H1N1 കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ്, ഈ വൈറസ് ബാധ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അത്തരം ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ന്യുമോണിയ.

ദില്ലിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ദില്ലിയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. H1N1 കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ്, ഈ വൈറസ് ബാധ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അത്തരം ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ന്യുമോണിയ. ഇത് ശ്വാസകോശത്തിന് ക്ഷതമേൽപ്പിക്കാനും ആശുപത്രിവാസം വേണ്ടിവരുന്ന തരത്തിലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാനും കാരണമായേക്കാം.

ശ്വാസംമുട്ടൽ, മാറാത്തതോ കൂടിക്കൂടി വരുന്നതോ ആയ പനി, മൂർച്ഛിക്കുന്ന ചുമ, നെഞ്ചുവേദന, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, അമിതമായ ക്ഷീണം അല്ലെങ്കിൽ തളർച്ച, ഓക്സിജൻ അളവ് കുറയുക, ചുണ്ടുകളിലോ വിരൽത്തുമ്പുകളിലോ നീലനിറം പടരുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്. ഈ ലക്ഷണങ്ങളെ ഗൗരവമായി കാണേണ്ടതും, വൈറസ് ബാധയ്ക്കു ശേഷമുള്ള ഈ ആരോഗ്യപ്രശ്നം വഷളാകുന്നത് തടയാൻ കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.

H1N1 ശ്വസനവ്യവസ്ഥയെ ദുർബലപ്പെടുത്തുകയും വൈറൽ ന്യൂമോണിയ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രാരംഭഘട്ടത്തിലെ ഫ്ലൂ ബാധയ്ക്ക് ശേഷം ശ്വാസകോശത്തിൽ നേരിട്ട് ബാക്ടീരിയൽ അണുബാധയുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. H1N1-ന് ശേഷമുണ്ടാകുന്ന ന്യൂമോണിയ ആശങ്കാജനകമാണ്. കാരണം ഇത് ആശുപത്രിവാസം, ഗുരുതരമായ സാഹചര്യങ്ങളിൽ മരണം എന്നിവയിലേക്ക് വരെ നയിച്ചേക്കാം.

H1N1 വൈറസ് ബാധ ശ്വാസനാളത്തിന് കേടുപാടുകൾ വരുത്തുകയും ശ്വാസകോശത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ശ്വാസകോശ കലകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും, അതുവഴി രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കുകയും ചെയ്യുന്നു.

പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിൽ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ ഇൻഫ്ലുവൻസ മരണകാരണമായേക്കാമെന്ന് ദില്ലി എയിംസിലെ (AIIMS) മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. അനിമേഷ് എ. റേ പറയുന്നു.