Asianet News MalayalamAsianet News Malayalam

കൊവിഡ് 19ല്‍ കേരളം ആശങ്കയിലോ!; സമ്പര്‍ക്കത്തില്‍ രോഗം പകര്‍ന്നവരും രോഗത്തിന്റെ ഉറവിടം തിരിച്ചറിയാത്തവരും...

പ്രവാസികള്‍ തിരിച്ചെത്തിയ മെയ് 7 മുതലാണ് കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായത്. ഇത് നേരത്തേ, ആരോഗ്യ മേഖല കണക്കുകൂട്ടിയതുമാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം വര്‍ധിക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. ഇതോടൊപ്പം തന്നെ ഉറവിടം തിരിച്ചറിയാനാകാത്ത രോഗികളുടെ എണ്ണവും ഭയപ്പെടുത്തുന്നതാണ്

38 covid cases reported in kerala from unknown sources
Author
Trivandrum, First Published Jun 5, 2020, 8:20 PM IST

കൊറോണ വൈറസ് എന്ന മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായി കേരളത്തിലെ രോഗികളുടെ എണ്ണം മൂന്നക്ക സംഖ്യയിലെത്തി നില്‍ക്കുകയാണ് ഇന്ന്. ആകെ 111 പേര്‍ക്കാണ് ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ പത്ത് പേരോളം സമ്പര്‍ക്കത്തില്‍ മാത്രം രോഗം പിടിപെട്ടവരാണ്. മറ്റുള്ളവര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 

സമ്പര്‍ക്കത്തില്‍ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ജാഗ്രതക്കുറവിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ഇതേ ജാഗ്രതക്കുറവിനെയാണ് പൊതുശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നത്. 

പ്രവാസികള്‍ തിരിച്ചെത്തിയ മെയ് 7 മുതലാണ് കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായത്. ഇത് നേരത്തേ, ആരോഗ്യ മേഖല കണക്കുകൂട്ടിയതുമാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം വര്‍ധിക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. ഇതോടൊപ്പം തന്നെ ഉറവിടം തിരിച്ചറിയാനാകാത്ത രോഗികളുടെ എണ്ണവും ഭയപ്പെടുത്തുന്നതാണ്. 

മെയ് 7 മുതല്‍ ജൂണ്‍ 4 വരെ മാത്രം 1,085 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 103 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുകിട്ടിയവരാണ്. ഇക്കാലയളവില്‍ തന്നെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത 38 കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മരിച്ച വൈദികന്റേയും കൊല്ലത്ത് വീട്ടില്‍ കിടപ്പിലായിരുന്ന അറുപത്തിയഞ്ച് വയസുകാരന്റേയും കേസ് ഇതിന് ഉദാഹരണമാണ്. 

വരാനിരിക്കുന്ന മാസങ്ങളില്‍ ഒരുപക്ഷേ കേരളത്തില്‍ സാമൂഹ്യവ്യാപനം ഉണ്ടായേക്കാമെന്നും, അല്ലെങ്കില്‍ അത്തരമൊരു വിപത്തിന് മുന്നില്‍ക്കണ്ട് വേണം ഇപ്പോള്‍ മുതല്‍ നമ്മള്‍ പെരുമാറാനെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നു. ലോക്ഡൗണ്‍ ഇളവുകളെ ഇത്തരത്തില്‍ പക്വതയോടെ വേണം ഉപയോഗപ്പെടുത്താനെന്ന് മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നു. 

Also Read:- സാമൂഹിക വ്യാപന ആശങ്ക; ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം...

നമ്മള്‍ രോഗഭീഷണിയില്‍ നിന്ന് മുക്തരായി എന്ന മനോഭാവത്തോടെയാണ് പലപ്പോഴും ആളുകള്‍ പുറത്തിറങ്ങുന്നതും സ്വതന്ത്രമായി ഇടപെടലുകള്‍ നടത്തുന്നതും. ഇത് വലിയ വിപത്ത് വിളിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. കൊവിഡ് പരിശോധന വ്യാപകമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരിപ്പോള്‍. എങ്കിലും സമൂഹത്തിന്റെ കൂടി കൂട്ടായ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഈ പ്രതിരോധം ശകതമാകൂ. 

വീഡിയോ കാണാം...

 

Also Read:-പാലക്കാട് ആശങ്ക; ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 44 പേർക്ക്...

Follow Us:
Download App:
  • android
  • ios