2015 വരെ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ സാധാരണനിലയില്‍ ജീവിതം തുടര്‍ന്നിരുന്നയാളായിരുന്നു ലിൻഡ്സി. നേവിയില്‍ ജോലി കിട്ടിയ സcയമായിരുന്നു അത്. എപ്പോഴും വയറുവേദനയും നടുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടു. എന്നാല്‍ മരുന്നുകള്‍ക്കോ ചികിത്സകള്‍ക്കോ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. വേദന കൂടിക്കൂടി വന്നു. 

വിചിത്രമായ പല അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ച് നാം കേള്‍ക്കാറുണ്ട്. ഇവയില്‍ പലതും ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്തത് ആയിരിക്കാം. അത്തരത്തിലൊരു അനുഭവത്തിലൂടെ കടന്നുപോവുകയാണ് യുഎസ് സ്വദേശിയായ ലിൻഡ്സി ജോണ്‍സണ്‍ എന്ന ഇരുപത്തിയെട്ടുകാരി. 

മൂന്ന് മിനുറ്റ് പോലും എഴുന്നേറ്റ് നില്‍ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലിൻഡ്സിയിപ്പോള്‍. ഈ പ്രായത്തില്‍ ഇങ്ങനെയൊരു അവസ്ഥയിലേക്ക് താനെത്തുമെന്ന് സ്വപ്നത്തില്‍ പോലും നിനച്ചില്ലെന്നാണ് ലിൻഡ്സി പറയുന്നത്. 

2015 വരെ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ സാധാരണനിലയില്‍ ജീവിതം തുടര്‍ന്നിരുന്നയാളായിരുന്നു ലിൻഡ്സി. നേവിയില്‍ ജോലി കിട്ടിയ സcയമായിരുന്നു അത്. എപ്പോഴും വയറുവേദനയും നടുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടു. എന്നാല്‍ മരുന്നുകള്‍ക്കോ ചികിത്സകള്‍ക്കോ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. വേദന കൂടിക്കൂടി വന്നു. 

2018 ആയപ്പോഴേക്ക് ലിൻഡ്സിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. മിലിട്ടറിയില്‍ നിന്ന് മെഡിക്കലി ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു ലിൻഡ്സിയെ. അതായത് അസുഖാവസ്ഥയെ അടിസ്ഥാനപ്പെടുത്തി ജോലിയില്‍ നിന്ന് വിരമിക്കുന്ന സാഹചര്യം. ഇതിന് ശേഷം ആറ് മാസത്തിനകം ലിൻഡ്സിയുടെ അവസ്ഥ കൂടുതല്‍ വഷളായി. അസഹനീയമായ വയറുവേദനയ്ക്കൊപ്പം ശക്തിയായി ഛര്‍ദ്ദിക്കുന്ന അവസ്ഥയായി. ഇടയ്ക്കിടെ ഛര്‍ദ്ദിക്കും. എന്നാല്‍ അപ്പോഴും ഡോക്ടര്‍മാര്‍ക്ക് ഇതെന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല. 

ഒടുവില്‍ 2022ലാണ് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം നെഞ്ചിടിപ്പും ബിപിയും അസാധാരണമായി വ്യതിയാനപ്പെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന അന്വേഷണത്തിലാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ലിൻഡ്സിയുടെ അസുഖം കണ്ടെത്തിയത്. 'പോസ്ചറല്‍ ടക്കികാര്‍ഡിയ സിൻഡ്രോം' എന്നതാണ് ലിൻഡ്സിയുടെ അസുഖം. ഇങ്ങനെ പറഞ്ഞാലൊരുപക്ഷേ ആര്‍ക്കും ഇത് മനസിലാകില്ല. 

ഭൂഗുരുത്വാകര്‍ഷണ ബലം എന്താണെന്ന് ഏവര്‍ക്കും അറിയാമല്ലോ. ഞെട്ടറ്റുവീഴുന്ന ഒരു ആപ്പിള്‍ പോലും അന്തരീക്ഷത്തിനുള്ളിലാണെങ്കില്‍ അത് ഭൂമിയിലേക്കാണ് പതിക്കുക. നാം നടക്കുന്നതും, നാം നിലനില്‍ക്കുന്നതുമെല്ലാം ഇതേ ഭൂഗുരുത്വാകര്‍ഷണ ബലത്തിലൂന്നിയാണ്. എന്നാല്‍ ഇതേ ശക്തിയോട് ലിൻഡ്സിക്ക് അലര്‍ജിയാണ്. വിചിത്രമായ അവസ്ഥ തന്നെ !

ഇക്കാരണത്താല്‍ മൂന്ന് മിനുറ്റ് തികച്ച് സാധാരണമായി നില്‍ക്കാൻ ലിൻഡ്സിക്ക് കഴിയില്ല. അപ്പോഴേക്ക് തലകറക്കം സംഭവിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ തലകറങ്ങി വീഴുകയും ചെയ്യാം. ഈ അവസ്ഥയ്ക്ക് ചികിത്സയിലൂടെ ഭേദം നല്‍കാൻ സാധിക്കില്ല. അധികവും കിടക്കുക എന്നത് തന്നെയാണ് പോംവഴി. ഭര്‍ത്താവ് ജയിംസ് ആണ് ലിൻഡ്സിക്ക് ഇപ്പോഴുള്ള ആശ്രയം. 

'ദിവസത്തില് ഏതാണ്ട് 23 മണിക്കൂറും ഞാൻ കിടപ്പിലാണ്. ഭക്ഷണം കഴിക്കാനും കുളിക്കാനും മറ്റും എഴുന്നേല്‍ക്കും. ചികിത്സയുണ്ടെങ്കില്‍ പോലും ഇപ്പോഴും ദിവസത്തില്‍ ഒരു മൂന്ന് തവണയെങ്കിലും ഞാൻ വീഴും. ഇരുപത്തിയെട്ട് വയസാകുമ്പോഴേക്ക് ഇരുന്ന് കുളിക്കുകയും മുഴുവൻ സമയവും കിടക്കുകയും ചെയ്യേണ്ട അവസ്ഥയിലേക്ക് ഞാനെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എങ്കിലും ഞാൻ ആശ്വസിക്കാൻ ശ്രമിക്കുകയാണ്. നടക്കാനും ചലിക്കാനും പല ഉപകരണങ്ങളുടെയും സഹായം തേടിനോക്കുന്നുണ്ട്. ഭര്‍ത്താവിന്‍റെ പിന്തുണ വലിയ ധൈര്യമാണ്...'- ലിൻഡ്സി പറയുന്നു. 

കിടന്ന കിടപ്പിലും ബിസിനസ് പഠനവും മറ്റും ലൻഡ്സി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വിചിത്രമായ രോഗാവസ്ഥയോട് പോരാടിക്കൊണ്ട് തന്നെ മുന്നോട്ട് പോകാനാണ് ലിൻഡ്സിയുടെ തീരുമാനം.

Also Read:- വിവിധ അലര്‍ജികളുള്ളവരില്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവോ?