അവധി ദിനങ്ങൾ കുറവാണോ? ട്രിപ്പുകൾ പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ
പരിമിതമായ അവധി ദിവസങ്ങൾ മാത്രമുള്ള ഒരാൾക്ക് യാത്രകൾ പ്ലാൻ ചെയ്യുകയെന്നത് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. ചുരുങ്ങിയ സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്നതിനും ഒരു വ്യക്തിയെ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ:

അടുത്തുള്ള ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുക
യാത്രാ സമയം കുറയ്ക്കുന്നതിനും ആ സ്ഥലത്ത് പരമാവധി സമയം ചെലവഴിക്കുന്നതിനും ഒരുപാട് അകലെയല്ലാത്ത ഒരു ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. വിമാനം, ട്രെയിൻ, റോഡ് എന്നിങ്ങനെ ഏത് രീതിയിലായാലും ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുക. ഇത് യാത്രാ ക്ഷീണം കുറയ്ക്കാൻ സഹായിക്കും.
യാത്രാ സമയം ക്രമീകരിക്കുക
പകൽ സമയം പരമാവധി ചെലവഴിക്കാൻ സഹായിക്കുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുക. ഉദാഹരണത്തിന് തിരക്ക് കുറഞ്ഞ സമയത്തും സാധ്യമെങ്കിൽ രാത്രിയിലും യാത്ര ചെയ്യുക. അതിരാവിലെയോ രാത്രിയോ യാത്ര ചെയ്യുന്നത് പകൽ സമയം ലാഭിക്കാൻ സഹായിക്കും. മൊത്തത്തിൽ യാത്രാ സമയം വർദ്ധിപ്പിക്കുന്നത് സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന സമയത്തിൽ കുറവുണ്ടാക്കും. പ്രാദേശിക ഗതാഗത സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതും നന്നായിരിക്കും.
ഇഷ്ടങ്ങൾക്ക് മുൻഗണന നൽകുക
നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ട കാഴ്ചകളും ആകർഷണങ്ങളും തിരഞ്ഞെടുക്കുക. താൽപ്പര്യമില്ലാത്ത സ്ഥലങ്ങളിൽ സമയം പാഴാക്കാതിരിക്കുക. സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു പട്ടിക ഉറപ്പായും തയ്യാറാക്കിയിരിക്കണം. ഒറ്റ യാത്രയിൽ എല്ലാം കണ്ടുതീർക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക. പകരം, നിങ്ങളുടെ താൽപ്പര്യങ്ങളുമായി ചേർന്നുനിൽക്കുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കുക.
യാത്രാ പദ്ധതി തയ്യാറാക്കുക
കാഴ്ചകൾ കാണുന്നതിനും വിശ്രമത്തിനുമുള്ള സമയം ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു പദ്ധതി തയ്യാറാക്കുക. ഇടവേളകൾ, ഭക്ഷണ സമയം എന്നിവ ഷെഡ്യൂൾ ചെയ്യുക. ഒരു ഫ്ലെക്സിബിൾ യാത്രാ പദ്ധതി തയ്യാറാക്കുന്നത് ആ ദിവസം ഒരാൾക്ക് എങ്ങനെ തോന്നുന്നുവെന്ന് അനുസരിച്ച് സ്ഥലങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്നു.
ലളിതമായ പാക്കിംഗ്
ഭാരം കുറഞ്ഞ ലഗേജ് സൂക്ഷിക്കുന്നത് വിമാനത്താവളത്തിലെയും ഹോട്ടലിലെയും പ്രക്രിയകൾ വേഗത്തിലാക്കാൻ സഹായിക്കും. സ്വതന്ത്രമായി സഞ്ചരിക്കാനും വ്യത്യസ്തമായ ആക്ടിവിറ്റീസിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ചാർജറുകൾ, മരുന്നുകൾ, യാത്രാ രേഖകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ പെട്ടെന്ന് എടുക്കാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിക്കുക.
സാങ്കേതികവിദ്യയും യാത്രാ ആപ്പുകളും ഉപയോഗിക്കുക
ഗൂഗിൾ മാപ്‌സ്, മറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുക. കാരണം, അവ സമയം ലാഭിക്കാനും സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും സഹായിക്കും. യാത്രാ ആപ്പുകൾ ഉപയോഗിക്കുന്നത് നാവിഗേഷനും കാലതാമസം ഒഴിവാക്കാനും ഒരു സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കാനും സഹായിക്കും.
താമസ സൗകര്യം
പ്രധാന സ്ഥലങ്ങൾക്കോ കാഴ്ചകൾക്കോ സമീപമുള്ളതും പൊതുഗതാഗതം എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഹോട്ടലുകളിലോ മറ്റ് താമസ സൗകര്യങ്ങളിലോ താമസിക്കുക. ഇത് യാത്രാ സമയം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ഒരുപാട് സ്ഥലങ്ങൾ പരിഗണിക്കരുത്
ഒരു ചെറിയ യാത്രയിൽ ഒരുപാട് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ സ്ഥലം മാറുന്നത് യാത്ര ആസ്വദിക്കുന്നതിനുപകരം കൂടുതൽ സമയവും ചെലവാക്കുന്നതിനും സാധനങ്ങൾ നിരന്തരം പായ്ക്ക് ചെയ്യുന്നതിനും മാത്രമേ ഉപകരിക്കൂ. ഒന്നോ രണ്ടോ സ്ഥലങ്ങൾ പൂർണ്ണമായി എക്സ്പ്ലോർ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പലർക്കും ഉപരിപ്ലവമായ സന്ദർശനങ്ങളെക്കാൾ കൂടുതൽ സംതൃപ്തി നൽകുന്നത് ആഴത്തിലുള്ള പര്യവേക്ഷണങ്ങളാണ്!

