ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഫാറ്റി ഫിഷ് നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

ഹൃദയാരോഗ്യത്തിന് കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ എത്രത്തോളം നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഹൃദയാരോഗ്യത്തിന് മാത്രമല്ല ഇവ വൃക്കകളുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഫാറ്റി ഫിഷ് നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. അവ എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ വീക്കം കുറയ്ക്കും

സാൽമൺ, മത്തി/ചാള, ചൂര തുടങ്ങിയ മത്സ്യങ്ങൾ പതിവായി കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ക്രോണിക് കിഡ്നി ഡിസീസ് പോലുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദ്രോഗ സാധ്യതയെ വലിയ തോതിൽ കുറയ്ക്കുന്നു. വൃക്കരോഗങ്ങൾ വഷളാകുന്നതിന് ശരീരത്തിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം ഒരു പ്രധാന കാരണമാണ്. ഒമേഗ-3 ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ ആരോഗ്യം നിലനിർത്തുകയും കേടുപാടുകൾ വരുന്നത് പതുക്കെയാക്കുകയും ചെയ്യും.

ബ്ലഡ് പ്രഷർ നിയന്ത്രിക്കും

ഹൃദയാരോഗ്യവും രക്തസമ്മർദ്ദ നിയന്ത്രണവും വൃക്കകളുടെ ആരോഗ്യവും ഹൃദയാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമാണ് വൃക്കരോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകം. തിരിച്ചും, വൃക്കരോഗങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം. ഫാറ്റി ഫിഷ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ

പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമുള്ള എല്ലാ എസ്സെൻഷ്യൽ അമിനോ ആസിഡുകളും അടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ഫാറ്റി ഫിഷിൽ നിന്ന് ലഭിക്കുന്നു. പ്രോസസ്സ് ചെയ്ത മാംസങ്ങളിൽ ഉയർന്ന അളവിൽ സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിരിക്കുമ്പോൾ, മീൻ അതിനേക്കാൾ മികച്ചതും ആരോഗ്യകരവുമായ പ്രോട്ടീൻ സ്രോതസ്സാണ് നൽകുന്നത്. ഇത് വൃക്കരോഗങ്ങൾക്ക് കാരണമാകുന്ന മെറ്റബോളിക് തകരാറുകൾ കുറയ്ക്കും. ആരോഗ്യകരമായ വൃക്കകളുള്ളവർക്ക് മിതമായ അളവിൽ മീൻ കഴിക്കുന്നത് മികച്ചൊരു പോഷകാഹാരമാണ്.

കൊഴുപ്പടങ്ങിയ മത്സ്യങ്ങളിലെ മറ്റ് പ്രധാന പോഷകങ്ങൾ

ഒമേഗ-3, പ്രോട്ടീൻ എന്നിവയ്ക്ക് പുറമേ ഫാറ്റി ഫിഷിൽ താഴെ പറയുന്ന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

  1. വിറ്റാമിൻ ഡി: എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു.

2. വിറ്റാമിൻ ബി12 : നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അത്യാവശ്യം.

3. സെലിനിയം: കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റ്.

4. പൊട്ടാസ്യം, ഫോസ്ഫറസ്: മീനുകളുടെ ഇനമനുസരിച്ച് വ്യത്യസ്ത അളവിൽ ഇവ അടങ്ങിയിരിക്കുന്നു.

വൃക്കരോഗം തടയാൻ ഫാറ്റി ഫിഷിന് സാധിക്കുമോ?

ഒരു ഭക്ഷണത്തിന് മാത്രമായി വൃക്കരോഗങ്ങളെ പൂർണ്ണമായി തടയാൻ കഴിയില്ല. എന്നാൽ മീൻ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നവരിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണ്. പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ വൃക്കകളെ ബാധിക്കുന്ന വില്ലന്മാരെ നിയന്ത്രിക്കാൻ ഫാറ്റി ഫിഷിന് സാധിക്കും. എങ്കിലും, ഇതിനെ ഒരു ഒറ്റമൂലിയായി കാണാതെ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കുകയാണ് വേണ്ടത്.

ശ്രദ്ധിക്കേണ്ടത്

വൃക്കകൾ ശരീരത്തിലെ മാലിന്യങ്ങളും അധികമുള്ള ദ്രാവകങ്ങളും വിഷാംശങ്ങളും അരിച്ചെടുക്കുന്ന പ്രധാന അവയവമാണ്. അതിനാൽ വൃക്കകളിൽ എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഒരു നെഫ്രോളജിസ്റ്റിന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.