ഗർഭനിരോധന ​ഗുളികകൾ കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. സ്ഥിരമായി ഗർഭനിരോധന ഗുളികകൾ കഴിച്ചാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്നതിന് കാരണമാകാമെന്ന് പഠനം.

 രക്​തക്കുഴലുകളിൽ ഉണ്ടാകുന്ന ‌ഈ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ വരികയും സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. ഇത് മാത്രമല്ല, ​ഗർഭനിരോധന ഗുളികകളുടെ ഉപയോഗം രക്​തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. 

ലയോള യൂണിവേഴ്സിറ്റിയിലെ ​സ്​ട്രോക്ക്​ വിദഗ്​ധരാണ് പഠനം നടത്തിയത്. രക്​തസമ്മർദമുള്ളവർ, പുകവലിക്കുന്നവർ, മൈഗ്രേൻ ബാധിതർ എന്നിവർ ഗർഭനിരോധന ഗുളികകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു. 

ഗര്‍ഭനിരോധന ​ഗുളിക കഴിക്കുന്നതിനെക്കാൾ മറ്റ്​ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്ന് ഗവേഷകർ പറയുന്നു​​. മെഡ്​ലിങ്ക്​ ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഗർഭനിരോധന ഗുളികകൾ കഴിച്ചാൽ സ്തനാർബുദം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു.