നാം അറിയാതെ വരുത്തുന്ന ചില ഭക്ഷണശീലങ്ങൾ ആർത്തവ അസ്വസ്ഥതകൾ കൂടുതൽ കഠിനമാക്കും.

ആർത്തവനാളുകളിൽ വയറുവേദന, ക്ഷീണം, വയറ് വീർക്കൽ, പെട്ടെന്നുണ്ടാകുന്ന മാനസികാവസ്ഥാ മാറ്റങ്ങൾ എന്നിവ മിക്ക സ്ത്രീകൾക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ നാം അറിയാതെ വരുത്തുന്ന ചില ഭക്ഷണശീലങ്ങൾ ഈ ആർത്തവ അസ്വസ്ഥതകൾ കൂടുതൽ കഠിനമാക്കും. ഈ തെറ്റുകൾ ഒഴിവാക്കാം.

1. കഠിനമായ വയറുവേദനയും ചായ/കാപ്പി ഉപയോഗവും

ആർത്തവ സമയത്തെ ക്ഷീണമകറ്റാൻ പലരും ചായയോ കാപ്പിയോ അമിതമായി കുടിക്കാറുണ്ട്. എന്നാൽ കഫീന്റെ അമിത ഉപയോഗം ഗർഭാശയത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വയറുവേദന വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ചായയിലും കാപ്പിയിലുമുള്ള ടാനിനുകൾ ശരീരത്തിലേക്ക് അയണിനെ ആഗിരണം ചെയ്യുന്നത് തടയുന്നു.

2. മൂഡ് സ്വിങ്സും കാർബോഹൈഡ്രേറ്റ് ഒഴിവാക്കലും

ആർത്തവസമയത്ത് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ തലച്ചോറിലെ 'ഫീൽ ഗുഡ്' രാസവസ്തുക്കളുടെ അളവ് കുറയുന്നു. ഈ സമയത്ത് കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായി ഒഴിവാക്കുന്നത് കടുത്ത മാനസിക അസ്വസ്ഥതകൾക്കും ഊർജ്ജക്കുറവിനും കാരണമാകും.

3. മധുരത്തോടുള്ള അമിത താല്പര്യം

ആർത്തവ സമയത്ത് അമിതമായി മധുരം കഴിക്കാൻ തോന്നുന്നത് ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുള്ളതുകൊണ്ടാണ്. ഇതിനായി ചോക്ലേറ്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യും.

4. തണുത്ത ഭക്ഷണങ്ങളും ദഹനപ്രശ്നങ്ങളും

ആർത്തവനാളുകളിൽ ശരീരത്തിന് പെട്ടെന്ന് ദഹിക്കുന്ന ചൂടുള്ള ഭക്ഷണങ്ങളാണ് ആവശ്യം. തണുത്തതോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് കൂടുതൽ ഊർജ്ജം വേണം. ഇത് വയറുവേദന ഇരട്ടിയാക്കും.

5. കഠിനമായ ക്ഷീണം നിസ്സാരമാക്കൽ

ആർത്തവ സമയത്തുണ്ടാകുന്ന അമിതമായ തളർച്ചയും ക്ഷീണവും സാധാരണയാണെന്ന് കരുതി തള്ളിക്കളയരുത്. രക്തസ്രാവം മൂലം ശരീരത്തിലെ അയൺ ശേഖരം കുറയുന്നതിന്റെ ലക്ഷണമാണിത്.