അമ്മമാര്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ ജനിച്ചുകഴിഞ്ഞാല്‍ അച്ഛന്മാരിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ വരാമെന്നാണ് പഠനത്തിന്‍റെ ശ്രദ്ധേയമായ കണ്ടെത്തല്‍. 8-13 ശതമാനം വരെയുള്ള അച്ഛന്മാരില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കാണാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഈ അടുത്ത കാലത്തായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ. സ്ത്രീകളില്‍ പ്രസവാനന്തരം പിടിപെടുന്ന വിഷാദരോഗത്തെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെന്ന് വിളിക്കുന്നത്. 

മുമ്പെല്ലാം സ്ത്രീകള്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇത് എന്താണെന്നുള്ള തിരിച്ചറിവില്ലാത്തതിനാല്‍ തന്നെ ഫലപ്രദമായി ഇതിനെ ചെറുക്കാനോ, അതിജീവിക്കാനോ എല്ലാം ഏറെ പ്രയാസം നേരിട്ടവര്‍ നിരവധിയാണ്. മാത്രമല്ല, കുടുംബത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും പിന്തുണയില്ലാത്തതും കൂടുതലായി സ്ത്രീകളെ ബാധിച്ചിരുന്നു. 

നിലവില്‍ ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചകളും ബോധവത്കരണവും ഏറെ വന്നതില്‍ പിന്നെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ നേരിടുന്ന പലര്‍ക്കും അതിനെ അതിജീവിക്കാനുള്ള സാമൂഹിക- വൈകാരികാന്തരീക്ഷം ലഭിക്കുന്നുണ്ട്. അപ്പോഴും അതിജീവനത്തിന് പ്രയാസപ്പെടുന്നവരുണ്ട്. ഇല്ലെന്നല്ല, എങ്കിലും ഒരുപാട് മാറ്റം ഇക്കാര്യത്തില്‍ വന്നുവെന്ന് തന്നെ പറയാം. 

ഇപ്പോഴിതാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട് വരുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്. യുഎസിലെ 'യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിസ് ഷിക്കാഗോ'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. 

അമ്മമാര്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ ജനിച്ചുകഴിഞ്ഞാല്‍ അച്ഛന്മാരിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ വരാമെന്നാണ് പഠനത്തിന്‍റെ ശ്രദ്ധേയമായ കണ്ടെത്തല്‍. 8-13 ശതമാനം വരെയുള്ള അച്ഛന്മാരില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കാണാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

അമ്മമാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ബാധിച്ചിട്ടുണ്ടോയെന്നത് മനസിലാക്കാൻ ഏതെല്ലാം ഉപാധികളാണോ ഉപയോഗിക്കുന്നത്, അവയെല്ലാം വച്ചുതന്നെയാണത്രേ ഗവേഷകര്‍ അച്ഛന്മാരെയും പഠനത്തിന് വിധേയരാക്കിയത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ മുപ്പത് ശതമാനത്തിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ഗവേഷകര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

'ഒരുപാട് പുരുഷന്മാര്‍ കുഞ്ഞുങ്ങള്‍ ജനിച്ചുകഴിയുമ്പോള്‍ ജോലി, പാരന്‍റിംഗ്, പങ്കാളിയോടുള്ള ഉത്തരവാദിത്തങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്കിടയില്‍ പെട്ട് കടുത്ത സ്ട്രെസിലൂടെ കടന്നുപോകുന്നുണ്ട്. അധികവും പുരുഷന്മാരുടെ ഇത്തരം പ്രശ്നങ്ങള്‍ സൈലന്‍റായിരിക്കും. ആരും അതെക്കുറിച്ച് അവരോട് ചോദിക്കുകയുമില്ല. പല പുരുഷന്മാരും ഇത്തരത്തില്‍ വിഷാദത്തിലേക്ക് വീഴുന്നത് ഭാര്യമാരെയും സ്വാധീനിക്കുകയും രണ്ടുപേരും പോസ്റ്റ്പാര്‍ട്ടം വിഷാദത്തിലാവുകയും ചെയ്യാറുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാം വെയിൻറൈറ്റ് പറയുന്നു. 

ജാതി- വംശീയ മാറ്റിനിര്‍ത്തലുകള്‍, സാമ്പത്തികമോ സാമൂഹികമോ ആയ ഘടകങ്ങള്‍ എന്നിവയെല്ലാം മാനസികാരോഗ്യത്തെ ബാധിച്ചിട്ടുള്ളവരിലാണെങ്കില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ സാധ്യത കൂടുമെന്നും പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. 

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ പുരുഷന്മാരുടെയും മാനസികാരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പഠനം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. 

Also Read:- ആറ് മാസം കൊണ്ട് ക്യാൻസര്‍ മുഴുവനായി മാറി; ഇത് അത്ഭുതമരുന്നോ എന്ന് ഏവരിലും ആശ്ചര്യം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo