ്വഞ്ചർ പാർക്കും ഇവിടുത്തെ സവിശേഷതയാണ്. തിരുവനന്തപുരത്ത് നിന്ന് 45 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 37 കിലോമീറ്ററുമാണ് ജഡായുപ്പാറയിലേക്കുള്ള ദൂരം.
സാമ്പ്രാണിക്കൊടി
കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശമാണ് സാമ്പ്രാണിക്കൊടി ദ്വീപ്. അഷ്ടമുടിക്കായലും കല്ലടയാറും തമ്മില്‍ ചേരുന്ന ഇടമാണിത്. സഞ്ചാരികൾക്ക് വെള്ളത്തിലൂടെ ഏറെ ദൂരം നടക്കാമെന്നതാണ് സമ്പ്രാണിക്കൊടിയെ വ്യത്യസ്തമാക്കുന്നത്. ഇവിടുത്തെ തോണി യാത്രകൾ മനോഹരമായ അനുഭവം സമ്മാനിക്കും. തിരുവനന്തപുരത്ത് നിന്ന് 75 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 14 കിലോമീറ്ററുമാണ് സാമ്പ്രാണിക്കൊടിയിലേക്കുള്ള ദൂരം.
കൊല്ലം ബീച്ച്
ഇന്ത്യയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. മനോഹരമായ കൊല്ലം ബീച്ചാണ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ബീച്ചായി കണക്കാക്കപ്പെടുന്നത്. തങ്കശ്ശേരി വിളക്കുമാടം കൊല്ലം ബീച്ചിനടുത്തുള്ള ഒരു പ്രധാന ലാൻഡ്‌മാർക്കാണ്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ പ്രവർത്തനങ്ങൾ കൊല്ലം ബീച്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് 65 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 6 കിലോമീറ്ററുമാണ് കൊല്ലം ബീച്ചിലേക്കുള്ള ദൂരം.
മൺറോ തുരുത്ത്
മനോഹരമായ പ്രകൃതി സൗന്ദര്യവും മനംമയക്കുന്ന കാഴ്ചകളും ഒരുമിച്ച് സമ്മാനിക്കുന്ന മൺറോ തുരുത്ത് കൊല്ലത്ത് ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. കൊല്ലത്തു നിന്ന് 27 കിലോമീറ്റർ അകലെയാണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് ചിതറിക്കിടന്ന പല പ്രദേശങ്ങളെയും കനാലുകൾ നിർമ്മിച്ച് ജലമാര്‍ഗ്ഗം യോജിപ്പിച്ച കേണല്‍ മണ്‍റോയുടെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. മൺറോ തുരുത്തിലൂടെയുളള ജലയാത്രകള്‍ ഗ്രാമീണ ജീവിതം അടുത്തറിയാൻ സഹായിക്കും. തിരുവനന്തപുരത്ത് നിന്ന് 79 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 24 കിലോമീറ്ററുമാണ് മൺറോ തുരുത്തിലേക്കുള്ള ദൂരം.
തങ്കശ്ശേരി ബീച്ച്
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അരങ്ങേറിയ ഒരു കടൽത്തീര പട്ടണമാണ് തങ്കശ്ശേരി. കൊല്ലം നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് തങ്കശ്ശേരി സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങൾ. 1902ൽ പണിത 144 അടി ഉയരമുളള വിളക്കുമാടവും കാണേണ്ട കാഴ്ചയാണ്. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താൽ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് 67 കിലോ മീറ്ററും കൊല്ലത്ത് നിന്ന് 8 കിലോമീറ്ററുമാണ് തങ്കശ്ശേരി ബീച്ചിലേക്കുള്ള ദൂരം.

