അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതുവരെ പലപ്പോഴും തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ മോഷണം പോയ കാര്യം ഉപഭോക്താക്കള്‍ അറിയാറില്ല എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്നത്തെ കാലത്ത് സാമ്പത്തിക തട്ടിപ്പുകളില്‍ ഏറ്റവും സാധാരണയായി നടക്കുന്ന ഒന്നാണ് 'കാര്‍ഡ് ക്ലോണിംഗ്' . ഡെബിറ്റ് കാര്‍ഡിന്റെയോ ക്രെഡിറ്റ് കാര്‍ഡിന്റെയോ വിവരങ്ങള്‍ പകര്‍ത്തിയെടുത്ത് തനിപ്പകര്‍പ്പ് ഉണ്ടാക്കി അതുവഴി പണം മോഷ്ടിക്കുന്ന രീതിയാണിത്. തട്ടിപ്പുകാര്‍ സാധാരണയായി 'സ്‌കിമ്മറുകള്‍' എന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചോ, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വഴിയോ, മാല്വെയര്‍ ഉപയോഗിച്ചോ ആണ് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കുന്നത്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതുവരെ പലപ്പോഴും തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ മോഷണം പോയ കാര്യം ഉപഭോക്താക്കള്‍ അറിയാറില്ല എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ലോണ്‍ ചെയ്ത കാര്‍ഡ് യഥാര്‍ത്ഥ കാര്‍ഡ് പോലെ തന്നെ ഉപയോഗിക്കാം എന്നതിനാല്‍ തട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമാണ്.
കാര്‍ഡ് ക്ലോണിംഗ് നടക്കുന്നത് എങ്ങനെ?
സ്‌കിമ്മിംഗ് ഉപകരണം: എടിഎമ്മുകളിലോ, പേയ്‌മെന്റ് മെഷീനുകളിലോ രഹസ്യമായി സ്ഥാപിക്കുന്ന സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് കാര്‍ഡിന്റെ മാഗ്‌നറ്റിക് സ്ട്രിപ്പിലുള്ള (കറുത്ത സ്ട്രിപ്പ്) വിവരങ്ങള്‍ കോപ്പി ചെയ്യുന്നു.
പിന്‍ മോഷ്ടിക്കാന്‍: ഒളിക്യാമറകള്‍ വെച്ചോ കീപാഡിന് മുകളില്‍ വ്യാജ കീപാഡ് സ്ഥാപിച്ചോ പിന്‍ നമ്പര്‍ കൈവശപ്പെടുത്തും.
സൈ്വപ്പിംഗ്: റെസ്റ്റോറന്റുകളിലോ, പെട്രോള്‍ പമ്പുകളിലോ പേയ്മെന്റിനായി കാര്‍ഡ് നല്‍കുമ്പോള്‍, പണമിടപാടിന് പുറമെ, രഹസ്യമായി സ്ഥാപിച്ച സ്‌കിമ്മറില്‍ ഒരിക്കല്‍ക്കൂടി കാര്‍ഡ് സൈ്വപ്പ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തും.
വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍, കാര്‍ഡ് റൈറ്റര്‍ ഉപയോഗിച്ച് ഇവ ഒരു ബ്ലാങ്ക് കാര്‍ഡിലേക്ക് പകര്‍ത്തി തനിപ്പകര്‍പ്പ് ഉണ്ടാക്കുന്നു. ഈ ക്ലോണ്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ, സാധനങ്ങള്‍ വാങ്ങുകയോ ചെയ്യാം. ചിലപ്പോള്‍ ഇത്തരം കാര്‍ഡുകള്‍ ഡാര്‍ക്ക് വെബ് വഴി വില്‍ക്കുകയും ചെയ്യും. മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളാണ് എളുപ്പത്തില്‍ ക്ലോണ്‍ ചെയ്യാന്‍ സാധിക്കുന്നത്. കാരണം അതില്‍ സ്ഥിരമായ വിവരങ്ങളാണ് ഉള്ളത്. എന്നാല്‍ ചിപ്പ് കാര്‍ഡുകളില്‍ ഓരോ ഇടപാടിനും പുതിയ കോഡാണ് ഉണ്ടാകുന്നത്. ഇത് ക്ലോണിംഗ് ശ്രമങ്ങള്‍ തടയുന്നു.
തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന സാധാരണ രീതികള്‍
എടിഎം സ്‌കിമ്മിംഗ്: എടിഎമ്മില്‍ ഒളിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും മോഷ്ടിക്കുന്നു.
സ്ഥാപനങ്ങളിലെ തട്ടിപ്പ്: പേയ്‌മെന്റിനായി കാര്‍ഡ് എടുക്കുമ്പോള്‍ അത് രഹസ്യമായി മറ്റൊരു സ്‌കിമ്മറില്‍ സൈ്വപ്പ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നു.
ഓണ്‍ലൈന്‍ ഫിഷിംഗ്: വ്യാജ ഇമെയിലുകളോ വെബ്‌സൈറ്റുകളോ ഉണ്ടാക്കി കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നു.
ഡിജിറ്റല്‍ ക്ലോണിംഗ്: മോഷണം പോയ വിവരങ്ങള്‍ ഉപയോഗിച്ച് ഫിസിക്കല്‍ കാര്‍ഡ് ഇല്ലാതെ തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തുന്നു.
സുരക്ഷിതരായിരിക്കാന്‍ ചെയ്യേണ്ടത്
കാര്‍ഡ് ക്ലോണിംഗ് തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ ഈ ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക:
ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിക്കുക: ഓരോ ഇടപാടിനും പ്രത്യേക കോഡ് വരുന്ന ചിപ്പ് കാര്‍ഡുകളാണ് മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതം.
അലര്‍ട്ടുകള്‍ ഓണ്‍ ചെയ്യുക: എസ്എംഎസ്, ഇമെയില്‍ അലര്‍ട്ടുകള്‍ നിര്‍ബന്ധമായും ഓണ്‍ ചെയ്യുക. സംശയാസ്പദമായ ഏത് ഇടപാടും ഉടന്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.
എടിഎമ്മുകളില്‍ ശ്രദ്ധിക്കുക: കേടുപാടുകള്‍ സംഭവിച്ചതോ, സംശയം തോന്നുന്നതോ ആയ എടിഎം മെഷീനുകളിലോ പേയ്‌മെന്റ് ടെര്‍മിനലുകളിലോ കാര്‍ഡ് ഉപയോഗിക്കാതിരിക്കുക.
പിന്‍ മറച്ച് വെക്കുക: പിന്‍ നമ്പര്‍ നല്‍കുമ്പോള്‍ എപ്പോഴും ഒരു കൈകൊണ്ട് കീപാഡ് മറച്ചുപിടിക്കുക.
ഓണ്‍ലൈന്‍ പേയ്മെന്റിന് വിര്‍ച്വല്‍ കാര്‍ഡ്: ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി വിര്‍ച്വല്‍ കാര്‍ഡുകള്‍ (താത്കാലിക കാര്‍ഡുകള്‍) ഉപയോഗിക്കുക. ഓരോ ഉപയോഗത്തിനുശേഷവും ഇതിന്റെ വിവരങ്ങള്‍ മാറുന്നതിനാല്‍ ഇത് സുരക്ഷിതമാണ്


