ശരീരത്തിലെ ഓരോ അവയവവും വൃത്തിയായി സൂക്ഷിക്കേണ്ടതും കൊണ്ടുനടക്കേണ്ടതും ആരോഗ്യത്തിന് അത്യന്തം ആവശ്യമുള്ള കാര്യമാണ്. അതില്‍ത്തന്നെ വളരെ പ്രധാനമാണ് വായുടെ ശുചിത്വം. 

ദിവസവും രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കണമെന്നാണ് ദന്തരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കാരണം, വായ്ക്കകത്ത് പലതരം ബാക്ടീരിയകള്‍ കാണപ്പെടാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രണത്തിലാക്കിയില്ലെങ്കില്‍ പല അസുഖങ്ങള്‍ക്കും ഇവ കാരണമാകും. 

എന്നാല്‍ വായ വൃത്തിയായി വയ്ക്കുന്നതോടെ മറ്റൊരു അസുഖത്തെ കൂടി അകലത്തിലാക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'സയന്‍സ് അഡ്വാന്‍സസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. അതായത്, വായ ശുചിയാക്കി വയ്ക്കുന്നതോടെ അല്‍ഷിമേഴ്‌സ് എന്ന രോഗത്തെയും ഒരു വലിയ പരിധി വരെ പ്രതിരോധിക്കാമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇതെങ്ങനെയെന്നല്ലേ?

മോണരേഗത്തിന് കാരണമാകുന്ന ഒരിനം ബാക്ടീരിയയുണ്ട്. വായ വൃത്തിയായിട്ടല്ല ഇരിക്കുന്നതെങ്കില്‍ പെട്ടെന്ന് മോണരോഗം വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, നേരത്തേ സൂചിപ്പിച്ച രോഗകാരിയായ ബാക്ടീരിയ വായില്‍ നിന്നും പതിയെ തലച്ചോറിലേക്ക് നീങ്ങുമത്രേ. തുടര്‍ന്ന് ഇവ പ്രത്യേകതരം പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. ഈ പ്രോട്ടീന്‍ തലച്ചോറിനകത്തെ നെര്‍വ് കോശങ്ങളെ പതിയെ നശിപ്പിക്കുന്നു. ഇത് ക്രമേണ മറവിരോഗത്തിലേക്ക് എത്തിക്കും. 

ഇത്തരത്തില്‍ മറവിരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പഠനത്തിന് വേണ്ടി എടുത്ത കേസുകളില്‍ 96 ശതമാനം പേരിലും ഈ സാധ്യത കണ്ടെത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.