ക്യാൻസർ അതിന്റെ തുടക്കത്തിൽ ശരീരത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്തതിനാൽ പ്രകടമായ ലക്ഷണങ്ങൾ കാണിച്ചെന്ന് വരില്ല. പകരം വളരെ നിസ്സാരമെന്ന് തോന്നുന്ന ചില സിഗ്നലുകളാണ് ശരീരം പ്രകടിപ്പിക്കുക.
ക്യാൻസർ ചികിത്സാരംഗത്ത് കാലത്തിനനുസരിച്ച് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഈ രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുക എന്നത് ഇപ്പോഴും ഏറ്റവും നിർണായകമായ കാര്യമാണ്. ക്യാൻസർ അതിന്റെ തുടക്കത്തിൽ ശരീരത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്തതിനാൽ പ്രകടമായ ലക്ഷണങ്ങൾ കാണിച്ചെന്ന് വരില്ല. പകരം വളരെ നിസ്സാരമെന്ന് തോന്നുന്ന ചില സിഗ്നലുകളാണ് ശരീരം പ്രകടിപ്പിക്കുക. ഇവ പലപ്പോഴും അമിത ജോലി ഭാരം, വാർദ്ധക്യം അല്ലെങ്കിൽ മാനസിക സമ്മർദ്ദം മൂലമാണെന്ന് കരുതി ആളുകൾ തള്ളിക്കളയാറാണ് പതിവ്. അത്തരത്തിൽ നമ്മൾ അവഗണിക്കാൻ സാധ്യതയുള്ള ചില പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. പെട്ടെന്ന് ശരീരഭാരം കുറയുക
ശരീരഭാരം കുറയുന്നത് പലപ്പോഴും കഠിനമായ ക്ഷീണം കൊണ്ടോ ജോലിഭാരം കൊണ്ടോ ആണെന്ന് നമ്മൾ കരുതാറുണ്ട്. എന്നാൽ എപ്പോഴും അങ്ങനെ ആകണമെന്നില്ല. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ യാതൊരു മാറ്റവും വരുത്താതെ പെട്ടെന്ന് നാലും അഞ്ചും കിലോഗ്രാം ശരീരഭാരം കുറയുന്നത് ഗൗരവത്തോടെ കാണേണ്ട പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ്. ആമാശയ ഗ്രന്ഥി, ശ്വാസകോശം, വയറ്, അന്നനാളം എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളുടെയും, തൈറോയ്ഡ് രോഗങ്ങളുടെയും ലക്ഷണമായി ഇത് വരാം.
2. മാറാത്ത ചുമയും ശ്വസന പ്രശ്നങ്ങളും
വായു മലിനീകരണവും കാലാവസ്ഥ വ്യതിയാനവും ഉള്ള സാഹചര്യങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണമാണ്. എന്നാൽ ജലദോഷമോ മറ്റ് ശ്വാസകോശ അണുബാധയോ മാറി നാല് ആഴ്ച കഴിഞ്ഞിട്ടും ചുമ തുടരുകയാണെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ട്. സാധാരണയായി വൈറസ് ബാധ മൂലമുള്ള ചുമ രണ്ടു മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ മാറാറുണ്ട്. എന്നാൽ ഇത് മാറാതിരിക്കുന്നത് ആസ്ത്മ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അല്ലെങ്കിൽ ശ്വാസകോശത്തെയോ തൊണ്ടയെയോ ബാധിക്കുന്ന ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമാകാനും സാധ്യതയുണ്ട്.
3. കഠിനമായ ക്ഷീണം, മലശോധനയിലെ മാറ്റങ്ങൾ, ഓർമ്മക്കുറവ്
വളരെ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഒരുമിച്ച് വരുന്നത് ശ്രദ്ധിക്കണം. വിശ്രമിച്ചാലും മാറാത്ത കഠിനമായ ക്ഷീണം ക്യാൻസറിന്റെയോ ഹൃദ്രോഗത്തിന്റെയോ തുടക്കമാകാം. മലശോധനയിലുണ്ടാകുന്ന മാറ്റങ്ങൾ, മലം അയഞ്ഞുപോവുക, അല്ലെങ്കിൽ മലത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക തുടങ്ങിയവ പലരും പൈൽസ് മൂലമോ ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടോ ആണെന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാൽ ഇത് വൻകുടലിലെ ക്യാൻസറിന്റെ ലക്ഷണമാകാം.
4. ശ്രദ്ധിക്കേണ്ടത്
ഇവ കൂടാതെ പെട്ടെന്ന് വാക്കുകൾ കിട്ടാതെ വരിക, ഓർമ്മക്കുറവ്, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ എന്നിവ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണെങ്കിൽ അതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.


