ഡ്രൈ ഫ്രൂട്ട്‌സിൽ പോഷകങ്ങൾ ധാരാളമുണ്ട്. പക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 

ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിൽ ഒന്നായി ഡ്രൈ ഫ്രൂട്ട്‌സിനെ കണക്കാക്കുന്നു. അതിന് നല്ല കാരണവുമുണ്ട്. ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയവയിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജസ്വലമായി നിലനിർത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

പ്രമേഹരോഗികൾ ‍ഡ്രെെ ഫ്രൂട്ട്സ് കഴിക്കുന്നതിൽ പ്രശ്നമുണ്ടോ? ഡ്രൈ ഫ്രൂട്ട്‌സിൽ പോഷകങ്ങൾ ധാരാളമുണ്ട്. പക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള പ്രധാന കാരണം പാൻക്രിയാസ് ഇൻസുലിൻ വേണ്ടത്ര ഉൽപ്പാദിപ്പിക്കാത്തതാണ്. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിന് ഇൻസുലിൻ അത്യാവശ്യമാണെന്ന് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റും ഡയറ്റീഷ്യനുമായ ഖ്യാതി രൂപാനി പറയുന്നു.

പ്രമേഹരോഗികൾക്ക് ചില ഡ്രെെ ഫ്രൂട്ട്സുകൾ അപകടകരമാകുന്നത് എന്തുകൊണ്ട്?

വെയിലിൽ ഉണക്കുകയോ പഴങ്ങളിൽ നിന്ന് വെള്ളം നീക്കം ചെയ്താണ് ഡ്രൈ ഫ്രൂട്ട്സ് നിർമ്മിക്കുന്നത്. ഈ പ്രക്രിയ പഴങ്ങൾ കേടുകൂടാതെയിരിക്കാൻ സഹായിക്കുന്നു. കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് ഡ്രൈ ഫ്രൂട്ട്സിനെ പലപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണമായി കണക്കാക്കുന്നത്. എന്നിരുന്നാലും, ഓരോ ഗ്രാം ഡ്രെെ ഫ്രൂട്ട്സുകളിലും വളരെ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കുമെന്നും ഖ്യാതി രൂപാനി പറഞ്ഞു.

ചില ഡ്രെെ ഫ്രൂട്ട്സുകൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചിക (GI) ഉണ്ട്. ഇത് ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ ഉയർത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക്, ഡ്രെെ ഫ്രൂട്ട്സുകൾ പോഷകസമൃദ്ധമാണെങ്കിലും, അവ ശ്രദ്ധയോടെയും മിതമായും കഴിക്കേണ്ടതും പ്രധാനമാണ്.

അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കിയ ചെറി, ഉണക്കിയ മാമ്പഴം എന്നിവ പ്രമേഹരോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. എന്നാൽ, ബദാം വാൾനട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിവ വലിയ കുറച്ച് അളവിൽ മാത്രം കഴിക്കുക. 

ഈ ഡ്രൈ ഫ്രൂട്ട്‌സ് ശരിയായ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രോട്ടീൻ, ഫൈബർ, ഒമേഗ-3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ ഇവ സമ്പുഷ്ടമാണ്. ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.